ഐസിയു പീഡനക്കേസില്‍ പുനരന്വേഷണം വേണം; റിപ്പോര്‍ട്ടിനെതിരെ അതിജീവിത

വൈദ്യപരിശോധന നടത്തിയ ഡോക്ടര്‍ക്കെതിരെ പുനരന്വേഷണം ആവശ്യപ്പെട്ട് െഎ.സി യു പീഡനക്കേസിലെ അതിജീവിത. ആവശ്യം ഉന്നയിച്ച് നാളെ െഎജിക്ക് കത്ത് നല്‍കും. ഡോക്ടര്‍ക്കെതിരായി പൊലീസ് നടത്തിയ അന്വേഷണം കാര്യക്ഷമമല്ലെന്നും ചിലരെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചതെന്നും അതിജീവിത പറയുന്നു.

താന്‍ മൊഴിയായി പറഞ്ഞ പല കാര്യങ്ങളും വൈദ്യപരിശോധനയ്ക്കെത്തിയ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടര്‍ രേഖപ്പെടുത്തിയില്ലെന്നായിരുന്നു അതിജീവിതയുടെ പരാതി. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഡോക്ടര്‍ക്ക് പിഴവൊന്നും സംഭവിച്ചില്ലെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍ പൊലീസ് ശരിയായി അന്വേഷില്ലെന്ന് ആരോപിച്ച അതിജീവിത അന്വേഷണ റിപ്പോര്‍ട്ടിന്റ പകര്‍പ്പ് വേണമെന്ന് ആവശ്യപ്പെട്ട് 12 ദിവസത്തോളം സമരമിരുന്നു. രണ്ട് ദിവസംമുമ്പാണ് പകര്‍പ്പ് കിട്ടിയത്. പൊലീസ് ചിലരെ സംരക്ഷിക്കാനാണ് ശ്രമിച്ചതെന്ന് അന്വേഷണറിപ്പോര്‍ട്ടില്‍ വ്യക്തമാണന്ന് അതിജീവിത പറയുന്നു. പരിശോധന സമയത്ത് ഡോക്ടര്‍ക്കൊപ്പമില്ലാതിരുന്ന ജൂനിയര്‍ ഡോക്ടറുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.തനിക്ക് ഒപ്പം നിന്ന ഹെഡ് നഴ്സിനെതിരെ കടുത്ത ആരോപണങ്ങളാണ് പൊലീസ് എഴുതിച്ചേര്‍ത്തിരിക്കുന്നതെന്നും അതിജീവത ആരോപിക്കുന്നു.

ഡോക്ടര്‍ക്കെതിരെ സത്യസന്ധമായ അന്വേഷണം വേണമെന്നാണ് അതിജീവിതയുടെ ആവശ്യം. അതിജീവിത ഉന്നയിക്കുന്ന പരാതികള്‍ അന്വേഷിക്കാന്‍ ഉത്തരമേഖല െഎ ജിയെ മുഖ്യമന്ത്രിയുടെ ഒാഫീസ് ചുമതലപ്പെടുത്തിയിട്ടുണ്ട്.

Kozhikode icu rape case follow up

Enter AMP Embedded Script