15 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; പടയണിയെ അടുത്തറിയാന്‍ ഒരു ഗ്രാമം

padayani
SHARE

പതിനഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കടമ്മനിട്ട പടയണി ഗ്രാമത്തില്‍ മ്യൂസിയം തുറന്നു. പടയണി കോലങ്ങളും വാദ്യങ്ങളുമെല്ലാം പടയണി ഗവേഷകര്‍ക്കടക്കം കണ്ട് ഉപകാരപ്പെടും വിധമാണ് മ്യൂസിയം തയാറാക്കിയിരിക്കുന്നത്. മുളയിലും തടിയിലുമാണ് പടയണി ഗ്രാമത്തിന്‍റെ നിര്‍മാണം.

പടയണിയെ അറിയാന്‍ എത്തുന്നവര്‍ക്ക് ഒരു സ്ഥിരം സംവിധാനം എന്ന സ്വപ്നമാണ് പതിനഞ്ച് വര്‍ഷത്തിന് ശേഷം സഫലമായത്. പടയണിയിലെ വലിയ കോലങ്ങളായ ഭൈരവി, കാഞ്ഞിരമാല, മാടന്‍, മറുത. യക്ഷിക്കോലങ്ങള്‍ , പക്ഷിക്കോലങ്ങള്‍, കാലന്‍ കോലത്തിന്‍റെ വാള്, പടയണിയുടെ വാദ്യങ്ങളായ തപ്പ്, അകമ്പടിയായ വീരമദ്ദളം കോലംവരയ്ക്കാനുപയോഗിക്കുന്ന നിറങ്ങള്‍, ചായക്കോലുകള്‍ തുടങ്ങിയവയെല്ലാം മ്യൂസിയത്തില്‍ ഉണ്ട്. പടയണി ഇല്ലാത്ത കാലത്തും പടയണിയെ അറിയാനും പഠിക്കാനുമുള്ള ഉദ്ദേശ്യമാണ് പടയണി ഗ്രാമവും മ്യൂസിയവും.

പച്ചപ്പാളയിലെ കോലങ്ങള്‍ക്ക് സമാനമായ രീതിയില്‍ ചീകിയെടുത്ത പച്ചപാള തന്നെ സംസ്കരിച്ചെടുത്താണ് മ്യൂസിയത്തിലേക്കുള്ള കോലങ്ങള്‍ തയാറാക്കിയത്. ദീര്‍ഘകാലം ഈട് നില്‍ക്കും വിധമാണ് കോലങ്ങള്‍ തയാറാക്കിയതെന്ന് പടയണി കലാകാരന്‍മാര്‍ പറഞ്ഞു പടയണി കലാകാരന്‍ കൂടിയായ അശ്വിന്‍ കടമ്മനിട്ട പകര്‍ത്തിയ നാല്‍പതില്‍ അധികം ചിത്രങ്ങളും മ്യൂസിയത്തില്‍ ഉണ്ട്.   2007ലാണ് മൂന്നര ഏക്കറില്‍ പടയണി ഗ്രാമത്തിനായി പണിതുടങ്ങിയത്. കേന്ദ്ര, സംസ്ഥാന ഫണ്ടുകള്‍ ഉപയോഗിച്ച് ഘട്ടംഘട്ടമായാണ് നിര്‍മാണം നടന്നത്. കടമ്മനിട്ട ഗോത്രകലാകളരിയുടെ ഓഫിസും പരിശീലനവും പടയണി ഗ്രാമത്തിലാണ്. കടമ്മനിട്ട പടയണിയിലേക്കുള്ള കോലങ്ങള്‍ തയാറാക്കുന്ന പ്രധാന കേന്ദ്രങ്ങളില്‍ ഒന്നും പടയണി ഗ്രാമം ആണ്

Padayani gramam at pathanamthitta

MORE IN KERALA
SHOW MORE