സിംഗപ്പൂരില്‍ ജോലിവാഗ്ദാനം ചെയ്ത് വന്‍ വീസ തട്ടിപ്പ്

singapore-fake-visa
SHARE

സിംഗപ്പൂരില്‍ ജോലിവാഗ്ദാനം ചെയ്ത് വന്‍ വീസ തട്ടിപ്പ്.  വ്യാജ വീസ നല്കി, നാല്പതോളം മലയാളികളടക്കം നൂറ്റമ്പതിലേറെപ്പേരില്‍നിന്ന് പണംതട്ടി‍. ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒാണ്‍ലൈന്‍ റിക്രൂട്ട്മെന്റ് കമ്പനിയാണ് തട്ടിപ്പിനുപിന്നില്‍. 

സിംഗപ്പൂരിലേയ്ക്ക് സൗജന്യ റിക്രൂട്ട്മെന്റ് എന്ന് പ്രമുഖ തൊഴില്‍ വെബ്സൈറ്റില്‍ പരസ്യം നല്കിയാണ് എലൈറ്റ് പ്രഫഷണല്‍ ഉദ്യോഗാര്‍ഥികളെ വലയിലാക്കിയത്. സിംഗപ്പൂരിലുള്ള അമിഗ്ഡാല നഴ്സിംഗ് ഹോം എന്ന ആശുപത്രിയുടെ പേരിലായിരുന്നു റിക്രൂട്ട്മെന്റ്. റജിസ്റ്റര്‍ ചെയ്തവരെ നേരിട്ട് വിളിച്ച് പാസ്പോര്‍ട്ടടക്കമുള്ള രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഡിജിറ്റല്‍ ഒപ്പും കൈക്കലാക്കി. 

മൂന്ന് ഘട്ടങ്ങളായി ടെലിഫോണില്‍ ഇന്റര്‍വ്യൂ നടത്തുകയും ചെയ്തു. തുടര്‍ന്ന് തിരഞ്ഞെടുത്തുവെന്നറിയിച്ച് ഒാഫര്‍ ലെറ്ററും പിന്നാലെ വീസയും നല്‍കി. വീസ ഒറിജിനലാണെന്ന് ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന്റേതെന്ന പേരില്‍ വ്യാജ വെബ്സൈറ്റും നടത്തിയിരുന്നു. സിംഗപ്പൂരിലേക്ക് പോകാന്‍ എയര്‍പോര്‍ട്ടില്‍ എത്തി രേഖകള്‍ പരിശോധിച്ചപ്പോഴാണ് വീസ വ്യാജമാണെന്നും തട്ടിപ്പിനിരയായെന്നും മനസിലാക്കിയത്.

തട്ടിപ്പ് തിരിച്ചറിഞ്ഞ് കമ്പനിയുടെ നമ്പറില്‍ വിളിച്ചെങ്കിലും ഫോണ്‍ ഒാഫായിരുന്നു. തൊട്ടുപിന്നാലെ സര്‍ക്കാരിന്റെ പേരിലുള്ള വ്യാജവെബ്സൈറ്റും അപ്രത്യക്ഷമായി. എലൈറ്റ് പ്രഫഷണലും പ്രവര്‍ത്തനരഹിതമായി.

കോഷന്‍ ഡെപ്പോസിറ്റ്, മറ്റു ഫീസുകള്‍ എന്നിങ്ങനെ പല പേരുകളില്‍ ഓരോരുത്തരില്‍ നിന്നും മുപ്പതിനായിരത്തിലധികം രൂപ തട്ടി. ജോലിക്കായി അപേക്ഷിച്ച ചിലരുടെ ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ചാണ് പണം തിരിമറി നടത്തിയത്. ഇക്കാര്യം അവരും അറിഞ്ഞില്ല. പരാതി നല്‍കിയവര്‍ ഫോണില്‍ നിരന്തരം ഭീഷണി നേരിടുകയാണ്. എലൈറ്റ് പ്രഫഷണലിനെതിരെ വിദേശകാര്യമന്ത്രിക്കും പ്രധാനമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.

MORE IN BREAKING NEWS
SHOW MORE