മധ്യകേരളത്തില്‍ രാത്രി വൈകിയും വോട്ടിങ്; പൂര്‍ത്തിയായത് മണിക്കൂറുകള്‍ കഴിഞ്ഞ്

മധ്യകേരളത്തിലും പലയിടത്തും രാത്രി വൈകിയും വോട്ടിങ്  നീണ്ടു. തൃശൂര്‍ മണ്ഡലത്തില്‍ അന്‍പതിലേറെ ബൂത്തുകളില്‍ വോട്ടിങ് പൂര്‍ത്തിയായത് നിശ്ചിത സമയം പിന്നിട്ട് മണിക്കൂറുകള്‍ കഴിഞ്ഞ്. എറണാകുളം, ചാലക്കുടി, ആലപ്പുഴ, ഇടുക്കി മണ്ഡലങ്ങലെ ബൂത്തുകളിലും ആറുമണി കഴിഞ്ഞും വോട്ടര്‍മാരുടെ വലിയ നിര ഉണ്ടായിരുന്നു. തൃശൂരില്‍ ചില ബൂത്തുകളില്‍  വോട്ടിങ് പൂര്‍ത്തിയാകാന്‍ രാത്രി 9മണിപിന്നിട്ടു. ടോക്കണ്‍നല്‍കി വരിയില്‍ നിന്നവര്‍ക്ക് വോട്ടുചെയ്യാന്‍ അവസരം നല്‍കി. ചാലക്കുടിയില്‍ പെരുമ്പാവൂരിലെ ബൂത്തുകളിലാണ് അനുവദനീയമായ സമയം കഴിഞ്ഞും വോട്ടിങ് പൂര്‍ത്തിയാകാതിരുന്നത്. എറണാകുളം എളന്തിക്കര മുപ്പതാംനമ്പര്‍ ബൂത്തില്‍ 8 മണിവരെ പോളിങ് നീണ്ടു. ആലപ്പുഴയില്‍ കായംകുളം, ഭരണിക്കാവ് 184, 185 ബൂത്തുകളില്‍ മുന്നൂറില്‍പ്പരംപേര്‍ നിശ്ചിത സമയം കഴിഞ്ഞപ്പോള്‍ നിരയില്‍ ഉണ്ടായിരുന്നു. 

കായംകുളം സെന്റ് മേരീസ് സ്കൂള്‍, പല്ലന കുമാരനാശാന്‍ സ്മാരക സ്കൂള്‍ എന്നിവിടങ്ങളിലും വോട്ടിങ് വൈകിയാണ് അവസാനിച്ചത്. ഇടുക്കിയില്‍ വോട്ടിങ്മെഷിന്‍ തകരാറിലായി വോട്ടിങ് ആരംഭിക്കാന്‍ താമസിച്ചിടത്തൊക്കെ വോട്ടിങ് അവസാനിച്ചതും വൈകിയാണ്. കോട്ടയത്ത് വെച്ചൂര്‍ ദേവിവിലാസം സ്കൂളിലും വോട്ടിങ് അവസാനിച്ചത് രാത്രിയിലാണ്. ഇതിനെതിരെ നാട്ടുകാര്‍ പരാതി ഉന്നയിക്കുകയും ചെയ്തു. ആറുമണിവരെ ക്യൂവില്‍ നിന്നവര്‍ക്കെല്ലാം ടോക്കണ്‍ നല്‍കിയാണ് അധികസമയത്ത് വോട്ടിങിന് അവസരം നല്‍കിയത്. തുടക്കം മുതല്‍ മന്ദഗതിയില്‍ വോട്ടിങ് നടന്നിടത്താണ് പ്രശ്നങ്ങള്‍ ഏറെയും ഉണ്ടായിരുന്നത്. ചാലക്കുടി മണ്ഡലത്തിലെ കുന്നത്തുനാട്, പുത്തന്‍കുരിശ് മേഖലകളില്‍ ബൂത്തുകളില്‍ യന്ത്രം തകരാറിലായതിനെതുടര്‍ന്ന് വോട്ടിങ് തുടങ്ങാന്‍തന്നെ ഒന്നരമണിക്കൂറിലധികം സമയം എടുത്തിരുന്നു. 

Late night polling in central parts of Kerala

Enter AMP Embedded Script