സുഗന്ധഗിരി മരംമുറി; ഡിഎഫ്ഒയ്ക്കെതിരെയുള്ള നടപടികളില്‍ അടിമുടി ദുരൂഹത

sugandagiri
SHARE

സുഗന്ധഗിരി മരംമുറിയില്‍ ഡിഎഫ്ഒയ്ക്കെതിരെ സ്വീകരിച്ച നടപടികള്‍ സംശയത്തിന്‍റെ നിഴലില്‍. ഡിഎഫ്ഒയുടെ വിശദീകരണം ചോദിച്ച് പുറത്തിറക്കിയ നോട്ടീസ് മണിക്കൂറുകള്‍ക്കുള്ളില്‍ റദ്ദാക്കിയതിലും അര്‍ദ്ധരാത്രി സസ്പെന്‍ഷന്‍ ഉത്തരവിറങ്ങിയതിലും അടിമുടി ദുരൂഹത. നടപടിക്രമങ്ങള്‍ പാലിക്കാതെ ഡിഎഫ്ഒയെ സസ്പെന്‍റ് ചെയ്തത് വനംമന്ത്രി ഇടപെട്ട് മരവിപ്പിക്കുകയായിരുന്നു.

സുഗന്ധഗിരി മരംമുറിയില്‍ കടുത്ത അനാസ്ഥയും കൃത്യവിലോപവും, സര്‍ക്കാര്‍ താല്‍പര്യം സംരക്ഷിക്കുന്നതില്‍ വിഴ്ചയും സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്ന കരീമിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായി എന്നാണ് സസ്പെന്‍ഷന്‍ ഉത്തരവില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഡിഎഫ്ഒയുടെ അടുക്കല്‍ വിശദീകരണം ചോദിക്കുകയോ വീഴ്ചകള്‍ എന്തെന്ന് വ്യക്തമാക്കേണ്ട ചാര്‍ജ്ഷീറ്റ് നല്‍കുകയോ ചെയ്യാതെയായിരുന്നു സസ്പെന്‍ഷന്‍. മരംമുറിയില്‍ വിശദീകരണം നല്‍കണമെന്ന് കാണിച്ച് നോര്‍ത്തേണ്‍ സര്‍ക്കിള്‍ സിസിഎഫ് പുറത്തിറക്കിയ നോട്ടീസ് രണ്ട് മണിക്കൂറിനുള്ളില്‍ ഉന്നത ഇടപെടലില്‍ റദ്ദാക്കി. പിന്നാലെയായിരുന്നു വനംമന്ത്രിയുടെ ഓഫീസില്‍ നിന്ന് സസ്പെന്‍ഷന്‍ ഉത്തരവ്. വിവാദമാകാനും കോടതിയില്‍ തിരിച്ചടിയാകാനുമുള്ള സാധ്യത മുന്നില്‍കണ്ടാണ് വയനാട്ടിലെ സി.പി.എം. നേതൃത്വം ഇടപെട്ട് വനംമന്ത്രിയെ കൊണ്ട് സസ്പെന്‍ഷന്‍ മരവിപ്പിച്ചത്.

സര്‍ക്കാരിന് കോടികളടെ നഷ്ടം ഉണ്ടാക്കിയ മുട്ടില്‍ മരംമുറി കേസിന്‍റെ വിചാരണ നടക്കുന്ന സമയം, കേസില്‍ വനംവകുപ്പിന്‍റെ നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഡിഎഫ്ഒയെ സസ്പെന്‍റ് ചെയ്ത് തല്‍സ്ഥാനത്തു നിന്ന് മാറ്റാനുള്ള നീക്കം കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നാണ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ സംശയം. മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് അന്നുണ്ടായിരുന്ന ഡിഎഫ്ഒയെ സ്ഥലം മാറ്റുക മാത്രമാണ് ചെയ്ത്. സമാനമായ കേസില്‍, നിലവിലെ ഡിഎഫ്ഒയ്ക്കെതിരെ തിടുക്കപ്പെട്ട് സസ്പെന്‍ഷന്‍ സ്വീകരിച്ചത് ദുരൂഹമാണ്. ഡിഎഫ്ഒയെ കുടുക്കുന്നതിനായി മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിച്ചെന്ന വികാരവും ജീവനക്കാര്‍ക്കിടയിലുണ്ട്.

The actions taken against the DFO in the Sugandhagiri tree cutting case are under the shadow of doubt

MORE IN KERALA
SHOW MORE