പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവിനെ രക്ഷിക്കാൻ ശ്രമം

sajimon
SHARE

പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവിനെ രക്ഷിക്കാൻ പൊലീസ് അസോസിയേഷൻ നേതാവിന്റെ ശ്രമം. ഡി.എൻ.എ പരിശോധനയ്ക്കായി രക്തമെടുക്കാൻ യഥാർഥ പ്രതിക്ക് പകരം മറ്റൊരാളെ ഹാജരാക്കിയാണ് തട്ടിപ്പിന് ശ്രമിച്ചത്. ക്രമക്കേട് നടത്തിയ പൊലീസുകാരനെതിരെ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ഐ.ജിക്ക് റിപ്പോർട്ട് നൽകും.

തിരുവല്ല ടൗൺ നോർത്ത് മുൻ ലോക്കൽ സെക്രട്ടറി സജിമോൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തുന്ന അന്വേഷണത്തിനിടെയാണ് സംഭവം. രണ്ട് കുട്ടികളുടെ അമ്മയും പ്രവാസിയുടെ ഭാര്യയുമായ സ്ത്രീ പ്രസവിച്ചതോടെ സജിമോൻ ഒളിവിൽ പോയിരുന്നു. ഹൈക്കോടതിയിൽനിന്ന് മുൻകൂർ ജാമ്യമെടുത്തശേഷം ഈ മാസം നാലാം തീയതി സജിമോൻ പൊലീസ് സ്റ്റേഷനിൽ ഹാജരായിരുന്നു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ച് ലൈംഗികശേഷി പരിശോധിച്ചു. 

തുടർന്ന് രക്തമെടുക്കാൻ മറ്റൊരാളെ ഹാജരാക്കിയെന്നാണ് സൂചന. പൊലീസ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് പി.വി.ഹരിലാലാണ് സജിമോനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സുമേഷ് എന്ന പേരിലാണ് ആശുപത്രിയിൽ നിന്ന് രക്തസാംപിൾ സീൽ ചെയ്ത് നൽകിയത്. ഹരിലാലിനോട് ചോദിച്ചെങ്കിലും ആശുപത്രി ജീവനക്കാരുടെ പിഴവാണെന്നായിരുന്നു മറുപടി. 

എന്നാൽ ഒ.പി. ടിക്കറ്റിൽ സുമേഷ് എന്ന പേര് രേഖപ്പെടുത്തിയിരുന്നതുകൊണ്ട് അതേ പേരിൽ സാംപിൾ എടുത്ത് നൽകിയെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. സുമേഷ് എന്നയാളെ കണ്ടെത്താൻ പൊലീസ് ശ്രമിച്ചെങ്കിലും സാധിച്ചില്ല. സജിമോന്റെ പേരിൽ ഒ.പി.ടിക്കറ്റ് എടുത്തിരുന്നുമില്ല. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് സി.ഐ ടി.രാജപ്പൻ പത്തനംതിട്ട എസ്.പിക്ക് കൈമാറി. എസ്.പി റിപ്പോർട്ട് ദക്ഷിണ മേഖല ഐ.ജി. മനോജ് എബ്രഹാമിന് കൈമാറും.

MORE IN kuttapathram
SHOW MORE