തിരുവനന്തപുരത്ത് ക്രോസ് വോട്ടിങ്ങ് ആരോപണവുമായി രാജീവ് ചന്ദ്രശേഖര്‍

rajeev-ep-n-17
SHARE

പ്രചാരണം കലാശക്കൊട്ടിലേക്ക് നീങ്ങിയതോടെ തിരുവനന്തപുരത്ത് ക്രോസ് വോട്ടിങ്ങ് ആരോപണം. ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ എല്‍.ഡി.എഫ് , യു.ഡി.എഫിന് വോട്ട് മറിച്ചേക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. വിവരമുള്ള കോണ്‍ഗ്രസുകാര്‍ ഇത്തവണ എല്‍.ഡി.എഫിന് വോട്ട് ചെയ്യുമെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞപ്പോള്‍ പരാജയഭീതികൊണ്ടാണ് ആരോപണങ്ങളെന്ന് ശശി തരൂര്‍ പ്രതികരിച്ചു.

തിരുവനന്തപുരത്ത് വലിയ മുന്നേറ്റം നടത്തിയെന്ന് അവകാശപ്പെടുന്ന രാജീവ് ചന്ദ്രശേഖര്‍, തന്നെ തോല്‍പ്പിക്കാന്‍ എല്‍.ഡി.എഫുകാര്‍ യു.ഡി.എഫിന് വോട്ട് മറിക്കാന്‍ നീക്കം തുടങ്ങിയെന്നും ആരോപിക്കുന്നു. 2019ല്‍ കുമ്മനത്തെ പരാജയപ്പെടുത്തിയതും ഇങ്ങിനെയെന്നാണ് ബി.ജെ.പി ആരോപണം.

യു.ഡി.എഫും ബി.ജെ.പിയും ചേര്‍ന്നുള്ള നുണപ്രചാരണമാണ് ഇതെന്ന് തിരിച്ചടിച്ച പന്ന്യന്‍ ഇത്തവണ ക്രോസ് വോട്ടുണ്ടാകും പക്ഷെ അത് യു.ഡി.എഫില്‍ നിന്ന് എല്‍.ഡി.എഫിലേക്കാണെന്നും അവകാശപ്പെട്ടു. രണ്ടുപേരും തോല്‍വി ഉറപ്പിച്ചതിന്റെ ലക്ഷണമാണ് ഇതെന്നാണ് തരൂരിന്‍റെ മറുപടി.

ഇടത് വോട്ടുകളും നിഷ്പക്ഷ വോട്ടുകളും എല്‍.ഡി.എഫ് പിടിച്ചാല്‍ മാത്രമേ രാജീവിന് വിജയിക്കാനാവൂവെന്നാണ് ബി.ജെ.പി വിലയിരുത്തല്‍. അതേസമയം പന്ന്യന് വോട്ട് കുറഞ്ഞാല്‍ മാത്രമേ നില കൂടുതല്‍ സുരക്ഷിതമെന്ന് തരൂരും കരുതുന്നു. വോട്ട് ചോര്‍ച്ച തടയേണ്ടത് ഇടതിനും പരമപ്രധാനം. ഇതാണ് അവസാനനിമിഷത്തെ വാദപ്രതിവാദത്തിന് പിന്നില്‍.

MORE IN KERALA
SHOW MORE