തഹസില്‍ദാരെ വാഹനമിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചവരെ തിരിച്ചറിഞ്ഞു

thahasildar-attack
SHARE

കോഴിക്കോട് താമരശേരി തഹസില്‍ദാര്‍ മുഹമ്മദ് റഫീഖിനെ വാഹനമിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചവരെ തിരിച്ചറിഞ്ഞു. മണല്‍കടത്ത് സംഘത്തിലെ കണ്ണികളും താമരശേരി സ്വദേശികളുമായ രണ്ട് യുവാക്കള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. ഒളിവിലായ ഇവരെ പിടികൂടാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമെന്ന് താമരശേരി ഡി.വൈ.എസ്.പി അറിയിച്ചു. 

പുഴയില്‍ നിന്ന് മണല്‍വാരി ശേഖരിച്ച് രാത്രിയില്‍ കടത്തുന്നതാണ് സംഘത്തിന്റെ രീതി. മട്ടിക്കുന്നില്‍ നിന്ന് ശേഖരിക്കുന്ന മണല്‍ താമരശേരിയിലും കൊടുവള്ളിയിലുമാണ് വിതരണം ചെയ്തിരുന്നത്. മണല്‍വാരുന്നതിനും സുരക്ഷിത സ്ഥലത്ത് സൂക്ഷിക്കുന്നതിനും ആവശ്യക്കാര്‍ക്ക് എത്തിക്കുന്നതിനും പ്രത്യേക സംഘമുണ്ട്. യഥാര്‍ഥ ഉടമയല്ല നിലവില്‍ ടിപ്പര്‍ ൈകവശം വച്ചിരിക്കുന്നത്. ചെറുവഴികളിലൂടെ രാത്രികാലങ്ങളില്‍ മണല്‍കടത്തുന്നത് റവന്യൂസംഘം പതിവായി തടഞ്ഞതാണ് പ്രധാന വഴിയിലൂടെ തന്നെ കടത്തുകാരെ വാഹനമോടിക്കാന്‍ പ്രേരിപ്പിച്ചത്. 

ടിപ്പറെത്തുന്ന വിവരമറിഞ്ഞ് തഹസില്‍ദാരും ഉദ്യോഗസ്ഥരും വാഹനം പിടികൂടാന്‍ കാത്തുനില്‍ക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. കൈകാണിച്ചെങ്കിലും ടിപ്പര്‍ മുന്നോട്ടെടുത്ത ശേഷം ഡ്രൈവറും സഹായിയും ഓടിരക്ഷപ്പെടുകയായിരുന്നു. ജീപ്പ് പിന്നിലേക്ക് എടുത്തതിനാലാണ് അപകടം ഒഴിവായത്. ടിപ്പര്‍ ഓടിച്ചിരുന്ന ആളുടെയും സഹായിയുടെയും വീട്ടില്‍ പൊലീസെത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. തഹസില്‍ദാരെ അപായപ്പെടുത്താന്‍ ശ്രമിച്ചവരെ വേഗത്തില്‍ പിടികൂടണമെന്ന് ജില്ലാ കലക്ടര്‍ പൊലീസ് മേധാവിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. 

MORE IN Kuttapathram
SHOW MORE