ആശുപത്രിയില്‍ യുവാവിനെ കുത്തിക്കൊന്ന കേസില്‍ ഭാര്യാപിതാവിനായി തിരച്ചിൽ

hospital-murder
SHARE

തിരുവനന്തപുരം നഗരത്തില്‍ യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതിയെ കണ്ടെത്തിയില്ല.  സെക്രട്ടേറിയറ്റിലെ താല്‍കാലിക ജീവനക്കാരനെ കൊന്നശേഷം ഒളിവില്‍ പോയ ഭാര്യാപിതാവിനായി അന്വേഷണം വ്യാപിപ്പിച്ചു. കുടുംബവഴക്കാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് അറിയിച്ചു.

തിരുവനന്തപുരം നേമം സ്വദേശിയും സെക്രട്ടേറിയറ്റിലെ താല്‍കാലിക ജീവനക്കാരനുമായ കൃഷ്ണകുമാറാണ് കൊല്ലപ്പെട്ടത്. കൃഷ്ണകുമാറിന്റെ ഭാര്യാ പിതാവ് സുധാകരനാണ് കൊലനടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലയ്ക്ക് ശേഷം ഒളിവില്‍ പോയ സുധാകരനെ പിടികൂടാന്‍ പൊലീസിനായിട്ടില്ല. ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെ വഞ്ചിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു കൊലപാതകം. മൂന്ന് ദിവസം മുന്‍പാണ് കൃഷ്ണകുമാറിന്റെ ഭാര്യ പ്രസവിച്ചത്. കുഞ്ഞിനെ കാണാനായി ആശുപത്രിയിലെത്തിയപ്പോളാണ് തര്‍ക്കമുണ്ടായതും കുത്തേറ്റതും. 

കൃഷ്ണകുമാറും സുധാകരനും തമ്മില്‍ ദീര്‍ഘനാളായി അഭിപ്രായവ്യത്യാസമുണ്ടായിരുന്നു.  കുഞ്ഞുണ്ടായി മൂന്ന് ദിവസമായിട്ടും കൃഷ്ണകുമാര്‍ ആശുപത്രിയിലെത്തിയിരുന്നില്ല. ഇതിനെ പറ്റി ചോദിച്ചതാണ് തര്‍ക്കത്തിന് കാരണമായതെന്നാണ് പൊലീസിന്റെ നിഗമനം. സുധാകരന്റെ ബന്ധുവീടുകളിലടക്കം പൊലീസ് അന്വേഷിച്ചു. കന്യാകുമാരി വഴി തമിഴ്നാട്ടിലേക്ക് കടന്നിരിക്കാമെന്ന് സംശയിക്കുന്നതായി വഞ്ചിയൂര്‍ പൊലീസ് അറിയിച്ചു.

MORE IN Kuttapathram
SHOW MORE