പോക്കറ്റടിച്ചു പിടിച്ചപ്പോൾ 'ആക്ഷൻ ഹീറോ ബിജു' കളിച്ച് രക്ഷപ്പെടൽ; മദ്യം വാങ്ങാൻ നിന്നപ്പോൾ പിടിയിൽ

saji-baby
SHARE

ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലെ ചീട്ടുകളി സംഘത്തെ പിടികൂടുന്ന രംഗം ഓർമ്മയില്ലേ.ഈ രംഗത്തിന് സമാനമായ ഒരു സംഭവം നടന്നു കോട്ടയം കറുകച്ചാലിൽ. പോക്കറ്റടി പിടിക്കപ്പെടുമെന്നായപ്പോൾ നാടകം കളിച്ച സംഘത്തെ മദ്യവിൽപ്പനശാലയിൽ നിന്നാണ് പൊലീസ് പൊക്കിയത്.  

 സംസ്ഥാനത്തെ ഒട്ടേറെ പോക്കറ്റടി കേസുകളിൽ പ്രതികളായ പത്തനാപുരം കരിക്കത്തിൽ പുത്തൻവീട്ടിൽ സജി (46), പത്തനാപുരം കടയ്ക്കാമൺ പ്ലോട്ട് നമ്പർ 74ൽ ബേബി ഏലിയാസ് (മൊട്ട ബേബി–54) എന്നിവരാണ് രക്ഷപ്പെട്ടെന്നുറപ്പിച്ച് മിനുങ്ങാൻ പോയപ്പോൾ പൊലീസിന്റെ പിടിയിലായത്.

കറുകച്ചാൽ ബസ് സ്റ്റാൻഡിൽ തിരക്കുള്ള ബസുകൾ കേന്ദ്രീകരിച്ചായിരുന്നു ഇവർ മോഷണവും പോക്കറ്റടിയും നടത്തിവന്നത്. ഇന്നലെ രാവിലെ 11.30ന് പാമ്പാടിയിലേക്ക് പോകുന്നതിനായി ബസിൽ കയറുന്നതിനിടെ പാമ്പാടി പൂതക്കുഴി കീച്ചേരിൽ ജോബിന്റെ (59) പോക്കറ്റടിക്കുകയായിരുന്നു. തിരക്കിനിടയിൽ പോക്കറ്റടി ശ്രദ്ധയിൽപെട്ട ജോബ് ബഹളം വച്ചതോടെ സജിയും ബേബിയും പെട്ടെന്ന് മാന്യന്മാരുടെ റോളിലേക്ക് മാറി. പോക്കറ്റടിക്കാരെ കണ്ടെന്നും ഓടിപ്പോയെന്നും പൊടിപ്പും തൊങ്ങവും വച്ച് തട്ടിവിട്ടു. പോക്കറ്റടിക്കാരെ തപ്പിയെടുക്കാനെന്ന മട്ടിൽ മിന്നൽ വേഗത്തിൽ മുങ്ങുകയും ചെയ്തു. . നടന്നതെന്തെന്ന് ജോബ് മറ്റ് യാത്രക്കാരോട് പറയുമ്പോഴേക്കും ഇരുവരും സ്റ്റാൻഡ് വിട്ടിരുന്നു.

പൊലീസ് എത്തി ജോബിനോട് വിവരങ്ങൾ ചോദിച്ചറിഞ്ഞ് നടത്തിയ തിരച്ചിലിനൊടുവിൽ ബവ്റിജസ് കോർപറേഷന്റെ മദ്യവിൽപനശാലയിൽ ശാന്തരായി ക്യൂ നിൽക്കുന്ന നിലയിൽ ഇരുവരെയും കണ്ടെത്തുകയായിരുന്നു. ജോബിന്റെ പഴ്‌സും ഇവരുടെ പക്കൽ നിന്നു കണ്ടെത്തി. ബസ് നിർത്തുന്ന സമയത്തെ യാത്രക്കാരുടെ തിരക്ക് മുതലെടുത്ത് പ്രായമായവരെ കേന്ദ്രീകരിച്ചാണ് ഇരുവരും മോഷണം നടത്തിയിരുന്നത്. പോക്കറ്റടിച്ച ശേഷം ബസിൽ രക്ഷപ്പെടുകയാണ് പതിവ്. ഇരുവരും സംസ്ഥാനത്തെ നിരവധി പോക്കറ്റടി കേസുകളിലെ പ്രതികളാണെന്ന് കറുകച്ചാൽ പൊലീസ് അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

MORE IN Kuttapathram
SHOW MORE