മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍; മൊഴികളിൽ ദുരൂഹത

angasmali-murder
SHARE

അങ്കമാലിയിൽ മൂന്നു മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. നാടോടി ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹമാണ് അങ്കമാലി സിഐ ഓഫീസിന്റെ സമീപത്തുള്ള പറമ്പിൽ കുഴിച്ച് മൂടിയ നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്റെ മാതാപിതാക്കള്‍ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. ആലുവ ആര്‍ഡിഒ സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി. 

അങ്കമാലി സി.ഐ ഓഫീസിന്റെ വിളിപ്പാടകലെ നടന്ന ദാരുണമായ സംഭവം പൊലീസിനെ പോലും ഞെട്ടിച്ചിരിക്കുകയാണ്. ഉച്ചയോടെ അങ്കമാലി സ്റ്റേഷനിലെത്തി കുഞ്ഞിന്റെ അമ്മയാണ് മരണവിവരം പൊലീസിനെ അറിയിക്കുന്നത്. ഇന്നലെ രാത്രി പിതാവ് മണികണ്ഠന്‍ കുഞ്ഞിനെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടിയെന്നാണ് അമ്മ പൊലീസിന് മൊഴി നല്‍കിയത്. ഉടൻ തന്നെ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും ഇക്കാര്യം ഇയാള്‍ നിഷേധിച്ചു.

കുഞ്ഞ് പാൽ കുടിക്കുന്നതിനിടെ ശ്വാസം മുട്ടി മരിച്ചെന്നാണ് ഇയാളുടെ മൊഴി. സംഭവം അറിഞ്ഞ് ആലുവ റൂറൽ എസ്പി രാഹുൽ ആർ.നായരുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥരെത്തി ഇരുവരെയും വിശദമായി ചോദ്യംചെയ്തു. മദ്യലഹരിയിലായിരുന്ന ഇരുവരും പരസ്പര വിരുദ്ധമായാണ് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതികരിച്ചത്. അതിനാല്‍ തന്നെ കൊലപാതകമാണെന്ന കാര്യം ഉറപ്പിക്കാനാവില്ലെന്ന് ആലുവ റൂറൽ എസ്പി രാഹുൽ ആർ.നായർ പറഞ്ഞു.

പിതാവ് കൊലപ്പെടുത്തിയതാണെന്ന് ആദ്യം മൊഴി നല്‍കിയ അമ്മ, പാല്‍ കുടിക്കുന്നതിനിടെ ശ്വാസംമുട്ടി മരിച്ചതാണെന്ന് പിന്നീട് തിരുത്തി. ഇതാണ് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കുന്നത്. ഇതിന് മുന്‍പ് പലതവണ മണികണ്ഠന്‍ കുഞ്ഞിനെ മര്‍ദിച്ചിരുന്നതായി അമ്മ പൊലീസിനോട് പറഞ്ഞിരുന്നു. തമിഴ്നാട് സ്വദേശികളായ ഇവര്‍ ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് അങ്കമാലിയിലെത്തിയത്. 

MORE IN Kuttapathram
SHOW MORE