‘കോൺഗ്രസ് ഗംഭീരമായി കൂടെ നിന്നു’; കേരളത്തില്‍ ആം ആദ്മി പിന്തുണ ആർക്ക്?

kejriwal-sonia-vinod-845
SHARE

കേരളത്തിൽ 15,000 വോളണ്ടിയർമാരും 2 ലക്ഷത്തിലധികം അംഗങ്ങളും ഉള്ള ദേശീയ പാർട്ടിയാണ് ആം ആദ്മി. എന്നാൽ ഇത്തവണ കേരളത്തിൽ ആം ആദ്മി പാര്‍ട്ടി സ്ഥാനാർഥികളെ പ്രഖ്യപിച്ചിട്ടില്ല. ദേശീയ തലത്തിൽ ഇന്ത്യ മുന്നണിക്കൊപ്പമുള്ള പാർട്ടി കേരളത്തിൽ ആർക്കൊപ്പം? പാർട്ടി സംസ്ഥാന പ്രസിഡന്റ് അഡ്വ. വിനോദ് മാത്യു വിൽസൺ മനോരമ ന്യൂസ് ഡോട് കോമിനോട് നിലപാട് പറയുന്നു.

  • കേരളത്തില്‍ പിന്തുണ യുഡിഎഫിനോ എൽഡിഎഫിനോ?

അരവിന്ദ് കേജ്‍‌രിവാളിന്‍റെ അറസ്റ്റോടെയാണ് ഇന്ത്യ സഖ്യം ശക്തി പ്രാപിക്കുന്നത്. ഒരൊറ്റ ലക്ഷ്യത്തിലേക്ക് ഇന്ത്യ സഖ്യത്തെ നയിച്ചത് കേജ്‍‌രിവാളിന്‍റെ അറസ്റ്റാണ്. പഞ്ചാബിൽ ആം ആദ്മി പാര്‍ട്ടി ഒറ്റയ്ക്കാണ് മൽസരിക്കുന്നത്. ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം. കേരളത്തിൽ ബിജെപി ഒരു ശക്തിയേ അല്ല. ബിജെപിക്ക് വോട്ടു കൂടാൻ പാടില്ലെന്നാണ് എഎപിയുടെ നിലപാട്. ഇന്ത്യ മുന്നണിയെ നേരിട്ട് ശക്തിപ്പെടുത്താൻ കഴിയുന്ന സ്ഥാനാർഥിക്ക് വോട്ടു നൽകും. ഒരോ മണ്ഡലത്തിലും അതനുസരിച്ച് വോട്ടു ചെയ്യാനാണ് നിർദേശം. അത് മനസിലാക്കാനുള്ള പ്രബുദ്ധത പാർട്ടി അംഗങ്ങൾക്കുണ്ട്. ഇതിന്‍റെ ഭാഗമായി സർവേ അടക്കം നടത്തിയിട്ടുണ്ട്. ബിജെപിക്ക് ഒരു ശതമാനം വോട്ട് ഉയരാൻ ഞങ്ങൾ സമ്മതിക്കില്ല. ബിജെപി രണ്ടാം സ്ഥാനത്ത് പോലും വരാൻ പാടില്ല. അത്തരം മണ്ഡലങ്ങളിൽ ശക്തമായ മൽസരം കാഴ്ചവയ്ക്കുന്ന പാർട്ടിക്ക് വോട്ടു നൽകും. 

aap-kerala-02
  • ഇന്ത്യ മുന്നണിക്ക് മുൻകൈ എടുത്തത് കോണ്‍ഗ്രസാണ് എന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടോ..? 

ഇന്ത്യ സഖ്യത്തിന് മുൻകൈ എടുത്തത് കോൺഗ്രസാണ് എന്നതിൽ വിയോജിപ്പുണ്ട്. 2019ൽ മുന്നണി ചർച്ചയുണ്ടായപ്പോൾ അന്ന് പി.സി ചാക്കോയ്ക്കായിരുന്നു എ.ഐ.സി.സിയിൽ ഡൽഹിയുടെ ചുമതല. പക്ഷെ ഷീലാ ദീക്ഷിത് ആണ് തടസം നിന്നത്. പിന്നീട് ഇന്ത്യ സഖ്യത്തിന് മജ്ജയും മാംസവും വന്നത് ബെംഗളൂരുവിൽ നടന്ന ചർച്ചയിലാണ്. ലെഫ്റ്റനന്‍റ് ഗവർണര്‍ക്ക് അധികാരം നൽകുന്ന ബില്ലിനെ കോൺഗ്രസ് അടക്കം എതിർക്കണം എന്നതായിരുന്നു കേജ്‍‌രിവാളിന്‍റെ നിലപാട്. എങ്കിലേ സഖ്യത്തിലേക്ക് വരു എന്ന് പറഞ്ഞു. അദ്യം അതിനെ എതിർക്കാൻ മടി കാണിച്ച കോൺഗ്രസ് പിന്നെ അതിനോട് അനൂകൂല നിലപാട് ഉണ്ടായി. കേജ്‍‌രിവാൾ വന്നതിന് ശേഷമാണ് മുന്നണി കെട്ടുറുപ്പുള്ളതായത്. അദ്ദേഹമാണ് ഉദ്ദവ് താക്കറെയെയും സ്റ്റാലിനെയും നിതീഷ് കുമാറിനെയും കണ്ടതും ചർച്ച നടത്തിയതും.

ഈ താൽപര്യം കോൺഗ്രസിന് മനസിലായത് കൊണ്ടാണ് കോൺഗ്രസിനെ എതിർത്ത് അധികാരത്തിൽ വന്നിട്ടും അവർ ഞങ്ങളെ പിന്തുണയ്ക്കുന്നത്. കേജ്‌രിവാളിന്‍റെ അറസ്റ്റിന്‍റെ  അധാർമികത ജനത്തിന് മുന്നിൽ വരച്ചു കാട്ടാനും അതിഗംഭീരമായി പാർട്ടിക്കൊപ്പം നിൽക്കാനും കോണ്‍ഗ്രസിനായി. ഒരുകാലത്ത് എഎപി ബിജെപിയുടെ ബി ടീമാണെന്ന് വരെ വിമർശിച്ചിരുന്നു അവര്‍. ബിജെപിയെ നേരിടുന്നതിൽ എഎപി പിന്നിലേക്ക് പോയിട്ടില്ല. രാമക്ഷേത്രം ഉൾപ്പടെയുള്ള വിഷയങ്ങളിൽ ബിജെപിയെ വെട്ടിലാക്കുന്ന നിലപാടായിരുന്നു എഎപിക്ക്. 

aap-kerala-01

കോൺഗ്രസ് വലിയ ജനാധ്യപത്യ പാർട്ടിയാണ്. അവർ നിലനിൽക്കേണ്ടത് കാലഘട്ടത്തിന്‍റെ  അവശ്യം കൂടിയാണ്. കോൺഗ്രസ് മുക്തഭാരതമെന്ന് എഎപി പറഞ്ഞിട്ടില്ല. ജനാധിപത്യ പാർട്ടികൾ എല്ലാം ഇന്ത്യയിലുണ്ടാകണം. തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയെയാണ് രാഷ്ട്രപതി സർക്കാർ ഉണ്ടാക്കാൻ വിളിക്കുക. ബിജെപി വലിയ ഒറ്റകക്ഷിയാകാൻ പാടില്ല. അങ്ങനെ സംഭവിച്ചാൽ പണം നൽകിയും ചാക്കിട്ട് പിടിച്ചും അധികാരത്തിൽ വരും. അതുകൊണ്ട് അത് സംഭവിക്കരുത്. 

  • കേരളത്തിൽ മുന്നണി പ്രവേശം ഉണ്ടാകുമോ?

ഡൽഹിയിലും പഞ്ചാബിലും അടക്കം ഒരു മുന്നണിയുടെയും ഭാഗമാകാതെയാണ് ആം ആദ്മി പാർട്ടി അധികാരത്തിൽ വന്നത്. കേരളത്തിലും അത്തരം സ്പേസ് കണ്ടത്തുകയാണ് ലക്ഷ്യം. നിലവിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽ നിന്നും താഴെയിറക്കുകയാണ് ലക്ഷ്യം.

aap-kerala-04
  • യുഡിഎഫിന് പിന്തുണ നൽകിയത് കൊണ്ടല്ലേ മുൻ കൺവീനർക്ക് സ്ഥാനം നഷ്ടമായത്?

സി.ആർ നീലകണ്ഠന് എന്താണ് സംഭവിച്ചതെന്ന് എനിക്ക് കൃത്യമായി അറിയില്ല. നടപടി എടുത്തതിൽ എനിക്കും കേട്ടറിവ് മാത്രമേ ഉള്ളു. ഇത്തവണ കേന്ദ്ര കമ്മിറ്റി നിർദശ പ്രകാരമാണ് സംസ്ഥാന കമ്മിറ്റി തീരുമാനം എടുത്തത്. 

  • ഇത്തവണ എന്തുകൊണ്ട് സ്ഥാനാർഥികൾ ഇല്ല?

പാർട്ടിയുടെ ദേശീയ നയം നേരിട്ട് ലോക്സഭയിലേക്ക് പോകുക എന്നുള്ളതല്ല. ഗുജറാത്തിലും ഹരിയാനയിലും അടക്കം മുൻസിപ്പൽ കോർപ്പറേഷനിൽ മൽസരിച്ച ശേഷമാണ് നിയമസഭയിലേക്കും ലോക്സഭയിലേക്കും മൽസരിക്കുന്നത്. 2014ൽ കേരളത്തിൽ മൽസരിച്ച ശേഷം ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലും, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലും മാത്രമാണ് മൽസരിച്ചത്. ഇനി 2025ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ പരമാവധി വാർഡ് മെംബർമാരെ സൃഷ്ടിക്കുക എന്നതാണ് പാർട്ടിയുടെ നയം. അതിന് ശേഷമേ നിയമസഭയിലേക്ക് മൽസരിക്കൂ. ലോക്സഭയിലേക്ക് മൽസരിക്കും മുൻപ് പാർട്ടിയുടെ കീഴ്ഘടങ്ങൾ ശക്തിപ്പെടുത്തും. അല്ലെങ്കിൽ തന്നെ ഈ തിരഞ്ഞെടുപ്പിൽ ആം ആദ്മിയുടെ സീറ്റിനെക്കാൾ പ്രധാനം സംഘപരിവാർ ശക്തികളെ അധികാരത്തിൽ നിന്നും മാറ്റി നിർത്തുക എന്നതാണ്.

aap-kerala-03
  • കേരളത്തിലെ പാര്‍ട്ടിയുടെ ഇടപെടലുകള്‍ എങ്ങനെയാണ്?

സപ്ലൈകോ വില വർധനവിൽ ആദ്യം സമരം ചെയ്തത് ആം ആദ്മി പാർട്ടിയാണ്. ഞങ്ങളാണ് സെൽഫി അറ്റ് സപ്ലൈകോ എന്ന പ്രചാരണം തുടങ്ങിയത്. അതിന് ശേഷമാണ് യൂത്ത് കോൺഗ്രസ് അതിലേക്ക് വരുന്നത്. എന്നാൽ ഞങ്ങൾക്ക് മാധ്യമങ്ങളുടെ തലോടൽ ഇല്ലാത്തത് കൊണ്ട് വേണ്ടത്ര ജനശ്രദ്ധ കിട്ടിയില്ല. സിദ്ധാർഥിന്‍റെ മരണത്തിൽ അദ്യം സിബിഐ അന്വേഷണം ആവശ്യപ്പെട്ടത് എഎപിയാണ്. 

കോൺഗ്രസിനെതിരെ പലപ്പോഴും ഞങ്ങൾ സമരം ചെയിതിട്ടുണ്ട്. സിപിഎം സർക്കാരിൽ വിയോജിപ്പുകൾ ഉണ്ട്. രാജ്യത്തിന്‍റെ ഭരണഘടന നൽകുന്ന അവകാശത്തിന്‍റെ  പുറത്താണ് നമ്മൾ നിലപാട് പറയുന്നതും സമരം  ചെയ്യുന്നതും. ഭരണഘടന ഭേദഗതി ചെയ്യും എന്ന് പല ബിജെപി എംപിമാരും പറഞ്ഞു കഴിഞ്ഞു. ഭരണഘടന നിലനിന്നാൽ മാത്രമേ ഭരണകർത്താക്കളുടെ അഴിമതിയെ ചോദ്യം ചെയ്യാൻ സാധിക്കു. എകാധിപതിയുടെ ഭരണം വന്നാൽ മിണ്ടാൻ കഴിയില്ല. അതുകൊണ്ട് അതിനെ തകർക്കുന്നവർക്കെതിരെ ആദ്യം പോരാടാം എന്നതാണ് എഎപിയുടെ ലക്ഷ്യം.

Aam Admi Party stand on Loksabha election 2024

MORE IN INDIA
SHOW MORE