'ജനങ്ങളുടെ സുരക്ഷയില്‍ ഉത്തരവാദിത്തമില്ലേ'; പൊലീസിനെതിരായ ആരോപണത്തില്‍ ഉറച്ച് കുടുംബം

Manoj-Unni
SHARE

കൊച്ചി നഗരത്തില്‍ പ്രധാനമന്ത്രിക്കായി ഒരുക്കിയ സുരക്ഷാവടം കഴുത്തില്‍ കുരുങ്ങി യുവാവ് മരിച്ച കേസില്‍ പോലീസിനെതിരായ ആരോപണത്തില്‍ ഉറച്ച് കുടുംബം. കയറ് കെട്ടിയുള്ള ഗതാഗതനിയന്ത്രണം ഒഴിവാക്കണമെന്ന ഡിജിപിയുടെ സര്‍ക്കുലര്‍ നടപ്പാക്കാത്തതാണ് മനോജിന്റെ ജീവന്‍ നഷ്ടമാകാന്‍ കാരണമെന്ന് സഹോദരി ആവര്‍ത്തിച്ചു. എന്നാല്‍ വടം കെട്ടിയത് പ്രോട്ടോക്കോള്‍ അനുസരിച്ചാണെന്നും ആശുപത്രിയുള്ളതിനാല്‍ ബാരിക്കേഡ് വയ്ക്കാനാകില്ലെന്നും കമ്മീഷണര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

രവിപുരത്തെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് വടുതലയിലേക്ക് മടങ്ങും വഴിയായിരുന്നു ഞായര്‍ രാത്രിയില്‍ മനോജ് ഉണ്ണിയെന്ന 27 കാരന്റെ ജീവനെടുത്ത അപകടം. ഏകമകന്റെ വിയോഗത്തിന്റെ ആഘാതത്തില്‍ നിന്ന് രോഗികളായ മാതാപിതാക്കള്‍ മോചിതായിട്ടില്ല. ഈ കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു മനോജ്. തിര്ക്കേറിയ റോഡില്‍ ഒരു അടയാളവും ഇല്ലാതെ വലിച്ചു കെട്ടിയ വടമാണ് തന്റെ അനുജന്റെ ജീവനെടുത്തതെന്നും ഈ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ സുരക്ഷാവീഴ്ചയാണെന്നും ആവര്‍ത്തിക്കുകയാണ് സഹോദരി.

എന്നാല്‍ കൃത്യമായ പ്രോട്ടോക്കോളിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ വിശദീകരിച്ചു. വി.വി.ഐ.പി വാഹനവ്യൂഹത്തിനുനേരെയുളള ചാവേര്‍ ആക്രമണം തടയാന്‍ വടം കെട്ടുന്നതാണ് ഫലപ്രദം. ബാരിക്കേഡുകള്‍ വയ്ക്കേണ്ട സ്ഥലങ്ങളില്‍ അത് ചെയ്തിട്ടുണ്ട്. കഴുത്തിലേറ്റ പരുക്ക് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടംഫലം. പോസ്റ്റ്മോര്‍ട്ട് റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടികളുമായി മുന്നോട്ട് പോകാനാണ് കുടുംബത്തിന്റെ തീരുമാനം. മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടണമെന്നും കുടുംബത്തിന് നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന ആവശ്യവുമായി ജനപ്രതിനിധികളും രംഗത്തെത്തിയിട്ടുണ്ട്.

Manoj Unni's family against the police

MORE IN KERALA
SHOW MORE