മക്കളെ പുഴയിലെറിഞ്ഞുകൊന്ന അമ്മയ്ക്ക് ഇരട്ടജീവപര്യന്ത‍ം

എറണാകുളം വടക്കന്‍ പറവൂരില്‍ സ്വന്തം മക്കളെ പുഴയില്‍ എറിഞ്ഞു കൊന്ന അമ്മയ്ക്ക് ഇരട്ട ജീവപര്യന്തം തടവ്. കടമക്കുടി സ്വദേശിനി കൊച്ചുത്രേസ്യയ്ക്കാണ് വടക്കൻ പറവൂർ അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. 2015 ഡിസംബറിലാണ് കുടുംബവഴക്കിനെ തുടര്‍ന്ന് കുഞ്ഞുങ്ങളെ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയത്. 

2015 ഡിസംബർ നാലിനാണ് കടമക്കുടി സ്വദേശി മൈക്കിളിന്റെ ഭാര്യ കൊച്ചുത്രേസ്യ എന്ന സിന്ധു തന്റെ ഏഴും നാലും വയസുളള മക്കളെ മൂലമ്പിളളി പാലത്തിൽ നിന്നും പുഴയിലെറിഞ്ഞത്. കുടുംബവഴക്കിനെ തുടർന്നുണ്ടായ പ്രകോപനത്തിലായിരുന്നു കൊച്ചുത്രേസ്യയുടെ ക്രൂരത. മക്കളെ കൊന്നശേഷം ആത്മഹത്യ ചെയ്യാൻ ശ്രമിച്ചുവെന്ന് നാട്ടുകാരിൽ ധാരണ പരത്താനായി കൊച്ചുത്രേസ്യ കായലിലെ ചീനവലക്കുറ്റിയിൽ പിടിച്ചുകിടന്നു. 

പിന്നീട് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കുഞ്ഞുങ്ങളെ കൊച്ചുത്രേസ്യ ആസൂത്രിതമായി കൊല്ലുകയായിരുന്നെന്ന് വ്യക്തമായത്. കുട്ടികളെ സംരക്ഷിക്കേണ്ട അമ്മ തന്നെ കുട്ടികളെ കൊലപ്പെടുത്തിയ ശേഷം കുറ്റകൃത്യത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതായി കോടതി നിരീക്ഷിച്ചു. ഇരട്ടജീവപര്യന്തത്തിനു പുറമേ അയ്യായിരം രൂപ പിഴശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. വടക്കൻ പറവൂർ സർക്കിൾ ഇൻസ്പെക്ടറായിരുന്ന എസ്.ജയകൃഷ്ണനാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.