Manjummel Boys Case | മഞ്ഞുമ്മല്‍ ബോയ്സ് : വഞ്ചനക്കേസില്‍ പൊലീസ് പരിശോധന തുടങ്ങി

HIGHLIGHTS
  • പരാതി നല്‍കിയത് അരൂര്‍ സ്വദേശി
  • 'നിര്‍മാതാക്കള്‍ ഏഴുകോടി വാങ്ങി വഞ്ചിച്ചു'
  • കേസ് അന്വേഷിക്കുന്നത് മരട് പൊലീസ്
manjummel-case-police-25
SHARE

‘മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമയുടെ നിര്‍മാതാക്കള്‍ 7 കോടി രൂപ വാങ്ങി വഞ്ചിച്ചെന്ന അരൂര്‍ സ്വദേശിയുടെ പരാതിയില്‍ എറണാകുളം മരട് പൊലീസ് വസ്തുതാന്വേഷണം തുടങ്ങി. പരാതിക്കാരനായ സിറാജ് വലിയത്തറ ഹമീദ് നല്‍കിയ രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളുമാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. ‘മഞ്ഞുമ്മല്‍ ബോയ്സ്’ നിര്‍മിച്ച പറവ ഫിലിംസിന്റെ പാര്‍ട്ണര്‍മാരായ ഷോണ്‍ ആന്റണി, സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവരാണ് എതിര്‍കക്ഷികള്‍. 

boys-pics-25

സിനിമയ്ക്കുവേണ്ടി ഏഴുകോടി രൂപ നല്‍കിയെന്നും എന്നാല്‍ മുടക്കുമുതലോ ലാഭവിഹിതമോ തിരിച്ചുകിട്ടിയില്ലെന്നുമാണ് സിറാജ് വലിയത്തറയുടെ പരാതി. 40 ശതമാനം ലാഭവിഹിതം നല്‍കാമെന്നാണ് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കിയത്. പടം 200 കോടി രൂപ കലക്ട് ചെയ്തെങ്കിലും താന്‍ മുടക്കിയ തുകയോ വാഗ്ദാനം ചെയ്ത വിഹിതമോ ലഭിച്ചില്ലെന്ന് സിറാജ് ആരോപിക്കുന്നു. 

manjummel-boys-marad-25

എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവനുസരിച്ച് ഇന്നലെയാണ് മരട് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. വിശ്വാസവഞ്ചന, വ്യാജരേഖ ചമക്കൽ എന്നീ കുറ്റങ്ങളാണ് ആരോപണവിധേയര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഹർജി പരിഗണിച്ച് നിർമാതാക്കളുടെ അക്കൗണ്ടിലെ 40 കോടിരൂപ കോടതി മരവിപ്പിച്ചിരുന്നു. മലയാളസിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് ‘മ​ഞ്ഞുമ്മല്‍ ബോയ്സ്’ ചിദംബരം സംവിധാനം ചെയ്ത ചിത്രത്തിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് നിര്‍മാതാവ് കൂടിയായ സൗബിന്‍ ഷാഹിറാണ്. ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ചന്തു സലിംകുമാര്‍ തുടങ്ങിയ യുവതാരങ്ങള്‍ തിളങ്ങിയ സിനിമ തമിഴ്നാട്ടിലും മറ്റ് സംസ്ഥാനങ്ങളിലും വന്‍ ഹിറ്റായിരുന്നു.

Kochi police begins probe against Manjummel Boys producers.

MORE IN KERALA
SHOW MORE