ഒരൊറ്റ വോട്ട് പോലും നഷ്ടപ്പെടുത്താത്ത നൂറ്റിയാറുകാരൻ രാഘവേട്ടൻ

Untitled design - 1
SHARE

വോട്ട് അഭ്യർഥിച്ചും വോട്ട് ചെയ്തും സജീവമാണ് തൃശൂർ ആര്യംപാടത്തെ നൂറ്റിയാറുകാരൻ രാഘവേട്ടൻ. നൂറ്റാണ്ടു കാലത്തെ തിരഞ്ഞെടുപ്പ് കഥകളൊക്കെ പങ്കുവെക്കുന്ന രാഘവേട്ടൻ ഒരൊറ്റ വോട്ട് പോലും നഷ്ടപ്പെടുത്തിയിട്ടില്ലെന്നതാണ് പ്രത്യേകത. എ.കെ. ഗോപാലനൊപ്പം തിരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുത്ത ഓർമ്മകളാണ് രാഘവേട്ടന്റെ പ്രധാന സമ്പത്ത്. 

രാഘവേട്ടൻ 25 വയസ് മുതൽ വോട്ടു ചെയ്ത് തുടങ്ങിയതാണ്. ഇതുവരെയായി ഒറ്റ വോട്ട് പോലും നഷ്ടപ്പെടുത്തിയിട്ടില്ല. വോട്ട് ചെയ്യുക മാത്രമല്ല വോട്ട് അഭ്യർഥിച്ചിറങ്ങിയും സജീവമാണ് രാഘവേട്ടൻ. വർഷങ്ങൾക്കു മുമ്പ് എകെജിക്കൊപ്പം പ്രചരണത്തിൽ പങ്കെടുത്ത ഓർമ്മ പങ്കുവെക്കുന്നുണ്ട് അദ്ദേഹം. അന്നത്തെ എകെജിയുടെ തീപ്പൊരി പ്രസംഗം ഇന്നും കാതിലുണ്ടെന്ന് പറയുന്നു  രാഘവേട്ടൻ. 

സി ഐ ടി യു ടെ ആഭരണ തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റിയംഗം, സിപിഎം എരുമപ്പെട്ടി ലോക്കൽ കമ്മിറ്റി അംഗം തുടങ്ങിയ നിലകളിലൊക്കെ പ്രവർത്തിച്ചിട്ടുമുണ്ട് അദ്ദേഹം. പതിറ്റാണ്ടുകൾ പഴക്കമുള്ള ഒട്ടേറെ തിരഞ്ഞെടുപ്പ് കഥകളാണ് രാഘവേട്ടന്  പങ്കു വെക്കാനുള്ളത്. 

കഴിഞ്ഞ ശനിയാഴ്ച ആര്യമ്പാടത്തെത്തിയ ഇടതുപക്ഷ സ്ഥാനാർത്ഥി കെ രാധാകൃഷ്ണന് ഹാരാർപണം നടത്താൻ രാഘവേട്ടൻ ഓടിയെത്തിയിരുന്നു. വീട്ടിലിരുന്നായിരുന്നു ഇത്തവണത്തെ വോട്ട്. ആരോഗ്യമുള്ള കാലത്തോളം വോട്ട് മുടക്കില്ല എന്ന ഉറപ്പിച്ചു പറയുന്നുണ്ട് രാഘവേട്ടൻ.  

Raghavan did not miss a single vote

MORE IN KERALA
SHOW MORE