മേടചൂടിലെ മുന്തിരി മധുരം; പരീക്ഷണാടിസ്ഥാനത്തിൽ ചെയ്ത മുന്തിരി കൃഷി വന്‍ വിജയം

പരീക്ഷണാടിസ്ഥാനത്തിൽ ചെയ്ത മുന്തിരി കൃഷി വിജയം കണ്ടതിന്റെ സന്തോഷത്തിലാണ് കാസർകോട് കൊളവയൽ സ്വദേശിയായ ഓട്ടോഡ്രൈവർ വിനു. മേടചൂടിൽ നാട് വെന്തുരുകുമ്പോൾ  വിനുവിന്റെ വീട്ടിൽ കാണാം നിരനിരയായി മുന്തിരിക്കുലകൾ. 

പടർന്നു പന്തലിച്ച വള്ളികൾ നിറയെ മുന്തിരികുലകൾ. ഇത്  ഊട്ടിയോ കൊടൈക്കനാലോ അല്ല. കാസർകോട് കൊളവയൽ സ്വദേശിയായ 

വിനുവിന്റെ വീട്ടുമുറ്റത്താണ് മുന്തിരി നിരന്നു വളര്‍ന്നു നില്‍ക്കുന്നത്. രണ്ട് വർഷം മുമ്പാണ് വിനു വീട്ടുമുറ്റത്ത് മുന്തിരിവള്ളി നട്ടത്. ജൈവരീതിയിലാണ് കൃഷി. കടലപിണ്ണാക്കും ചാണകപ്പൊടിയും മുട്ടത്തോടുമൊക്കെയാണ് വളം.  മുന്തിരി വള്ളികൾ പടർന്ന് പന്തലിച്ചതോടെ മുകളിൽ വലവിരിച്ചു. പടർന്ന വള്ളികളിൽ ഇലകൾ നിറഞ്ഞു, പിന്നാലെ മുന്തിരി കായ്ച്ചുതുടങ്ങി. 

വിനുവും ഭാര്യയും മക്കളും ചേർന്നാണ് പരിപാലനം. ഓറഞ്ചും സീതപഴവും അനാറുമെല്ലാം ഈ കൃഷിയിടത്തെ ആകർഷകമാക്കുന്നു.

വരും വർഷങ്ങളിൽ മുന്തിരികൃഷി വ്യാപിപ്പിക്കാനാണ് വിനുവിന്റെയും കുടുംബത്തിന്റെയും തീരുമാനം.

Grape Cultivation Kasargod

Enter AMP Embedded Script