കലാശക്കൊട്ടിനിടെ വിവിധ ഇടങ്ങളിൽ സംഘർഷം: എല്‍ഡിഎഫ് - യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

Untitled design - 1
SHARE

കലാശക്കൊട്ടിനിടെ കൊല്ലം, മലപ്പുറം, ചെങ്ങന്നൂര്‍, നെയ്യാറ്റിന്‍കര, തൊടുപുഴ എന്നിവിടങ്ങളില്‍ സംഘര്‍ഷം. മലപ്പുറത്തും കൊല്ലം കരുനാഗപ്പള്ളിയിലും പത്തനാപുരത്തും എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. സിആർ മഹേഷ് എംഎൽഎ, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടി എന്നിവര്‍ക്കും ഒരു പൊലീസുകാരനും പരുക്കേറ്റു. നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ലാത്തി വീശി.

കരുനാഗപ്പള്ളിയിൽ കല്ലേറിൽ സിആർ മഹേഷ് എംഎൽഎയ്ക്ക് നെഞ്ചിനും കൈയ്ക്കും പരുക്കേറ്റു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടിക്കും നാലു പൊലീസ് ഉദ്യോഗസ്ഥർക്കും കല്ലേറിൽ പരുക്കേറ്റു. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ലാത്തിചാർജ് നടത്തുകയും ചെയ്തു.

പത്തനാപുരത്ത് സംഘർഷത്തിൽ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. കലാശക്കൊട്ട് അവസാനിപ്പിക്കാന്‍ പൊലീസ് നിര്‍ദേശം നല്‍കിയതിന് പിന്നാലെ ഉച്ചഭാഷിണി ഓഫ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് എൽഡിഎഫ് യുഡിഎഫ് സംഘർഷത്തിലെത്തിയത്. 

മലപ്പുറത്ത്  ഓരോ മുന്നണിക്കും നിശ്ചയിച്ച ഭാഗത്തു നിന്ന് എല്ലാവരും മനോരമ സർക്കിളിന് സമീപത്ത് എത്തിയതോടെയാണ് സംഘർഷാവസ്ഥ രൂപപ്പെട്ടത്. പിന്നാലെ എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് രണ്ടു ഭാഗങ്ങളിലേക്ക് മാറ്റി. പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോയ്ക്ക് പിന്നാലെ തടിച്ചുകൂടിയ യുഡിഎഫ് പ്രവർത്തകരും കലാശക്കൊട്ടിന് നാൽക്കവലയിൽ തടിച്ചുകൂടിയ എൽഡിഎഫ് പ്രവർത്തകരും തമ്മിലാണ് വണ്ടൂർ ടൗണിൽ  ഉന്തും തള്ളുമുണ്ടായത്. സംഘർഷത്തിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ നെറ്റിക്ക് പരുക്കേറ്റു.

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ സമയപരിധി കഴിഞ്ഞിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകാതിരുന്നതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ലാത്തി വീശി. പ്രവര്‍ത്തകര്‍ കെ എസ് ആര്‍ ടി സി ബസിനു മുകളില്‍ കയറിയും പ്രകോപനം സൃഷ്ടിച്ചു. പൊലീസ് കേസെടുത്തു. ഇതേ സ്ഥലത്ത് നാലു മണിയോടെ ബിജെപി – എല്‍ ഡി എഫ് പ്രവര്‍ത്തര്‍ തമ്മിലും ഉന്തും തളളുമുണ്ടായിരുന്നു. 

ചെങ്ങന്നൂരിൽ നടന്ന കലാശക്കൊട്ടിനിടെ പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തൊടുപുഴ, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലും എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. 

Lokshabha Elections 2024 LDF-UDF activists clashed

MORE IN KERALA
SHOW MORE