ചാലക്കുടി ദേശീയപാത ‘അപകട’ കവർച്ച; ദൃശ്യങ്ങൾ പുറത്ത്

chalakkudy-theft-cctv
SHARE

ചാലക്കുടി പോട്ട ദേശീയപാതയില്‍ വാഹനാപകടമുണ്ടാക്കി സ്വര്‍ണ കവര്‍ച്ച നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. സ്വര്‍ണവുമായി പോയ കാറിനെ മറികടന്ന കവര്‍ച്ചാ സംഘത്തിന്റെ ഇന്നോവ കാര്‍ റോഡില്‍ കുറുകെ നിര്‍ത്തുന്നതാണ് ദൃശ്യങ്ങളില്‍.

വിദേശത്തു നിന്ന് നെടുമ്പാശേരി വഴി കടത്തിയ കള്ളക്കടത്ത് സ്വര്‍ണവുമായി കോഴിക്കോട് കൊടുവള്ളിയിലേക്ക് പോയ കാറാണ് കവര്‍ച്ചാ സംഘം നടുറോഡില്‍ തടഞ്ഞത്. ഇന്നോവ കാറിലെത്തിയ കവര്‍ച്ചാസംഘം പെട്ടെന്നു റോഡിനു കുറുകെ വാഹനം നിര്‍ത്തി തടയുകയായിരുന്നു. ദേശീയപാതയിലെ സിസിടിവി കാമറയിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്. പക്ഷേ, കവര്‍ച്ചാ സംഘത്തിന്റെ മുഖം വ്യക്തമല്ല.കവര്‍ച്ച നടക്കുന്നത് കൊച്ചിയില്‍ നിന്ന് തൃശൂരിലേക്കുള്ള ദേശീയപാത റോഡിലാണ്. കാമറയാകട്ടെ തിരിച്ചുള്ള റൂട്ടിലും. അപകടം കണ്ട് മറ്റു വാഹനങ്ങളിലെ യാത്രക്കാര്‍ എത്തുമ്പോഴേക്കും ഇന്നോവ കാറും, സ്വര്‍ണ കയറ്റിയ കാറും ഓടിച്ചു പോകുന്നുണ്ട്. 

കവര്‍ച്ചാ സംഘത്തെ സഹായിക്കാന്‍ കൂടുതല്‍ പേര്‍ മറ്റു വാഹനങ്ങളില്‍ അനുഗമിച്ചിരുന്നോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. കൊച്ചിയിലെ ക്രിമിനല്‍ സംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടരുന്നത്. സ്വര്‍ണ പിടിച്ചുപറി കേസുകളില്‍ ജാമ്യത്തിലിറങ്ങിയ കുറ്റവാളികളുടെ പട്ടികയും ഇവരുടെ ടവര്‍ ലൊക്കേഷനും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതികളെക്കുറിച്ച് സൂചനയുണ്ടെങ്കിലും കൃത്യമായ തെളിവുകള്‍ സ്വരൂപിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ശനിയാഴ്ച രാവിലെ ആറരയോടെയായിരുന്നു ചാലക്കുടി പോട്ട ദേശീയപാതയില്‍ സ്വര്‍ണ കവര്‍ച്ച അരങ്ങേറിയത്. 

MORE IN Kuttapathram
SHOW MORE