ഗുണം ചെയ്തത് ആരുടെ പ്രചാരണം? വയനാട്ടില്‍ വിജയപ്രതീക്ഷ പങ്കുവെച്ച് മുന്നണികള്‍

കലാശകൊട്ടിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വയനാട് മണ്ഡലത്തിലെ മൂന്ന് മുന്നണികളും ഉറച്ച വിജയപ്രതീക്ഷയിലാണ്. സിറ്റിങ് എം.പി രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന് എല്‍.ഡി.എഫും ബി.ജെ.പിയും ഉന്നയിക്കുമ്പോള്‍, ദേശീയ നേതാക്കളെ ഉള്‍പ്പടെ മണ്ഡലത്തില്‍ എത്തിച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ കടന്നാക്രമിച്ചായിരുന്നു യു.ഡി.എഫിന്‍റെ പ്രചാരണം.

സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയെങ്കിലും സംസ്ഥാന അധ്യക്ഷന്‍ തന്നെ പോരാട്ടത്തിന് ഇറങ്ങിയതിന്‍റെ ഊര്‍ജമായിരുന്നു ബി.ജെ.പി. ക്യാമ്പില്‍. രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ചുകൊണ്ടുള്ള പ്രചാരണം. രാഹുല്‍ ഗാന്ധി ഒന്നും ചെയ്തില്ലെന്ന വികാരം മണ്ഡലത്തില്‍ ശക്തമെന്നും മോദിയുടെ ക്ഷേമപദ്ധതികള്‍ ഗുണം ചെയുമെന്നും കണക്കുകൂട്ടല്‍.

പ്രകടനപത്രികയിലെ പ്രഖ്യാപനങ്ങളിലൂന്നി കോണ്‍ഗ്രസ് പ്രചാരണം. ഒപ്പം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയും വിമര്‍ശനം. രാഹുല്‍ ഗാന്ധിക്ക് പുറമെ ദേശീയ നേതാക്കളുടെ വലിയ നിര തന്നെ മണ്ഡലത്തിലെത്തി പ്രചാരണത്തില്‍ പങ്കെടുത്തത് ഗുണം ചെയ്യുമെന്ന് കണക്കുകൂട്ടല്‍. ഭൂരിപക്ഷം അഞ്ച് ലക്ഷം കടക്കാനുള്ള പ്രചാരണം നടത്തിയെന്ന് വിലയിരുത്തല്‍.

നേരത്തെ തുടങ്ങിയ പ്രചാരണവും സ്ത്രീ വോട്ടര്‍മാര്‍ക്കിടയിലെ സ്വീകാര്യതയും ഗുണം ചെയ്യുമെന്ന് എല്‍.ഡി.എഫ്. ചിട്ടയായ പാര്‍ട്ടി പ്രവര്‍ത്തനത്തിനു പിന്നാലെ ശക്തിപ്രകടനമായി മാറി കല്‍പ്പറ്റയിലെ റോഡ്ഷോ. പൗരത്വ ഭേദഗതിയില്‍ കോണ്‍ഗ്രസിന് നിലപാടില്ലെന്ന പ്രചാരണത്തിനൊപ്പം നാടിന്‍റെ പ്രശ്നങ്ങള്‍ പാര്‍ലമെന്‍റില്‍ ഉന്നയിക്കാന്‍ പോലും രാഹുല്‍ ശ്രമിച്ചില്ലെന്നും ആരോപണം.

കലാശകൊട്ടിനും നിശബ്ദപ്രചാരണത്തിനും പിന്നാലെ വയനാട്ടുകാര്‍ പോളിങ് ബൂത്തിലേക്ക് പോകുമ്പോള്‍ ആരുടെ പ്രചാരണമാണ് ഗുണം ചെയ്യുന്നതെന്ന് കാത്തിരുന്ന് കാണണം.

Enter AMP Embedded Script