ജപ്തി നടപടിക്കിടെ പെട്രോൾ ഒഴിച്ചു തീകൊളുത്തി ഗൃഹനാഥ; പൊലീസുകാര്‍ക്കും പൊള്ളലേറ്റു

fire-2
പ്രതീകാത്മക ചിത്രം.
SHARE

ഇടുക്കി നെടുങ്കണ്ടത്ത് വീടും സ്ഥലവും ജപ്തി ചെയ്യാനുള്ള ബാങ്ക് നടപടിക്കിടെ ദേഹത്തു പെട്രോൾ ഒഴിച്ചു തീകൊളുത്തി ഗൃഹനാഥ. 80 ശതമാനത്തോളം പൊള്ളലേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശാരിക്കണ്ടം ആനിക്കുന്നേൽ ഷീബ ദിലീപിനെ(49) ആണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഷീബയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നെടുങ്കണ്ടം എസ്ഐ ബിനോയ് ഏബ്രഹാം (52), വനിതാ സിവിൽ പൊലീസ് ഓഫിസർ ടി.അമ്പിളി (35) എന്നിവർക്കും പൊള്ളലേറ്റു. 40 ശതമാനം പൊള്ളലേറ്റ അമ്പിളിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിനോയ്‌ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വീട്ടിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ചാണു ഷീബ സ്വയം തീകൊളുത്തിയതെന്നു പൊലീസ് പറഞ്ഞു. 

ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടരയോടെയാണു സംഭവം. തൊടുപുഴ സിജെഎം കോടതിവിധിയെത്തുടർന്നാണു സ്വകാര്യ ബാങ്ക് ജീവനക്കാർ പൊലീസ് അകമ്പടിയോടെ ഷീബയുടെ വീടും സ്ഥലവും ജപ്തി ചെയ്യാനെത്തിയത്. ഷീബയും കുടുംബവും താമസിക്കുന്ന വീടും 13 സെന്റ് സ്ഥലവും പണയപ്പെടുത്തി മുൻ ഉടമ വായ്പയെടുത്തിരുന്നു.

ഈ തുകയിൽ 15 ലക്ഷം രൂപ അടയ്ക്കാമെന്ന വ്യവസ്ഥയിലാണു ഷീബയും കുടുംബവും സ്ഥലം വാങ്ങിയത്. വായ്പ അടച്ചുതീർക്കുന്നതു സംബന്ധിച്ച ഒത്തുതീർപ്പു ശ്രമങ്ങൾ നടക്കുന്നതിനിടെയാണു ബാങ്ക് അധികൃതർ കോടതിയെ സമീപിച്ചു ജപ്തിക്കുള്ള ഉത്തരവു സമ്പാദിച്ചതെന്നാണു സൂചന.

MORE IN KERALA
SHOW MORE