താമരശേരിയിലെ നവജാതശിശുവിന്‍റെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് ഡി.എം.ഒ

Kozhikode-medical-college
SHARE

കോഴിക്കോട് താമരശേരിയിലെ നവജാതശിശുവിന്‍റെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഡി.എം.ഒ.  അഡീഷണല്‍ ഡി.എം.ഒ.യ്ക്ക് ആണ് അന്വേഷണചുമതല. ഇതിനായി പ്രത്യേക അന്വേഷണസമിതിയെയും നിയോഗിച്ചു. താമരശേരി താലൂക്ക് ആശുപത്രി ജീവനക്കാരുടെ വീഴ്ചയാണ് കുഞ്ഞിന്‍റെ മരണത്തിലേക്ക് നയിച്ചതെന്നാണ് ഈങ്ങാപ്പുഴയിലെ ബിന്ദു– ഗിരീഷ് ദമ്പതികളുടെ ആരോപണം. 

ഡിസംബര്‍ 13ന് ആയിരുന്നു കുഞ്ഞിനെ പ്രസവിച്ചത്. താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രസവ വേദനയെ തുടര്‍ന്ന് എത്തിച്ചപ്പോള്‍‌ കുഞ്ഞിന്‍റെ തല പുറത്തുവരുന്ന നിലയിലായിരുന്നു. എന്നാല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാര്‍ ആവശ്യമായ പരിചരണം നല്‍കാതെ കുട്ടി പുറത്തേക്ക് വരാതിരിക്കാന്‍ വസ്ത്രം കീറി കെട്ടി ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് വിടുകയായിരുന്നു എന്നാണ് പരാതി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് പ്രസവിച്ചെങ്കിലും കുട്ടി ശ്വാസം കിട്ടാതെ തലച്ചോറിന് ക്ഷതം സംഭവിച്ച അവസ്ഥയിലായിരുന്നുവെന്ന് കുടുംബം. നാല് മാസമായി വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയതിനൊടുവിലാണ് കുഞ്ഞിന്‍റെ മരണം.

ആശുപത്രി ജീവനക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയെങ്കിലും തുടര്‍നീക്കങ്ങളുണ്ടായിട്ടില്ല. നഷ്ടപരിഹാരം തേടി സമരത്തിനിറങ്ങുമെന്നും കു‍ഞ്ഞിന്‍റെ അമ്മ ബിന്ദു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കുഞ്ഞിന്‍റെ തലഭാഗം നേരെയല്ലാത്തതിനാല്‍ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു എന്നാണ് ആരോപണത്തില്‍ താലൂക്ക് ആശുപത്രിയുടെ വിശദീകരണം. കുഞ്ഞിന്‍റെ മൃതദേഹം മാവൂര്‍ പൊതുശ്മശാനത്തില്‍ സംസ്കരിച്ചു.

Inquiry into the death of the newborn baby

MORE IN KERALA
SHOW MORE