സ്കൂട്ടറില്‍ കഞ്ചാവ് വച്ച് കുടുക്കി; വൈദികന്‍റെ പ്രതികാരകഥ പിറന്നത് ഇങ്ങനെ

kannur-priest-case
SHARE

(ഒരുവര്‍ഷം മുന്‍പ് നല്‍‌കിയ പ്രകൃതിവിരുദ്ധ പീഡന പരാതിയാണ് പ്രതികാരത്തിന് വഴിമരുന്നിട്ടത്. സഭ രണ്ടുവട്ടം ഈ വൈദികനെതിരെ നടപടിയെടുത്തു)

സ്കൂട്ടറിൽ കഞ്ചാവ് വച്ച് കർഷകനെ എക്സൈസ് സംഘത്തെകൊണ്ട് പിടിപ്പിച്ചതിന് അറസ്റ്റിലായ വൈദികൻ ജെയിംസ് തെക്കേമുറിയിലിനെതിരെ നിരവധി പരാതികൾ. 2016 ഒക്ടോബറിൽ കർഷകന്റെ മകന് ‍നൽകിയ പരാതിയിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സഭ നടത്തിയ അന്വേഷണത്തിലും കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ ഇയാൾക്കെതിരെ സഭ നടപടി സ്വീകരിക്കുകയും ചെയ്തു. 

കണ്ണൂർ ഇരിട്ടി പട്ടാരം ദേവമാതാ സെമിനാരിയുടെ ഡയറക്ടറായിരുന്ന കാലയളവിൽ കത്തിമുനയിൽ വിദ്യാർഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു കേസ്. ഇയാൾക്കെതിരെ സെമിനാരിയിലെ 31 ഓളം വൈദിക വിദ്യാർഥികൾ രംഗത്തു വന്നിരുന്നു. സെമിനാരിയുടെ റെക്ടറായിരുന്ന ഫാദർ ജയിംസ് തെക്കേമുറി സാമ്പത്തിക ക്രമക്കേട് നടത്തിയതായും നേരത്തെ പരാതിയുയര്‍ന്നിരുന്നു. രണ്ട് കോടിയോളം രൂപയുടെ സാമ്പത്തിക തിരിമറി നടത്തിയതായി ഇയാള്‍ക്കെതിരെ പരാതി ഉയർന്നു. 

മകൻ പരാതി നൽകിയതിന് അച്ഛനെ കഞ്ചാവ് കേസിൽ കുടുക്കി

വൈദിക വിദ്യാർഥിയായിരുന്ന കർഷകന്റെ മകൻ, ഫാ.ജയിംസിനെതിരെ പ്രകൃതിവിരുദ്ധ പീഡന പരാതി നൽകിയതാണ് പ്രകോപനത്തിന് കാരണം. ജയിംസിന്റെ സഹോദരൻ സണ്ണി വർഗീസ്, ബന്ധു ടി.എൽ.റോയി എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 2017  മെയ് മാസത്തിലാണ് കർഷകനെ കുടക്കാൻ ശ്രമിച്ചത്. കർഷകന്റെ വീടിന് സമീപം നിർത്തിയിട്ട സ്കൂട്ടറിൽ ഒരുകിലോ 250 ഗ്രാം കഞ്ചാവാണ് പ്രതികൾ ഒളിപ്പിച്ച് വച്ചത്. എക്‌സൈസ് അധികൃതര്‍ക്ക് ലഭിച്ച ഫോണ്‍ സന്ദേശത്തെ തുടര്‍ന്നാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തില്‍ തങ്ങള്‍ നിരപരാധികളാണെന്ന് ജോസഫും കുടുംബവും വ്യക്തമാക്കിയിരുന്നു. 

സംഭവത്തില്‍ ജോസഫും നാട്ടുകാരും മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഇതേ തുടര്‍ന്ന് തളിപ്പറമ്പ് ഡിവൈഎസ്പിയെ അന്വേഷണത്തിന് നിയോഗിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സണ്ണി വര്‍ഗ്ഗീസ്, റോയി എന്നിവരാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമാകുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയെങ്കിലും ഇത് തള്ളപ്പെട്ടതോടെയാണ് ചൊവ്വാഴ്ച ഇരുവരും അറസ്റ്റിലായത്. ഹൈദരാബാദില്‍ ജോലി ചെയ്യുന്ന കന്യാസ്ര്തീയുടെ പേരിലുള്ള സിംകാര്‍ഡ് ഉപയാഗിച്ചാണ് ഇവര്‍ എക്‌സൈസിന് ഫോണ്‍ ചെയ്തതെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. ഫാ.ജയിംസും സണ്ണിയും ഗൂഡാലോചന നടത്തിയാണ് ജോസഫിനെ കഞ്ചാവ്‌കേസില്‍ കുടുക്കാന്‍ ശ്രമിച്ചത്. അറസ്റ്റിലായ സണ്ണിവര്‍ഗ്ഗീസ് പോസ്റ്റ് മാസ്റ്ററാണ്. റോയി മെഡിക്കല്‍ സ്‌റ്റോര്‍ ജിവനക്കാരനാണ്. സഭയിൽനിന്ന് സസ്പെൻഷനിൽ കഴിയുന്ന ജയിംസിനെ തളിപ്പറമ്പ് എക്സൈസ് സംഘം ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്.

കേസിന് നിമിത്തമായത് കർഷകന്റെ മകന്റെ പീഡനപരാതി 

സെമിനാരി വിദ്യാർത്ഥികളെ പലവട്ടം ഇയാൾ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുന്നതായി പരാതികൾ ഉയർന്നുവെങ്കിലും പരാതി കൊടുക്കുന്നവരെ തന്റെ സ്വാധീനം ഉപയോഗിച്ച് ഇയാൾ വരുതിയിലാക്കുകയായിരുന്നു. നിർധനരായ പല വിദ്യാർഥികളുടെയും പഠനചെലവ് ഇയാളാണ് വഹിച്ചിരുന്നതെന്നും പല വിദ്യാർഥികളെ പരാതി നൽകുന്നതിൽ നിന്നും പിൻവലിച്ചിരുന്നു. തന്നെ 60 ഓളം തവണ ഫാ.ജെയിംസ് പീഡിപ്പിച്ചിരുന്നതായി ഒരു ബാലൻ പൊലീസിൽ മൊഴി നൽകിയിരുന്നു.

പല ദിവസങ്ങളിലും വൈദിക വിദ്യാര്‍ഥികള്‍ കിടക്കാനായി മുറിയിലെത്തുമ്പോള്‍ വൈദികനെ അവിടെ കാത്തിരിക്കുന്ന നിലയില്‍ കാണാറുണ്ടായിരുന്നെന്ന് പരാതിയിലുണ്ട്. പരാതി നൽകിയ ബാലന് റാഞ്ചിയിലെ മേജര്‍ സെമിനാരിയിലേക്ക് പോകേണ്ടി വന്ന സാഹചര്യത്തിലും  ഈ യാത്രയില്‍ ബാലനെ അനുഗമിച്ച വൈദികന്‍ ട്രെയിനില്‍ വച്ചുപോലും പീഡനം നടത്തിയതായും ബാലൻ ആരോപിച്ചിരുന്നു.  ഇതിനിടെ 2015ലെ ക്രിസ്മസ് അവധിക്ക് നാട്ടിലേക്ക് വന്ന ബാലനെ കണ്ണൂർ സെമിനാരിയിൽ വച്ച് വീണ്ടും പീഡിപ്പിക്കാന്‍ ‍ശ്രമിച്ചതിനെ തുടർന്ന് ബാലൻ പീഡനം ചെറുക്കുകയും മറ്റു ചിലരുടെ സഹായത്തോടെ വൈദികനെതിരെ സഭാ കോടതിയില്‍ പരാതി കൊടുക്കുകയായിരുന്നു. പരാതിയോടൊപ്പം നല്‍കിയ ഫോണ്‍ സംഭാഷണങ്ങളടക്കമുള്ള തെളിവുകള്‍ പരിശോധിച്ച് വൈദികന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സഭാകോടതി ഇയാളെ റെക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.

ഈ സംഭവത്തോടെ പുരോഹിത സ്ഥാനത്ത് നിന്നും സഭ ജയിംസിനെ നീക്കിയേക്കാമെന്ന സാഹചര്യമുണ്ടായി. ഇത് ജയിംസിന് ബാലനോടുള്ള വൈരാഗ്യം വര്‍ധിക്കുന്നതിന് കാരണമായി. തന്റെ വൈദിക പട്ടം നഷ്ടമായാല്‍ ബാലനേയും കുടുംബത്തേയും ലോകത്തുനിന്നും ഇല്ലാതാക്കുമെന്ന് ഇയാള്‍ ഭീഷണി മുഴക്കിരുന്നതായും ആരോപണമുണ്ടായി. ഈ സമയം ക്രിസ്മസ് അവധി കഴിഞ്ഞ് ബാലന്‍ റാഞ്ചിയിലേക്ക് തിരിച്ചുപോയിരുന്നു. പിന്നീട് പല മോഹനവാഗ്ദാനങ്ങളും നല്‍കി ബാലനെക്കൊണ്ട് പരാതി പിന്‍വലിപ്പിക്കാനായി ശ്രമം. തന്റെ അസിസ്റ്റന്റ് ചെയ്ത സാമ്പത്തിക ക്രമക്കേടുകള്‍ താന്‍ കണ്ടെത്തി ചോദ്യം ചെയ്തതിന് പ്രതികാരം തീര്‍ക്കാന്‍ വിദ്യാര്‍ഥികളെ കൂട്ടി തനിക്കെതിരെ കള്ളപ്പരാതി കൊടുത്തതാണെന്ന് ഇയാള്‍ പ്രചരിപ്പിച്ചിരുന്നു. വൈദികവിദ്യാർത്ഥിയുടെ ചെകിട്ടത്തടിച്ച് പരാതി പിൻവലിക്കാൻ ഇയാൾ നിർബന്ധിച്ചതായും കഠാര കാട്ടി ഭീക്ഷണിപ്പെടുത്തിയതായും പീഡനത്തിനിരയായ ബാലൻ ആരോപിച്ചിരുന്നു.

MORE IN Kuttapathram
SHOW MORE