‘വിഡിയോ ക്ലിപ് എന്നുതന്നെ പറഞ്ഞു; നുണ ജനം തിരിച്ചറിയും ടീച്ചറേ’: കോണ്‍ഗ്രസ്

shailaja-teacher-video-clip-aganist-congress
SHARE

മോര്‍ഫ് ചെയ്ത വിഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ല എന്ന് കെ.കെ.ശൈലജ പറഞ്ഞതിനു പിന്നാലെ രൂക്ഷമായി തിരിച്ചടിത്ത് കോണ്‍ഗ്രസ്. ശൈലജയുടെ വിവാദ പരാമര്‍ശം വന്നതിനു പിന്നാലെ കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി.സിദ്ദിഖ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങിയവര്‍ കുറിപ്പുമായി രംഗത്തെത്തി. 

തിരഞ്ഞെടുപ്പ് രംഗത്ത് ഏതറ്റം വരെയും പോകുന്ന പാർട്ടിയാണ് സിപിഎം എന്നും കള്ളപ്രചരണം മുതൽ കള്ളവോട്ട് വരെ അവർക്ക് തിരഞ്ഞെടുപ്പിൽ ഒഴിവാക്കാൻ പറ്റാത്ത കാര്യങ്ങളാണെന്നും ടി സിദ്ദിഖ് സിപിഎമ്മിനെതിരെ തുറന്നടിച്ചു. ഷാഫിയെ പോലുളള ഒരു രാഷ്ട്രീയക്കാരനെതിരെ ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ അത് തിരിച്ചടിക്കുമെന്ന് സിപിഎമ്മുകാരും ശൈലജ ടീച്ചറും ആലോചിച്ചില്ല എന്നും, സോഷ്യൽ മീഡിയയിലെ കമന്റുകളുടെ നിലവാരം നോക്കിയാൽ അവിടെയും സഖാക്കളെ തോൽപ്പിക്കാൻ യുഡിഎഫിന്റെ പ്രവർത്തകർക്ക് കഴിയില്ല,  ശ്രീ അച്യുതാനന്ദൻ മുതൽ കുട്ടി സഖാക്കൾ വരെ സ്ത്രീകളെ അപമാനിച്ച ചരിത്രം പരിശോധിച്ചാൽ സിപിഎമ്മിന്റെ തട്ട് താണ് തന്നെയിരിക്കും എന്നും സിദ്ദിഖ് കുറിപ്പിലൂടെ ഓര്‍മപ്പെടുത്തി. 

ഇല്ലാത്ത വിഡിയോയുടെ പേര് പറഞ്ഞ് യുഡിഎഫിനെ ഉപദേശിക്കാനിറങ്ങിയ സാംസ്കാരിക സാമൂഹ്യ രംഗത്തെ പ്രമുഖരെയും കുറിപ്പില്‍ വിമര്‍ശിക്കുന്നുണ്ട്.എന്തൊക്കെ ആണെങ്കിലും ഈ വിവാദം ഷാഫി പറമ്പിലിന് ഗുണമാണ് ചെയ്തെന്നും നിയസഭയിൽ വച്ച് വീണ്ടും കാണാം എന്നും സിദ്ദിഖ് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.‘ടീച്ചർ അന്ന് പറഞ്ഞതിൽ വീഡിയോ ക്ലിപ് എന്ന് തന്നെ പറഞ്ഞിരുന്നു’ എന്ന് പറ​ഞ്ഞ് വിഡിയോയും സിദ്ദിഖ് പങ്കുവച്ചിട്ടുണ്ട്. 

തനിക്കെതിരെ അശ്ലീല പ്രചാരണം ഷാഫി പറമ്പിലിന്റെ നേതൃത്വതിലാണ് നടക്കുന്നത് എന്നു ആരോപിച്ചു ശൈലജ ടീച്ചർ ചോദിച്ച ചോദ്യം മുന്‍നിര്‍ത്തിയാണ് രാഹുലിന്‍റെ പോസ്റ്റ്. 'ഷാഫി പറമ്പിലിന് ഉമ്മയില്ലേ?' എന്ന ചോദ്യത്തിന് അതേ ടീച്ചറേ, ഷാഫി പറമ്പിലിന് ഉമ്മയുണ്ട്, പക്ഷേ ആ ഉമ്മ ഇങ്ങനെ കള്ളം പറയില്ല എന്നാണ് മറുപടി. 

മോർഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ല എന്ന പറയുന്ന താങ്കള്‍ നാല് വോട്ടിന് വേണ്ടി പച്ചക്കളളമാണ് പറയുന്നത്. 

നുണ പറഞ്ഞ് ഒരു തിരഞ്ഞെടുപ്പിൽ സഹതാപം സൃഷ്ടിക്കാൻ താങ്കൾ ശ്രമിച്ചു. ടീച്ചർ പറഞ്ഞ കള്ളം കള്ളം ആണെന്ന് അറിഞ്ഞിട്ടും അത് ഏറ്റെടുത്ത് ചർച്ച നടത്തിയ സിഐടിയു മാധ്യമ തൊഴിലാളികൾ, ലേഖനം എഴുതിയ സിഐടിയു എഴുത്തുകാർ,നീണ്ട കുറിപ്പ് എഴുതിയ സിഐടിയു സൈബർ ബുദ്ധിജീവികൾ, തെറി പറഞ്ഞ സോഷ്യൽ മീഡിയ സിഐടിയു കൃമികീടങ്ങൾ, എന്നും സ്ഥാനാർഥിക്കും എനിക്കുൾപ്പടെ എതിരെ വാർത്ത എഴുതിയ സിഐടിയു ദേശാഭിമാനിക്കാർ, ഇപ്പോഴും ഇതൊക്കെ വിശ്വസിച്ച് വീട് വീടാന്തരം കയറുന്ന പാർട്ടി പ്രവർത്തകർ ഇതൊക്കെ തുടര്‍ന്നാല്‍ ടീച്ചറുടെ പൊയ്മുഖം ജനം അറിയുമെന്നും രാഹുല്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

പച്ചക്കളളം പറഞ്ഞെങ്കിലും ടീച്ചറെന്നേ ഞങ്ങൾ വിളിക്കു, കള്ളവും നുണയും ജനം തിരിച്ചറിയും ടീച്ചറെ എന്നാണ് രാഹുലിന്‍റെ കുറിപ്പ്.

MORE IN KERALA
SHOW MORE