അശോക് ദാസിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ എത്തിയില്ല; സംസ്കരിക്കാനാകാതെ പൊലീസ്

Ashok-Das (1)
SHARE

മുവാറ്റുപുഴ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട അശോക് ദാസിന്റെ മൃതദേഹം സംസ്കരിക്കാനാകാതെ പൊലീസ്. മൃതദേഹം ഏറ്റുവാങ്ങാൻ ഇതുവരെ ബന്ധുക്കൾ എത്താത്തതാണ് പ്രതിസന്ധി. സ്വദേശത്തേക്ക് കൊണ്ടുപോകാന്‍ കഴിയില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചെങ്കിലും നിയമപരമായ നടപടികള്‍ റവന്യൂ അധികൃതര്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ സംസ്കാരം നടത്താനാകൂവെന്ന നിലപാടിലാണ് പൊലീസ്.

ഈ മാസം നാലാംതീയതിയാണ് അരുണാചല്‍പ്രദേശുകാരനായ അശോക്ദാസ് ആള്‍ക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം കഴിഞ്ഞ പതിനൊന്നുദിവസമായി മൃതദേഹം മുവാറ്റുപുഴ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇതര സംസ്ഥാനത്തു കൊല്ലപ്പെട്ടയാളുടെ മൃതദേഹം ആഴ്ച‌കൾ കഴിഞ്ഞു നാട്ടിൽ എത്തിച്ചു സംസ്കരിക്കുന്നതിനെ ഗ്രാമമുഖ്യൻ ഉൾപ്പെടെ എതിർത്തതോടെയാണു മൃതദേഹം ഏറ്റുവാങ്ങാൻ എത്തില്ലെന്നു ബന്ധുക്കൾ പൊലീസിനെ അറിയിച്ചത്. കൊലപാതകം നടന്ന് അഞ്ച് ദിവസത്തിനുശേഷം അശോക് ദാസിന്റെ സ്വദേശത്തുനിന്ന് രണ്ടുപേര്‍ എത്തിയെങ്കിലും ബന്ധുക്കളല്ലാത്തതിനാണ് മൃതദേഹം പൊലീസ് വിട്ടുനല്‍കിയില്ല. മൃതദേഹം ഇവിടെത്തന്നെ സംസ്ക‌രിക്കുന്നതിനു തടസമില്ലെന്ന് അശോക് ദാസിന്റെ വീടിനു സമീപമുള്ള വെസ്റ്റ് സിയാങ് ജില്ലയിലെ ആലോ പൊലീസ് സ്റ്റേഷനിൽനിന്ന് മുവാറ്റുപുഴ പൊലീസ് സ്റ്റേഷനിലേക്ക് അറിയിച്ചിട്ടുണ്ട്. എങ്കിലും ഔദ്യോഗികമായി രേഖാമൂലം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പിന്നീട് വിവാദമുണ്ടാകുമെന്നാണ് പൊലീസിന്റെ ആശങ്ക. അതുകൊണ്ട് ഔദ്യോഗിക നടപടിക്രമം പൂര്‍ത്തിയാക്കാന്‍ പൊലീസ് ജില്ലാ ഭരണകൂടത്തെയും, ലേബര്‍ ഓഫിസറെയും ബന്ധപ്പെട്ടിട്ടുണ്ട്. ബന്ധുക്കളില്‍നിന്ന് രേഖാമൂലമുള്ള അറിയിപ്പ് ജില്ലാ ഭരണകൂടംവഴി ലഭിച്ചതിനുശേഷം മൃതദേഹം മുവാറ്റുപുഴയില്‍ സംസ്കരിക്കും.

Ashok Das's relatives did not come to receive the dead body

MORE IN KERALA
SHOW MORE