പ്രതികളെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷൻ ഉപരോധം

Thumb Image
SHARE

രാഷ്ട്രീയ ഏറ്റുമുട്ടൽ കേസിലെ പ്രതികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട കോയിപ്രം പൊലീസ് സ്റ്റേഷൻ സി.പി.എം പ്രവർത്തകർ ഉപരോധിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് നിലപാടെടുത്തത് സംഘര്‍ഷാവസ്ഥയ്ക്ക് വഴിവച്ചിരുന്നു. ഒടുവില്‍ നാലുമണിക്കൂറിലേറെ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. 

പത്തനംതിട്ട പുല്ലാടിന് സമീപം പാട്ടക്കാലയിലുണ്ടായ സംഘർഷത്തിലെ പ്രതികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ DYFI - BJP സംഘർഷത്തെ തുടർന്ന് ബി.ജെ.പി പ്രവർത്തകനായ അനീഷിന് പരുക്കേറ്റിരുന്നു. പരുക്കേറ്റ അനീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ DYFI പ്രവർത്തകരായ സുബിൻ, ഹരി, നിധീഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് വിവരം പുറത്തറിഞ്ഞതോടെ പ്രവത്തകർ സ്റ്റേഷനുമുന്നിൽ പ്രതിഷേധവുമായെത്തി. അതേസമയം പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. സംഘർഷസാധ്യത മുന്നിൽക്കണ്ട് കൂടുതൽ പൊലീസുകാരെ സ്റ്റേഷനിൽ എത്തിച്ചിരുന്നു. നാലുമണിക്കൂറിനുശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കാൻ പുറത്തിറക്കിയപ്പോൾ മാധ്യമപ്രവർത്തകർ ദൃശ്യങ്ങൾ പകർത്തുന്നത് സി.പി.എം പ്രവർത്തകർ തടസപ്പെടുത്തി. അതേസമയം ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തത് ശരിയായില്ലെന്നാണ് പാർട്ടിക്കാരുടെ ആരോപണം. 

സംഘർഷത്തിനിടെ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ആക്രമിച്ചകേസിൽ ബി.ജെ.പി പ്രവർത്തകനായ കിരൺ റിമാൻഡിലാണ്. 

MORE IN LOCAL CORRESPONDENT
SHOW MORE