കാമദാഹത്തിനായി കുരുതി: ആറ്റിങ്ങൽ ഇരട്ടക്കൊലയും പിണറായി കൂട്ടക്കൊലയും സാമ്യതകൾ ഏറെ

soumya-anushanthi
SHARE

വഴിവിട്ട ബന്ധത്തിനായി പോറ്റി വളർത്തിയ മാതാപിതാക്കളെയും നൊന്തു പ്രസവിച്ച മക്കളെയും വിഷം കൊടുത്തു കൊല്ലുക. കേരള മനസാക്ഷിയെ തന്നെ ഞെട്ടിച്ച കൊലപാതകം അരങ്ങേറിയത് പിണറായിയിൽ. പതിനൊന്നു മണിക്കൂറിനൊടുവിലെ ചോദ്യം ചെയ്യലിനൊടുവിലായിരുന്നു പ്രതി സൗമ്യയുടെ കുറ്റസമ്മതം. എലിവിഷം നൽകിയാണ് സൗമ്യ മാതാപിതാക്കളെയും മകളെയും കൊന്നത്.  മകള്‍ക്ക് ചോറിലും  അച്ഛന് രസത്തിലും അമ്മയ്ക്ക് മീന്‍കറിയിലും വിഷംനല്‍കി.ഇളയമകള്‍ കീര്‍ത്തനയുടേത് സ്വാഭാവികമരണമെന്നും മൊഴിയിലുണ്ട്. 

വഴിവിട്ട ബന്ധം തുടരാൻ സൗമ്യ തിരഞ്ഞെടുത്ത് സ്വന്തം കുടുംബത്തെ തന്നെ ഉൻമൂലനം ചെയ്യുകയെന്നതായിരുന്നു. കേരള മനസാക്ഷിയെ തന്നെ ഞെട്ടിക്കുന്ന ദാരുണ രംഗങ്ങളാണ് പിണറായിയിൽ അരങ്ങേറിയത്. സ്വന്തം കുഞ്ഞിനെയും പോറ്റി വളർത്തിയ കുഞ്ഞുങ്ങളെയും എലിവിഷം നൽകി സൗമ്യ കൊലപ്പെടുത്തിയെന്നുളളത് പിണറായി നിവാസികൾക്ക് ഇത് വരെയും അംഗീകരിക്കാൻ സാധിക്കാത്ത യഥാർത്ഥ്യമാണ്. വഴിവിട്ട ബന്ധം നിലനിറുത്തുന്നതിനും മറ്റുളളവർ അറിയാതിരിക്കുന്നതിനും വേണ്ടിയാണ് കൊലപാതകമെന്നാണ് മൊഴി. 

പിണറായി കൊലപാതകം ആറ്റിങ്ങൽ കൊലപാതകവും തമ്മിൽ പല കാര്യങ്ങളിലും സാമ്യതകൾ ഏറെയാണ്. പിഞ്ചു കുരുന്നിനെ ദണ്ഡുകൊണ്ടടിച്ച് തലച്ചോര്‍ ചിന്നിച്ചിതറിച്ച മൃഗീയതയ്ക്കുപിന്നില്‍ കാമദാഹം തീര്‍ക്കലായിരുന്നു. സഹപ്രവർത്തകൻ നിനോ മാത്യുവിനൊപ്പം ജീവിക്കാൻ വേണ്ടി അനുശാന്തിയെന്ന അമ്മ സ്വന്തം കുഞ്ഞിന്റെ കുരുന്നു തലച്ചോർ അടിച്ചു പൊളിക്കാൻ കാമുകന് മൗനാനുവാദം നൽകുകയായിരുന്നു. 

ആറ്റിങ്ങല്‍  ആലംകോട് മണ്ണൂര്‍ഭാഗം തുഷാരത്തില്‍ റിട്ട.സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ജീവനക്കാരനായ തങ്കപ്പന്‍ ചെട്ടിയാരുടെ ഭാര്യ ഓമന (67),പേരക്കുട്ടി സ്വസ്തിക (4) എന്നിവരാണ് കുപ്രസിദ്ധമായ ആറ്റിങ്ങല്‍ ഇരട്ടകൊലപാതകത്തിലെ ഇരകള്‍.ഓമനയുടെ മകനും സ്വസ്തികയുടെ അച്ഛനുമായ ലിജീഷാണ് കൊലപാതകത്തിനിടെ ഗുരുതരമായി പരിക്കേറ്റ മറ്റൊരാൾ. 

കാമുകിയുടെ കുഞ്ഞിനെയും ഭർത്തൃമാതാവിനെയും അതിക്രൂരമായി കൊലപ്പെടുത്തുകയും അവരുടെ ഭർത്താവിനെ വധിക്കാൻ‌ ശ്രമിക്കുകയും ചെയ്ത ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ ഒന്നാംപ്രതി നിനോ മാത്യുവിനു (42)  കോടതി വധശിക്ഷ വിധിച്ചു. ഇയാളുടെ കാമുകിയായ രണ്ടാംപ്രതി അനുശാന്തിക്കു (33) കൊലപാതകത്തിനും ഗൂഢാലോചനയ്ക്കും ഇരട്ട ജീവപര്യന്തം ശിക്ഷയും പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി വി. ഷിർസി വിധിച്ചു. ഇരുവർക്കും 62.5 ലക്ഷം രൂപവീതം പിഴയും വിധിച്ചു. പ്രതികൾ ടെക്നോപാർക്കിലെ കമ്പനിയിൽ സഹപ്രവർത്തകരായിരുന്നു.

അറേബ്യയിലെ എല്ലാ സുഗന്ധലേപനങ്ങൾകൊണ്ടു കൈ കഴുകിയാലും ഈ കൊടുംക്രൂരതയുടെ പാപം കഴുകിക്കളയാൻ ആവില്ലെന്ന വില്യം ഷേക്സ്പിയറുടെ മക്ബത്ത് നാടകത്തിൽനിന്നുള്ള വരികൾ ഉദ്ധരിച്ച കോടതി, നിനോ മാത്യുവിനെ മരണംവരെ തൂക്കിലേറ്റണമെന്ന് ഉത്തരവിട്ടു.

പിഞ്ചുമകളെ കൊല്ലാൻ കൂട്ടുനിന്ന അനുശാന്തി മാതൃത്വത്തിനുതന്നെ അപമാന‌മാണ്. എങ്കിലും സ്ത്രീയാണെന്നതും ശാരീരിക അവശതകൾ പരിഗണിച്ചും കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്തിട്ടില്ല എന്നതിനാലും അവരെ വധശിക്ഷയിൽനിന്ന് ഒഴിവാക്കുകയാണെന്നു കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

നാലുവയസ്സുകാരിയായ സ്വാസ്തികയെ ആ കുഞ്ഞിനെക്കാൾ ഉയരമുള്ള ദണ്ഡുകൊണ്ടു തലച്ചോറു ചിതറുന്ന രീതിയിൽ മൃഗീയമായി ആക്രമിച്ചാണു നിനോ മാത്യു കൊലപ്പെടുത്തിയതെന്നു കോടതി പറഞ്ഞു. കാമദാഹ പൂർത്തീകരണത്തിനായി ഈ അരുംകൊല നടത്തിയ പ്രതിക്കു ഭൂമിയിൽ ജീവിക്കാൻ അവകാശമില്ല. ഈ നീചകൃത്യം അപൂർവങ്ങളിൽ അപൂർവമാണെന്നും കോടതി വിലയിരുത്തിയിരുന്നു.

MORE IN Kuttapathram
SHOW MORE