കെഎസ്ഇബിയില്‍ പോര് മുറുകുന്നു; മാനേജുമെന്‍റും തൊഴിലാളികളും നേര്‍ക്കുനേര്‍

kseb
SHARE

വൈദ്യുതി ബോര്‍ഡ് മാനേജ്മെന്‍റും ഭരണ–പ്രതിപക്ഷ അനുകൂല സംഘടനകളും വീണ്ടുംപോരിലേക്ക്. വൈദ്യുതി ബോർഡിലെ മധ്യനിര മാനേജ്മെൻ്റ് തസ്തികളിലേക്ക് കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ നിന്ന് ഓഫിസര്‍മാരെ നിയമക്കാനുള്ള നീക്കമാണ് കാരണം. വൈദ്യുതി ബോര്‍ഡിന് വന്‍സാമ്പത്തിക ബാധ്യത വരുത്തുന്ന നടപടിയില്‍ നിന്ന് പിന്മാറണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു.

വൈദ്യുതി ബോര്‍ഡിലെ തന്ത്രപ്രധാന വകുപ്പുകളുടെ മേലധികാരികളായി കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ നിന്ന് ഓഫിസര്‍മാരെ നിയമിക്കണമെന്ന് കാട്ടി ഈമാസം ആറിന് ബോര്‍ഡ് ചെയര്‍മാന്‍ രാജന്‍ ഘോബ്രഗഡെ ഊര്‍ജ വകുപ്പ് സെക്രട്ടറിക്ക് നല്‍കിയ കത്താണിത്. ഐ.ടി മുതല്‍ പ്രസരണം വിതരണം, ഉല്‍പാദനം, ധനകാര്യഭരണം ഉള്‍പ്പടെ സുപ്രധാന വകുപ്പുകളിലാണ് ഓഫിസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി എന്നപേരില്‍ കെ.എ.എസില്‍ നിന്ന് നിയമിക്കുന്നത്.

ഇത് ത്രികക്ഷി കരാറിന്‍റെ നഗ്നമായ ലംഘനമാണെന്ന് ഇടത്–വലത് സംഘടനകള്‍ ഒരേസ്വരത്തില്‍ പറയുന്നു. വൈദ്യുതി ബോര്‍ഡ് കമ്പനിയായപ്പോള്‍ നിലവിലുണ്ടായിരുന്ന പ്രമോഷൻ മാനദണ്ഡങ്ങൾ തുടരുമെന്നായിരുന്നു കരാറില്‍. കെ.എ.എസ് നിയമനം കെ.എസ്.ഇ.ബിക്ക് വന്‍സാമ്പത്തിക ബാധ്യത വരുത്തുമെന്നു ഇത്  വൈദ്യുതി ചാർജ് വർധനയായി ഉപഭോക്താവിന്‍റെ ചുമലില്‍ വരുമെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

ശമ്പളവും പെന്‍ഷനും നല്‍കാന്‍ കടമെടുക്കേണ്ട അവസ്ഥയാണെന്നും ചെലവ് ചുരുക്കണമെന്നും കാട്ടി  ജനുവരി 24 ന് പുറത്തിറക്കിയ ഉത്തരവാണിത്.  കെ.എസ്.ആര്‍.ടി.സിയിലും കെ.എ.എസില്‍ നിന്ന് നിയമനനീക്കം ഉണ്ടായെങ്കിലും ജീവനക്കാരുടെ എതിര്‍പ്പുകാരണം പിന്മാറി. വൈദ്യുതി ബോർഡിൽ കോൺഗ്രസ് അനുകൂല സംഘടനകളായ കേരള ഇലക്ട്രിസ്റ്റി എംപ്ലോയിസ് കോണ്‍ഫഡറേഷന്‍ ,ഇലക്ട്രിസിറ്റി ഓഫീസേഴ്സ് കോൺഫെഡറേഷന്‍, ഇടതുഅനുകൂല സംഘടനകളായ കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ , ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ എന്നിവരും കെ.എ.എസ് നിയമനത്തിനെതിരെ പരസ്യമായി രംഗത്തു വന്നുകഴിഞ്ഞു.

MORE IN KERALA
SHOW MORE