വടക്കൻ പോരിന്റെ പരസ്യപ്രചാരണത്തിന് ആവേശത്തോടെ കൊട്ടിയിറക്കം

Untitled design - 1
SHARE

വീറുറ്റ വടക്കൻ പോരിന്റെ പരസ്യപ്രചാരണത്തിന് ആവേശത്തോടെ കൊട്ടിയിറക്കം. സൈബർ അധിക്ഷേപത്തിന്റെ പോർവിളികൾക്കിടെ  വടകരയിലും, എൽഡിഎഫും യുഡിഎഫും നേർക്ക് നേർ ഏറ്റുമുട്ടുന്ന കണ്ണൂരിലും ഇതോടെ പരസ്യപ്രചാരണത്തിന് ഫുൾസ്റ്റോപ്പായി. ഇളകാത്ത പച്ചക്കോട്ടയായ മലപ്പുറത്തും പൊന്നാനിയിലും ആവേശത്തിന് കുറവുണ്ടായില്ല. 

പാറിപ്പറക്കുന്ന ത്രിവർണ്ണക്കടലാസുകൾക്കിടയിലൂടെ ആയിരുന്നു ഷാഫി പറമ്പിലിന്റെ വരവ്. സ്നേഹത്തിനും വോട്ടിനും പ്രവർത്തിയിലൂടെ നന്ദി പ്രകടിപ്പിക്കുമെന്ന് സ്ഥാനാർഥി. പഴയ ബസ്റ്റാൻഡ് പരിസരത്തായിരുന്നു എൽഡിഎഫിന്റെ കലാശക്കൊട്ട്. പാട്ടും നൃത്തവും ത്രസിപ്പിക്കുന്ന മുദ്രാവാക്യങ്ങളുമായി പ്രവർത്തകർ കളം നിറഞ്ഞു. ഒപ്പം സ്ഥാനാർഥി കെ കെ ശൈലജയും. 

കാസർകോട് ടൗണിൽ യുഡിഎഫും എൻഡിഎയും കലാശക്കൊട്ട് നടത്തിയപ്പോൾ പയ്യന്നൂർ ടൗണിൽ ആയിരുന്നു എൽഡിഎഫിന്റെ സമാപനകൊട്ട്. യുഡിഎഫും എൽഡിഎഫും നേർക്ക് നേർ പോരാടുന്ന കണ്ണൂരിൽ കലാശക്കൊട്ടും ഇഞ്ചോടിഞ്ച് ആയിരുന്നു. 2019ലെ ഭൂരിപക്ഷം നിലനിർത്തുക എന്ന വെല്ലുവിളിയിൽ വയനാട്ടിലെ യുഡിഎഫ് നിൽക്കുമ്പോൾ ഈസി വാക്കോവർ ആയിരിക്കില്ല രാഹുൽ ഗാന്ധിക്ക്ന്ന് ഉറപ്പിച്ചു പറയുന്നു എൽഡിഎഫും എൻഡിഎയും. 

കോഴിക്കോട് യുഡിഎഫിന്റെ തേരോട്ടത്തിന് ഇക്കുറി ഒടുക്കം കുറിയ്ക്കും എന്നാണ് എൽഡിഎഫിന്റെ വാദം. ദിവാസ്വപ്നമെന്നാണ് അതിനോടുള്ള യുഡിഎഫിന്റെ മറുപടി. പാലക്കാടും ആലത്തൂരും തിരിച്ചുപിടിക്കും എന്ന വാശിയിലാണ് എൽഡിഎഫ്. വിട്ടുകൊടുക്കില്ലെന്ന് യുഡിഎഫും.ഹരിത പതാക കളം നിറഞ്ഞ മലപ്പുറത്തും പൊന്നാനിയിലും ഇനിയും ഭൂരിപക്ഷം കൂട്ടുമെന്ന് കലാശ കൊട്ടിലൂടെ പറയാൻ ശ്രമിക്കുന്നു പച്ചപ്പട.

loksabha elections kottikalasham malabar kerala

MORE IN KERALA
SHOW MORE