തൃശൂർ പൂരം; ഇത്തവണ വി.ഐ.പി പവിലിയനില്ല; പൊളിച്ചുമാറ്റി

തൃശൂർ പൂരത്തിൽ ഇത്തവണ വി.ഐ.പി പവിലിയനില്ല. ഹൈക്കോടതി നിലപാട് കടുപ്പിച്ചതോടെ കുടമാറ്റ ചടങ്ങിനടക്കം കാഴ്ച തടസം സൃഷ്ടിച്ചിരുന്ന പവിലിയൻ പൊളിച്ചു നീക്കി. പൊളിച്ച പവിലിയന് എതിർവശത്തു വിദേശികൾക്ക് പ്രത്യേക സൗകര്യം ഒരുക്കാനാണ് പുതിയ തീരുമാനം.

ഹൈകോടതി ഇടപെടലിനെ തുടർന്നാണ് തൃശൂർ പൂരത്തിലെ വി.ഐ.പി പവിലിയൻ പൊളിച്ചു മാറ്റിയത്. ജില്ലാ ഭരണ കൂടം കഴിഞ്ഞ ദിവസം രാത്രി പവിലിയൻ പൂർണമായും നീക്കി. കുടമാറ്റം കാണാനെത്തുന്നവർക്ക് പവിലിയൻ തടസമാകുന്നുവെന്ന പരാതി വർഷങ്ങൾ മുമ്പേ ഉയർന്നതാണ്. സുരക്ഷാ പ്രശ്നങ്ങളും ഉയർന്നിരുന്നു. എന്നാൽ അന്നൊന്നും നടപടി സ്വീകരിച്ചിരുന്നില്ല. ഇത്തവണ കോടതി നിലപാട് കടുപ്പിച്ചതോടെ മാറ്റമുണ്ടായി.

വി.ഐ.പി പവിലിയൻ പൊളിച്ചുമാറ്റിയതിന് എതിർവശം വിദേശ ടൂറിസ്റ്റുകൾക്ക് മാത്രമായി പ്രത്യേക സൗകര്യം ഒരുക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്ന ഭാഗമാണിത്. കുടമാറ്റ കാഴ്ച മറക്കാത്ത വിധമാകും സൗകര്യമൊരുക്കുക. എന്നാൽ തിരുമാനത്തിനെതിരെ പൂര പ്രേമികൾ രംഗത്തെത്തി. 

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ആണ് പവിലിയൻ നിർമ്മിക്കുന്നത്. മുമ്പ് ടൂറിസ്റ്റുകൾക്ക് മാത്രമായി ഒരുക്കിയ പവിലിയൻ പിന്നീട് വിഐപി പവിലിയനായി മാറുകയായിരുന്നു. ഈ പതിവിനാണ് ഇത്തവണ മാറ്റമുണ്ടാകുന്നത്. പവിലിയനെതിരെ തൃശൂർ സ്വദേശി കെ. നാരായണൻ കുട്ടിയാണ് ഹൈകോടതിയെ സമീപിച്ചത്.

There is no VIP pavilion this time in Thrissur Pooram.

Enter AMP Embedded Script