പ്രതി തൊട്ടരികെ; എന്നാലും ‘തൊടാനാകുന്നില്ല..!’ പൊലീസില്‍ വരാപ്പുഴ ‘ഇഫക്ട്’..?

police-sinoj
SHARE

പൗരൻമാരുടെ അവകാശത്തിൻമേൽ ചില പൊലീസുകാർ കുതിര കയറി സേനയ്ക്ക് തന്നെ നാണക്കേടുണ്ടാക്കുന്നുവെന്നായിരുന്നു വരാപ്പുഴ സംഭവത്തിന് ശേഷം മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാൽ നാണക്കേട് മാത്രമല്ല വീര്യവും കെടുത്തിയെന്നാണ് സേനാംഗങ്ങൾ തന്നെ അടക്കം പറയുന്നത്. അനാട്ടമി പഠിക്കാതെ കസ്റ്റഡിയിലെടുത്തയാളെ കൈകാര്യം ചെയ്ത് കൊലയാളികളായി മാറിയ സഹപ്രവർത്തകരുടെ അനുഭവം എല്ലാവരെയും തളർത്തി.

പ്രതിയാണെന്ന് നൂറ് ശതമാനം ഉറപ്പായിട്ടും കുറ്റം സമ്മതിക്കാൻ വിസമതിക്കുന്നവരെ ഒന്ന് പേടിപ്പിക്കാന്‍ പോലും ആർക്കും ധൈര്യമില്ല. 

kerala-police

നിയമം പാലിക്കേണ്ടവർ തന്നെ അഴിക്കുള്ളിലാകുന്ന യാഥാർഥ്യം മനസിൽ തെളിയുന്നതോടെ കൈയും വിറയ്ക്കും. ഫലമോ പെറ്റിക്കേസ് പ്രതിമുതൽ കൊലക്കേസ് പ്രതികൾവരെ പൊലീസിന്റെ മുൻപിൽ വിലസും. പെറ്റികേസുകൾവരെ ശാസ്ത്രീയമായി തെളിയിക്കണമെങ്കിൽ കേരള പൊലീസ് ഇനിയും വളരാനുണ്ട്. ബ്രെയിൻ മാപ്പിങ്ങും നാർക്കോ അനാലിസിസും നടത്തണമെങ്കിൽ പ്രതിയുടെ സമ്മതവും വേണം. ജില്ലാ ആസ്ഥനങ്ങളിൽ ആധുനിക ചോദ്യം ചെയ്യൽ മുറികളുണ്ടെങ്കിലും ആധുനിക ക്രിമിനലുകൾക്ക് അതൊന്നും പുത്തിരിയല്ല. 

വിഷുദിനത്തിലെ മോഷണം; പ്രതിയെ അറിയാം, പക്ഷേ പിടിക്കാനാവുന്നില്ല

കണ്ണൂരിലെ നാല് വീടുകളിൽ വിഷു ദിനത്തിൽ മോഷണം നടന്നു. നാലാമത്തെ വീട്ടിൽ മോഷ്ടാവ് കയറിയ ഉടനെ വീട്ടുകാർ ഉണർന്നു. ഭയന്ന് പുറത്തേക്കോടിയ മോഷ്ടാവ് പുറത്ത് തൂക്കിയിട്ടിരുന്ന പക്ഷിക്കൂട്ടിൽ ശക്തമായി ഇടിച്ചു. ദൃസാക്ഷിമൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിയെ പൊലീസ് പൊക്കി. പലക്കേസുകളിലും പ്രതിയായിരുന്നു ടിയാൻ.

sreejith-deepak-2

ഷർട്ടിന്റെ ബട്ടൻസ് ഊരി നോക്കിയപ്പോൾ പ്രതി ഇയാൾ തന്നെയെന്ന് പൊലീസ് നൂറ് ശതമാനം ഉറപ്പിച്ചു. കാരണം ഇരുമ്പിൽ നിർമിച്ച പക്ഷിക്കൂട് നെഞ്ചിൽ ശക്തമായി ഇടിച്ചതിന്റെ മുറിവുകളുണ്ട്. ടിയാനെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. പക്ഷിക്കൂട് തൂങ്ങിക്കിടക്കുന്നത് ടിയാന്റെ നെഞ്ചിനൊപ്പമാണ്. തെളിവുകളെല്ലാം പ്രതികൂലമാണെന്ന് കണ്ടതോടെ സ്ഥിരം ക്രിമിനലായ ടിയാൻ തന്റെ പൂച്ച സ്നേഹം വെളിപ്പെടുത്തി. വീട്ടിലെ പൊന്നോമ്മനയായ പൂച്ചയെ തോളത്തിട്ട് ലാളിച്ചപ്പോൾ നെഞ്ചത്ത് മാന്തിയെന്ന് പൊലീസുകാരെ ബോധ്യപ്പെടുത്തി. ഒന്ന് കൈകാര്യം ചെയ്താല്‍ പൂച്ച സ്നേഹം പക്ഷിക്കൂട്ടിലേക്ക് മാറുമെന്ന് അന്വേഷണ സംഘത്തിന് അറിയാമായിരുന്നെങ്കിലും വരാപ്പുഴ ടിയാന്റെ മുഖത്ത് തെളി‍ഞ്ഞു. ചെറിയ മോഷണക്കേസിന് ശാസ്ത്രീയ തെളിവ് തേടി പൊലീസ് നടക്കുമ്പോൾ ഇവരുടെ മുൻപിലൂടെയാണ് പ്രതി നാട്ടിൽ വിലസുന്നത്.

കടയിലെ മോഷണം; സാക്ഷിയുണ്ട്, പൊലീസ് നായയും തിരിച്ചറിഞ്ഞു. പക്ഷേ പ്രതി കൂസലില്ലാതെ നടക്കുന്നു

മുഖ്യമന്ത്രിയുടെ നാട്ടിലെ ഒരു ഗ്രാമത്തിലുള്ള കടയിൽനിന്ന് അമ്പതിനായിരത്തോളം രൂപ നഷ്ട്ടപ്പെടുന്നു. പരാതി പൊലീസ് സ്റ്റേഷനിലെത്തി. അന്വേഷണവുമായി  കടയുടെ സമീപത്തെ വീടുകളില്‍ പൊലീസെത്തി. മോഷണ സംഭവം ആദ്യ അവസാനം വീടിന്റെ മകളിലിരുന്ന് കണ്ട വീട്ടമ്മ പ്രതിയെക്കുറിച്ച് പൊലീസിന് വിവരം കൈമാറി. കടയുടമ ഷട്ടർ താഴ്ത്തി പുറത്തേക്ക് പോയ ഉടനെ പ്രതിയെത്തി ഷട്ടർ തുറന്ന് അകത്ത് കയറി കവറിലുണ്ടായിരുന്ന പണം മോഷ്ട്ടിച്ച് കടന്നുകളഞ്ഞു. 

പ്രതിയെ പിടികൂടി വീട്ടമ്മയുടെ മുൻപിലെത്തിച്ചു. ഈയാൾ തന്നെയാണ് മോഷ്ട്ടിച്ചതെന്ന് വീട്ടമ്മ നൂറ് ശതമാനം ഉറപ്പിച്ച് പറഞ്ഞു. എന്നാൽ പ്രതി എല്ലാം നിഷേധിച്ചു. അവസാനം പൊലീസ് നായയെത്തി. കടയുടെ അകത്ത് പണം സൂക്ഷിച്ച കവറിൽ നിന്ന് മണം പിടിച്ച് ഓടി ആൾകൂട്ടത്തിൽ നിറുത്തിയ പ്രതിയുടെ ദേഹത്ത് നായ ചാടിക്കയറി. എന്നിട്ടും ടിയാൻ കുറ്റം സമ്മതിച്ചില്ല.

sreejith-murder

വീണ്ടും പ്രതിയെ മണംപിടിച്ച നായ തിരികെവന്ന് നിരവധി കവറുകൾക്കിടയിൽനിന്ന് പണം സൂക്ഷിച്ചിരുന്ന കവർ കടിച്ചെടുത്തു. അപ്പോഴും ടിയാൻ കൂസലില്ലാതെ നിന്നു. ഇത്രയൊക്കെ തെളിവുകൾ ലഭിച്ചിട്ടും പ്രതി കുറ്റം സമ്മതിക്കാത്തതിനാൽ അറസ്റ്റ് വൈകുന്നു.

വരാപ്പുഴയ്ക്ക് ശേഷം ഒരോ പൊലീസ് സ്റ്റേഷനും ഇതുപോലെ പറയാൻ ധാരാളം അനുഭവങ്ങളുണ്ട്. പ്രതിയെ കസ്റ്റഡിയിലെടുത്താൽ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിന് പകരം നേരെ ആശുപത്രിയിലെത്തിച്ച് മെഡിക്കൽ പരിശോധന നടത്താനാണ് പൊലീസുകാർ ഇപ്പോൾ ധൃതി കാണിക്കുന്നത്. ഇതിന് പുറമെ പൊതുജനം പൊലീസ് സേനയോട് ബഹുമാനത്തോടെ കാണിക്കുന്ന ഭയം ഇല്ലാതായെന്നും ചില സേനാംഗങ്ങൾക്ക് പരിഭവമുണ്ട്.  

MORE IN Kuttapathram
SHOW MORE