വോട്ടെടുപ്പുദിനത്തിലും വിടാതെ വിവാദം; വിമര്‍ശിച്ചും പ്രതിരോധിച്ചും മുഖ്യമന്ത്രി

ഇ പി വിവാദത്തില്‍ പ്രതിരോധം
  • ഇപി ജാഗ്രത കാട്ടിയില്ല: പിണറായി
  • ‘കണ്ടവരോടെല്ലാം സൗഹൃദം പാടില്ല’
  • ‘ജാവഡേക്കറെ കണ്ടതില്‍ എന്താണ് തെറ്റ്?’
pinarayi-javadekar-meeting
മുഖ്യമന്ത്രി പിണറായി വിജയന്‍ 2017 ജൂലൈ 26ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തുന്ന ചിത്രം. (ARCHIVES/PIB)
SHARE

ഇ.പി.ജയരാജന്‍ പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന വെളിപ്പെടുത്തല്‍ വോട്ടെടുപ്പുദിനത്തില്‍ സിപിഎമ്മിനെയും എല്‍ഡിഎഫിനെയും വെട്ടിലാക്കി. ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെയും വിവാദ ഇടനിലക്കാരന്‍ ടി.ജി.നന്ദകുമാറിന്റെയും വെളിപ്പെടുത്തലുകള്‍ ഇപി സമ്മതിച്ചതോടെയാണ് പ്രതിരോധത്തിനിറങ്ങാന്‍ സിപിഎം നേതൃത്വം നിര്‍ബന്ധിതമായത്. ജയരാജന്റെ നിഷ്കളങ്കസ്വഭാവം എതിരാളികള്‍ മുതലെടുത്തതാണെന്ന് വരുത്താനാണ് മുഖ്യമന്ത്രി കണ്ണൂരില്‍ ശ്രമിച്ചത്. എന്നാല്‍ ജയരാജന്റെ രീതികള്‍ ആവര്‍ത്തിച്ച് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുകയാണെന്ന് പരസ്യമായിത്തന്നെ പിണറായിക്ക് പറയേണ്ടിയും വന്നു. അതിനിടെ പ്രകാശ് ജാവഡേക്കറെ താനും കണ്ടിരുന്നുവെന്ന മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍ പ്രതിപക്ഷം ഉടനടി ഏറ്റെടുത്തു. എന്നാല്‍ ജാവഡേക്കറെ കണ്ടതില്‍ ഒരു തെറ്റുമില്ല എന്ന ഉറച്ച നിലപാടായിരുന്നു പിണറായിയുടേത്. കണ്ണൂരില്‍ വോട്ട് ചെയ്തശേഷം മുഖ്യമന്ത്രി ഈ വിഷയത്തില്‍ മാധ്യമങ്ങളുമായി സംസാരിച്ചതിന്റെ പൂര്‍ണരൂപം...

pinarayi-bite
മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരില്‍ വോട്ട് ചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നു. (April 26, 2024)

എല്‍ഡിഎഫ് കണ്‍വീനര്‍ ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയ വിവരം പുറത്തുവന്നല്ലോ?

തിരഞ്ഞെടുപ്പ് വരുമ്പോള്‍ പലരും തെറ്റായ പ്രചാരണം അഴിച്ചുവിടാറുണ്ട്. അതിന്റെ ഭാഗമായി മാത്രമേ ജനങ്ങള്‍ ഇതിനെ കാണുകയുള്ളു. ഇപി ജയരാജന്‍ സിപിഎം കേന്ദ്രകമ്മിറ്റി അംഗവും എല്‍ഡിഎഫ് കണ്‍വീനറുമാണ്. പതിറ്റാണ്ടുകള്‍ നീണ്ട അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതം വലിയ പരീക്ഷണഘട്ടങ്ങള്‍ കടന്നുവന്നതും ഏത് കമ്യൂണിസ്റ്റുകാരനും ആവേശമുണര്‍ത്തുന്നതുമാണ്. അദ്ദേഹത്തെ ലക്ഷ്യം വച്ചുള്ള ഈ ആക്രമണം യഥാര്‍ഥത്തില്‍ സിപിഎമ്മിനെയും എല്‍ഡിഎഫിനെയും ഉന്നംവച്ചുള്ളതാണ്. അത്തരം ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ജനങ്ങള്‍ മനസിലാക്കുകതന്നെ ചെയ്യും.

ഈ പ്രചാരണത്തിനുപിന്നില്‍ ആരാണ്? കെ.സുരേന്ദ്രന്‍ ഇക്കാര്യം ആവര്‍ത്തിച്ചിട്ടുണ്ടല്ലോ?

കെ.സുരേന്ദ്രന്‍ സ്വാഭാവികമായും ഈ പ്രചാരണത്തിന്റെ വക്താവായി മാറുമല്ലോ. കെ.സുരേന്ദ്രനും കെ.സുധാകരനുമെല്ലാം ഒരേ രീതിയിലാണ് എല്ലാ കാലത്തും പ്രചാരണം നടത്താറുള്ളത്. അതില്‍ ഒരു പുതുമയുമില്ല. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നേതൃനിര എപ്പോഴും ഇത്തരം കാര്യങ്ങളില്‍ ഒരേ മനസോടെ അണിനിരന്നിട്ടുള്ളത് നമുക്കെല്ലാം അനുഭവമുള്ള കാര്യമാണ്.

പ്രകാശ് ജാവഡേക്കറുമായി ജയരാജന്‍ ചര്‍ച്ച നടത്തി, എന്നാല്‍ അക്കാര്യം പാര്‍ട്ടിയെ അറിയിച്ചില്ല ?

ഇ.പി.ജയരാജന്റെ പ്രകൃതം നമുക്കെല്ലാം അറിയാമല്ലോ. എല്ലാവരുമായും നല്ല സുഹൃദ്ബന്ധം വയ്ക്കുന്ന ആളാണ് ജയരാജന്‍. പക്ഷേ ഒരു പഴഞ്ചൊല്ലുണ്ടല്ലോ, ‘പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയായിടും’ എന്ന്. ഇന്ന് ആരെയാണ് വഞ്ചിക്കേണ്ടത് എന്ന് ആലോചിച്ചുകൊണ്ട് ഉറക്കമുണരുന്ന ആളുകള്‍ ചുറ്റുമുണ്ട്. അത്തരം ആളുകളുമായി കൂട്ടുകെട്ടോ ലോഹ്യമോ അതിരുകവിഞ്ഞ സ്നേഹബന്ധമോ ഉണ്ടെങ്കില്‍ ഉപേക്ഷിക്കണം. ജയരാജന്‍ ഇത്തരം കാര്യങ്ങളില്‍ ജാഗ്രത കാണിക്കാറില്ല എന്നത് നേരത്തേയുള്ള അനുഭവമാണ്. അതുകാരണം കേരളത്തില്‍ ഏറ്റവുമധികം സംശയകരമായ സാഹചര്യത്തില്‍ നില്‍ക്കുന്നയാള്‍ അതിന് (വിവാദകൂടിക്കാഴ്ചയ്ക്ക്) സാക്ഷിയാകുന്ന നിലവന്നു. ആ മനുഷ്യനാണെങ്കില്‍ (ദല്ലാള്‍ നന്ദകുമാര്‍) ‘എങ്ങനെയാണെങ്കിലും എനിക്ക് പണം കിട്ടണം’ എന്ന ചിന്ത മാത്രമുള്ളയാളാണ്. ആരാണോ പണം കൊടുക്കുന്നത് അതിനനുസരിച്ച് വാദങ്ങള്‍ നിരത്താന്‍ ഒരുമടിയുമില്ലാത്തയാളാണ്. അത്തരം ആളുകളുമായുള്ള ബന്ധമോ ലോഹ്യമോ പാടില്ല. പരിചയമൊക്കെ ഉണ്ടാകും. പക്ഷേ അതിനപ്പുറമുള്ള ഒരു നില സ്വീകരിച്ചുപോകരുത്.

പ്രകാശ് ജാവഡേക്കറെ കാണുകയോ സംസാരിക്കുകയോ ചെയ്യുന്നതില്‍ എന്താണ് തെറ്റ്? ഞാനും കണ്ടിരുന്നു. ഈ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ച ഘട്ടത്തില്‍, ഒരുദിവസം ഞാന്‍ ജാവഡേക്കറോട് പറഞ്ഞു, നിങ്ങള്‍ നിങ്ങളുടെ പരമാവധി ശ്രമം നടത്തുകയാണല്ലേ, നമുക്ക് കാണാം. കാണാം എന്നുപറഞ്ഞാല്‍ നിങ്ങള്‍ക്കൊന്നും കിട്ടാന്‍ പോകുന്നില്ല എന്നാണ് എന്റെ മനസില്‍. അതൊന്നും പറയുന്നത് ശത്രുതയിലല്ല. ഇത് ഏകദേശം പരസ്യമായി എന്ന മട്ടില്‍ പറഞ്ഞ കാര്യമാണ്. അപ്പോള്‍ അത്തരത്തിലുള്ള ആളുകളെ കാണുന്നതിലോ സംസാരിക്കുന്നതിലോ ഒന്നും ഒരു പിശകും ഉണ്ടെന്ന് ഞാന്‍ കാണുന്നില്ല.

അങ്ങയുടെ കേസില്‍ നിന്ന് ഒഴിവാക്കിക്കൊടുക്കാനാണ് ഇങ്ങനെയൊരു ആക്ഷേപം നടത്തിയെത്താണ് ടിജി നന്ദകുമാര്‍ പറഞ്ഞത്?

നന്ദകുമാറിന് എന്റെ കേസിലുള്ള ബന്ധത്തെപ്പറ്റി എനിക്ക് നല്ലതുപോലെ അറിയാമല്ലോ. നിങ്ങള്‍ക്ക് അത് അറിയുമോ എന്നറിയില്ല. ഇത്തരമാളുകള്‍ എന്തെങ്കിലും ശ്രമം നടത്തിയിട്ട് എന്തെങ്കിലും ഫലം കിട്ടിയോ. അവര്‍ അവരുടെ വഴി വല്ലാതെ നോക്കിയെന്ന കാര്യം ശരിയാണ്. അതിന് ഫൈനാന്‍സ് ചെയ്യാന്‍ ഒരുകൂട്ടര്‍ ഇവിടെയുണ്ട്. നിങ്ങളുടെ കൂട്ടത്തിലും ചിലരുണ്ട്. കേരളത്തില്‍ത്തന്നെ ഒരു വൃത്തം നേരത്തേ മുതല്‍ എനിക്കെതിരെ പ്രവര്‍ത്തിക്കുന്ന കാര്യം നിങ്ങള്‍ കാണണം. അവര്‍ക്ക് കേരളത്തിലെ ഒരുകൂട്ടം മാധ്യമങ്ങള്‍ വലിയ പിന്തുണ നല്‍കുന്നുണ്ട്. എന്നിട്ട് ഞാന്‍ ഇല്ലാതായിപ്പോയോ? ഞാന്‍ ഇപ്പോഴും ഇവിടെ നില്‍ക്കുകയല്ലേ. അവര്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ എന്തെങ്കിലും നടന്നോ? ചില കാര്യങ്ങളില്‍ തല്‍ക്കാലം നേട്ടമുണ്ടായി എന്ന് അവര്‍ക്ക് തോന്നിയിട്ടുണ്ടാകാം. പക്ഷേ ആത്യന്തികമായി നേട്ടമുണ്ടാക്കാന്‍ പറ്റിയോ? ആത്യന്തികമായി ഞാനങ്ങ് തകര്‍ന്നുപോയോ, തളര്‍ന്നുപോയോ? ഇതാണ് നമ്മള്‍ കാണേണ്ടത്. വസ്തുതകള്‍ അല്ലാത്ത കാര്യങ്ങള്‍ അധികം പറഞ്ഞുകൊണ്ട് മുന്നോട്ടുപോയാല്‍ അതൊന്നും നാട്ടില്‍ ചെലവാകില്ല.

pinarayi-javadekar-greeting
2017 ജൂലൈ 26ന് ഡല്‍ഹിയില്‍ ഔദ്യോഗിക കൂടിക്കാഴ്ചയ്ക്കെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ സ്വീകരിക്കുന്നു (ARCHIVES / PIB)

ബിജെപിക്ക് പത്ത് സീറ്റ് കിട്ടുമെന്നാണ് പ്രധാനമന്ത്രി പറയുന്നു?

(ഉറക്കെ ചിരിക്കുന്നു) അതില്‍ പൂജ്യമുണ്ടാകും. പക്ഷേ ഒന്നുണ്ടാകില്ലെന്ന് മാത്രം.

വോട്ട് ചെയ്തശേഷം പ്രതിപക്ഷനേതാവ് പറഞ്ഞത് ചില മണ്ഡലങ്ങളിലെങ്കിലും സിപിഎം–ബിജെപി അന്തര്‍ധാര ഉണ്ടെന്നാണ്?

ഗോള്‍വാള്‍ക്കറുടെ മുന്നില്‍ താണുവണങ്ങിതൊഴുന്ന ഒരാള്‍ക്ക് മാത്രമേ ആ അന്തര്‍ധാര ഉണ്ടാക്കാന്‍ പറ്റൂ. ഞങ്ങള്‍ക്ക് ഒരാളുടെ മുന്നിലും താഴുകയോ വണങ്ങുകയോ ചെയ്യേണ്ട കാര്യമില്ല. എല്ലാ കാലത്തും വര്‍ഗീയ ശക്തികള്‍ക്കെതിരെ ഉറച്ച നിലപാട് സ്വീകരിച്ച പ്രസ്ഥാനമാണ് സിപിഎം. അതില്‍ ആര്‍എസ്എസിന്റെ കൊലക്കത്തിക്കിരയായി രക്തസാക്ഷിത്വം വരിക്കേണ്ടിവന്ന സഖാക്കളുടെ വലിയ നിര തന്നെയുണ്ട്. എന്തിനുവേണ്ടിയായിരുന്നു അത്? എന്താണതിന്റെ ഉദ്ദേശ്യം? അതൊന്നും പറയേണ്ട നേരമല്ല ഇത്. അത്തരമൊരു പാര്‍ട്ടി ഇങ്ങനെ അന്തര്‍ധാരയ്ക്ക് നടക്കുകയാണെന്ന് പറഞ്ഞാല്‍ അതൊന്നും ചെലവാകില്ല. അത് അവരുടെ (കോണ്‍ഗ്രസിന്റെ) രീതിയാണ്. അവരാണ് അന്തര്‍ധാരയുണ്ടാക്കുന്നത്. ഒരുകൂട്ടം കോണ്‍ഗ്രസ് നേതാക്കള്‍ മറ്റൊരു പാര്‍ട്ടിയുണ്ടാക്കി എന്‍ഡിഎയുടെ ഭാഗമാകാന്‍ വേണ്ടി ആലോചന നടത്തിയിരുന്നുവെന്ന് അസം മുഖ്യമന്ത്രി പറഞ്ഞില്ലേ.

പ്രകാശ് ജാവഡേക്കറെ കണ്ടുവെന്ന് പോളിങ് ദിവസം മുഖ്യമന്ത്രി പറയുന്നത് തെറ്റായ സന്ദേശം കൊടുക്കില്ലേ?

കണ്ടെന്ന് ഞാന്‍ പറഞ്ഞില്ലേ. അതില്‍ എന്താണ് തെറ്റ്? സാധാരണ ഒരു രാഷ്ട്രീയനേതാവ് കാണാന്‍ വരുമ്പോള്‍ കാണില്ല എന്ന് പറയേണ്ട കാര്യമെന്താണ്? സംസാരിച്ച കാര്യവും ഞാന്‍ പറഞ്ഞു. ഒരു പൊതുസ്ഥലത്തുവച്ചാണ് കൂടിക്കാഴ്ച നടന്നത്. അദ്ദേഹവും ഞാനും പങ്കെടുത്ത ഒരുപരിപാടിയായിരുന്നു. അവിടെവച്ച് ഞാന്‍ പറഞ്ഞത്, നിങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ടല്ലോ, നമുക്കുകാണാം എന്നാണ്. കാണാമെന്നുപറഞ്ഞാല്‍ ഒരു സീറ്റും നിങ്ങള്‍ക്ക് കിട്ടാന്‍ പോകുന്നില്ല, എവിടെയും രണ്ടാംസ്ഥാനത്തും ഉണ്ടാകില്ല എന്നതുതന്നെ. അത് നേരിട്ട് പറഞ്ഞില്ല എന്നുമാത്രം.

ഇപ്പോഴത്തെ പ്രചാരണത്തില്‍ ഗൂഢാലോചന സംശയിക്കുന്നുണ്ടോ?

ഇത് ശക്തമായ ഗൂഢാലോചനയാണ്. ആ ഗൂഢാലോചനയില്‍ പ്രത്യേകമായ ചില ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിന്റെ ഭാഗമായി രൂപപ്പെട്ടതാണ്. അതുതന്നെയാണ് വസ്തുത.

തിരഞ്ഞെടുപ്പ് സംസ്ഥാനസര്‍ക്കാരിന്റെ വിലയിരുത്തലാകുമോ?

തിരഞ്ഞെടുപ്പ് എന്നാല്‍ എന്താണെന്ന് മനസിലാക്കാന്‍ ഇതേവരെ കഴിഞ്ഞിട്ടില്ലെങ്കില്‍ നിങ്ങള്‍ എന്തൊരു മാധ്യമപ്രവര്‍ത്തകനാണ്. നിങ്ങള്‍ക്ക് അതുപോലും മനസിലാക്കാന്‍ കഴിയുന്നില്ല എന്നല്ലേ അതിന്റെ അര്‍ഥം? ഈ തിരഞ്ഞെടുപ്പ് രാജ്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനല്ലേ, അതല്ലേ പ്രധാനമായിട്ടും നോക്കുക. ആരെങ്കിലും എന്തെങ്കിലും പറയുന്നതുകേട്ടിട്ട് അതേപോലെ ചോദിക്കാന്‍ നില്‍ക്കലാണോ നിങ്ങള്‍ ചെയ്യേണ്ടത്? നിങ്ങളുടെ സ്വന്തം ബുദ്ധി ഉപയോഗിക്കേണ്ടേ? സംസ്ഥാനത്തിന്റെ പ്രവര്‍ത്തനം വിലയിരുത്താനുള്ള തിരഞ്ഞെടുപ്പാണോ ഇത്? രാജ്യത്തിന്റെ പ്രവര്‍ത്തനത്തെ വിലയിരുത്താനുള്ളതല്ലേ?

MORE IN KERALA
SHOW MORE