കള്ളനെന്നു മുദ്രകുത്തി; അറസ്റ്റ്; യഥാര്‍ഥ പ്രതി പിടിയില്‍; ആത്മഹത്യ ചെയ്ത് രതീഷ്

ratheesh
രതീഷിന്റെ വീട്. പൊലീസ് കസ്റ്റഡിയിൽ കിടന്ന് ഉപയോഗ ശൂന്യമായ ഓട്ടോറിക്ഷയും സമീപം കാണാം. മരിച്ച രതീഷ് (വലത്).
SHARE

മോഷണക്കേസിൽ ഒരാളെ കള്ളനെന്നു മുദ്രകുത്തി പൊലീസ് അറസ്റ്റ് ചെയ്തു ജയിലിലടയ്ക്കുന്നു, വർഷങ്ങൾക്കു ശേഷം മറ്റൊരു മോഷണക്കേസില്‍ പിടിയിലാകുന്ന പ്രതി ഈ കേസിന്‍റെയും ഉത്തരവാദിത്വം ഏറ്റെടുക്കുന്നു, അന്വേഷണത്തില്‍ രണ്ട് മോഷണങ്ങളും നടത്തിയത് രണ്ടാമത് പിടിയിലായ ആളാണ് വ്യക്തമാകുന്നു. അപ്പോള്‍ ആദ്യം പൊലീസ് അറസ്റ്റ് ചെയ്ത ആളുടെ മാനസികാവസ്ഥ എന്തായിരിക്കും? ജയിലില്‍ അനുഭവിച്ച നരകയാതനയെക്കാള്‍ ഭീകരമായിരിക്കും പുറത്തെ അവസ്ഥ. കള്ളനായി മുദ്രകുത്തപ്പെട്ടയാള്‍ മാത്രമല്ല, അയാളുടെ കുടുംബവും അഭിമുഖീകരിക്കേണ്ടി വരുന്നത് ഏറ്റവും മോശം സാഹചര്യങ്ങളെയാവും.

കൊല്ലം അഞ്ചലില്‍ നടന്ന സംഭവമാണിത്. കള്ളനെന്നു മുദ്രകുത്തി രതീഷ് എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു. വര്‍ഷങ്ങള്‍ക്കുശേഷം യഥാര്‍ഥ പ്രതി പിടിയിലായപ്പോൾ രതീഷിനെ കോടതി കുറ്റവിമുക്തനാക്കി. ജീവിതത്തിലെ നല്ല സമയങ്ങളത്രയും ജയിലില്‍ കിടന്ന് തീര്‍ക്കേണ്ടി വന്ന ആ യുവാവ് ആത്മഹത്യയെ പുല്‍കി. പൊലീസിന്റെ ശാരീരിക പീഡനങ്ങളിൽ ആരോഗ്യവും കേസ് നടത്തി കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയും നഷ്ടമായതിന്റെ മനോവിഷമം രതീഷിനു താങ്ങാനായില്ലെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. മുപ്പത്തിയെട്ടു വയസ്സായിരുന്നു. രതീഷിന്‍റെ സംസ്കാരം നടത്തി. 

അഞ്ചൽ ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന രതീഷിനെ പൊലീസ് വേട്ടയാടിയതു 2014 സെപ്റ്റംബറിലാണ്. ടൗണിലെ മെഡിക്കൽ സ്റ്റോറിൽ കവർച്ച നടത്തിയെന്നാരോപിച്ച്, പൊലീസ് അറസ്റ്റ് ചെയ്തു. കൊടിയ മർദനം സഹിക്കാതെ രതീഷ് സെല്ലിൽ തളർന്നു വീണതായി അന്നു വിവരം പുറത്തു വന്നിരുന്നു. തട്ടിക്കൂട്ടിയ തെളിവുകൾ ഹാജരാക്കി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മാസങ്ങളോളം ജയിലിൽ‍ കഴിയേണ്ടിവന്നു.

കുടുംബത്തിന്റെ ഏക വരുമാന മാർ‍ഗമായിരുന്ന ഓട്ടോറിക്ഷ സ്റ്റേഷനിൽ കിടന്നു തുരുമ്പെടുത്തു. അപമാനഭാരം കുടുംബത്തെ തളർത്തി. ഭാര്യയും പറക്കമുറ്റാത്ത രണ്ട് കുട്ടികളും അനുഭവിച്ചതിനൊന്നിനും കണക്കില്ല. ഇതിനിടെ, 2020 ൽ കാര്യങ്ങൾ മാറിമറിഞ്ഞു. തിരുവനന്തപുരം കാരക്കോണം സ്വദേശിയായ ഒരാളെ മറ്റൊരു കേസിൽ പിടികൂടിയപ്പോൾ അഞ്ചൽ ടൗണിലെ മെഡിക്കൽ സ്റ്റോറിൽ നടത്തിയ മോഷണവും അയാൾ വെളിപ്പെടുത്തി. ഇതോടെ രതീഷിനെ കോടതി മോചിപ്പിച്ചു. അപ്പോഴേക്കും കസ്റ്റഡി കാലത്തെ ശാരീരിക പീഡനങ്ങൾ രതീഷിനെ മാനസികവും ശാരീരികവുമായി തകർത്തിരുന്നു. 

മോഷണക്കേസിൽ പ്രതിയായ ശേഷം കൃത്യമായ ജോലിയും കിട്ടിയില്ല. സാമ്പത്തിക നില ആകെ തകർന്നു. കള്ളക്കേസിൽ കുടുക്കിയ പൊലീസുകാർക്ക് എതിരെ വകുപ്പുതല അന്വേഷണവും മറ്റും ചടങ്ങു പോലെ തുടരുന്നുണ്ട്. രതീഷ് കോടതിയിൽ നൽകിയ കേസും തീർപ്പായിട്ടില്ല.

Police arrested an innocent man in theft case: Years after  truth came into light, while the man committed suicide.

MORE IN KERALA
SHOW MORE