ഉറവ വറ്റാത്ത താമരക്കുളം; നാടിന് കുളിരേകി രണ്ട് കര്‍ഷകർ

Untitled design - 1
SHARE

വേനലെത്ര കനത്താലും ഉറവ വറ്റാത്ത പെരുങ്കുന്നത്തെ താമരക്കുളം നൂറിലധികം കുടുംബങ്ങള്‍ക്കും ഹെക്ടര്‍ കണക്കിന് കൃഷിയ്ക്കും സഹായമാവുന്നതിന് പിന്നിലൊരു നന്മയുണ്ട്. സ്വന്തം കൃഷിയിടം നനയുന്നതിനൊപ്പം മറ്റുള്ളവരുടെ പച്ചപ്പും കരിയാതെ നോക്കണമെന്ന രണ്ട് കര്‍ഷകരുടെ ചിന്തയാണ് ഇതിന് ബലമേകുന്നത്. ചൂടേറ്റ് വാടിത്തളര്‍ന്നവര്‍ ഏറെയുള്ള പാലക്കാട് കുഴല്‍മന്ദത്താണ് വര്‍ഷങ്ങളായി സ്വകാര്യ കുളം പൊതുകുളമായി മാറുന്നത്. 

ചൂടില്‍ നിന്ന് രക്ഷ നേടാന്‍ നീന്തിയേറുന്നവരുണ്ട്. മിണ്ടാപ്രാണികളുടെ ശരീരം തണുപ്പിക്കാനും അവരുടെ ദാഹമകറ്റാനും കഴിയുന്നിടം. നൂറിലധികം കുടുംബങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കുള്ള ഉറവ. വേനലെത്ര കനത്താലും താമരക്കുളം മെലിയുന്നതല്ലാതെ വറ്റിവരണ്ട അനുഭവമില്ല. ഇത്തവണ നാല്‍പ്പത്തി മൂന്ന് ‍ഡിഗ്രി ചൂടിലും കുളത്തില്‍ ഉറവ കിനിയുന്നുണ്ട്. മൂന്നരയേക്കറിലെ വിസ്തൃതമായ കുളം നാടിനാകെ ജീവവായുവാകുന്ന ഇടം കൂടിയാണ്. പരമ്പരാഗതമായി ലഭിച്ച കുളത്തിന്റെ ഉടമസ്ഥാവകാശം പെരുങ്കുന്നം സ്വദേശികളും കര്‍ഷകരുമായ രാജേഷും, വിഷ്ണുദാസും കോട്ട കെട്ടി അടച്ചില്ല. ആര്‍ക്കും ഏത് സമയത്തും കുളത്തിലിറങ്ങാം. നിയന്ത്രണങ്ങളില്ലാതെ വെള്ളം ഉപയോഗിക്കാം.

കുളം നിറയുന്നതിന് അനുസരിച്ച് മുപ്പതേക്കറിലധികം വരുന്ന കൃഷിയിടത്തിലേക്ക് യാതൊരു തടസവുമില്ലാതെ വെള്ളമെത്തും. തെങ്ങും, കവുങ്ങും, മറ്റ് ഇടവിളകളുമെല്ലാം തലയെടുപ്പോടെ വളരും. കിണറുകളില്‍ ജലസമൃദ്ധി ഉയരും. പ്രകൃതി തന്നത് മനുഷ്യര്‍ നശിപ്പിക്കരുതെന്ന കര്‍ഷകന്റെ ചിന്തയാണ് നാടിനും നാട്ടാര്‍ക്കും സ്നേഹത്തിന്റെ ഉറവ തീര്‍ക്കുന്നത്. 

Palakkad Thamarakkulam Goodness of two farmers 

MORE IN KERALA
SHOW MORE