10 വര്‍ഷം; 12 കൊലപാതകങ്ങൾ; എല്ലാം ഒരേ പ്രതി; ഇരുട്ടിൽത്തപ്പി എഫ്ബിഐ

അമേരിക്കയിലെ കാലിഫോര്‍ണിയില്‍ പത്തുവർഷത്തിനിടെ 12 കൊലപാതകങ്ങള്‍ നടന്നതില്‍ ദുരൂഹത. എന്നാല്‍ ഒരൊറ്റ കേസില്‍ പോലും യാതൊരു തെളിവും അവശേഷിപ്പിക്കാതെയാണ് പ്രതി രക്ഷപ്പെട്ടത്. ഈ കാലയളവില്‍  45 പേര്‍ പീഡിപ്പിക്കപ്പെട്ടതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതെല്ലാം ഒരാള്‍ തന്നെ ചെയ്തതാണെന്നാണ് ഒടുവില്‍ പുറത്തുവരുന്ന സൂചനകള്‍. 30 വര്‍ഷം മുന്‍പ് നടന്ന അരുംകൊലകളും പീഡനങ്ങളും വീണ്ടും അന്വേഷിക്കുകയാണ് എഫ്.ബി.ഐ. 

1976ലാണ് കാലിഫോര്‍ണിയെ നടുക്കിയ കൊലപാതക പരമ്പരകളുടെ തുടക്കം. ജെയിന്‍ എന്ന യുവതിയും ഇവരുടെ മൂന്ന് വയസ്സുള്ള മകനും നിഷ്ഠൂരമായി കൊല ചെയ്യപ്പെട്ടു. പോസ്റ്റ് മോര്‍ട്ടത്തില്‍ ജെയിന്‍ ക്രൂരമായി പീഡിക്കപ്പെട്ടതായി കണ്ടെത്തി.  പിന്നീട് കാലിഫോര്‍ണിയ സാക്ഷിയായത് കൊലപാതക പരമ്പയ്ക്കാണ്. പത്ത് കൊല്ലത്തിനിടെ കാലിഫോര്‍ണിയയില്‍ 12 കൊലപാതകങ്ങളും 45 പീഡനങ്ങളും. പക്ഷെ കിണഞ്ഞു ശ്രമിച്ചിട്ടും പൊലീസിന് പ്രതിയെ കണ്ടെത്താനായില്ല. ഈ നിഗൂഡ കൊലയാളിയെ സുവര്‍ണ  കൊലയാളിയെന്ന് പൊലീസ് വിളിച്ചു. തിരിച്ചറിയാനായി ഒരു തെളിവും ബാക്കിവെക്കാതെയുള്ള ഈ കൊലകള്‍ ഇന്നും എഫ്ബിഐക്ക് മുന്നില്‍ ചോദ്യ  ചിഹ്നമാണ്. വടക്കന്‍ കാലിഫോര്‍ണിയയില്‍ നടന്ന ആദ്യകൊലപാതകം നടന്ന് 40 വര്‍ഷം കഴിഞ്ഞിട്ടും പൊലീസിന് യാതൊരു തുമ്പും ലഭിച്ചില്ല.

കഴിഞ്ഞ കൊല്ലം എഫ്ബിഐ കേസ് വീണ്ടും പരിഗണിക്കാന്‍ തീരുമാനിച്ചതോടെയാണ് നാലു പതിറ്റാണ്ടു മുന്‍പുള്ള അരുംകൊലകളുടെ വിവരങ്ങള്‍ പുറത്തുവരുന്നത്. 2001ല്‍ നടന്ന ഒരു കൊലക്കേസുമായി ബന്ധപ്പെട്ട് നടത്തിയ ഡിഎന്‍എ പരിശോധനയില്‍ 40 വര്‍ഷം മുന്‍പ് കൊല ചെയ്യപ്പെട്ടപ്പോള്‍ സംഭവ സ്ഥലത്തു നിന്ന് ലഭിച്ച ഡിഎന്‍എയുമായി സാമ്യമുണ്ടെന്ന് തെളിഞ്ഞു. അതോടെയാണ് പഴയ കേസുകള്‍ വീണ്ടും പൊലീസിന്റെ അന്വേഷണ പരിധിയില്‍ വന്നത്. അങ്ങനെ പീഡനത്തിനിരയായവരെ ചോദ്യം ചെയ്തു. 

പക്ഷെ ആര്‍ക്കും പ്രതിയുടെ രൂപഘടനയെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ നല്‍കാന്‍ കഴിഞ്ഞില്ല. പക്ഷെ ആറടി ഉയരമുള്ള വെളുത്ത നിറമുള്ള മനുഷ്യനാണെന്ന് വ്യക്തമായി. ഇയാള്‍ ഇപ്പോഴും ജീവനോടെയുണ്ടെന്നാണ്  അന്വേഷണ ഉദ്യോഗസ്ഥര്‍  വിശ്വസിക്കുന്നത്. അങ്ങനെയെങ്കില്‍ 75 വയസ്സ് പ്രായമുണ്ടാകുമെന്നും പൊലീസ് പറയുന്നു. പക്ഷെ  ചില സ്കെച്ചുകള്‍ക്കപ്പുറം പ്രതിയിലേയ്ക്കെത്താവുന്ന യാതൊന്നും പൊലീസിന്റെ പക്കലില്ല. അതാണ് അന്വേഷണത്തിനും വെല്ലുവിളി.