മണിപ്പുരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: അമിത് ഷാ

Untitled design - 1
SHARE

മണിപ്പുരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.  സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തിന് കാരണം കോണ്‍ഗ്രസാണെന്നും ഇംഫാലിലെ തിരഞ്ഞെടുപ്പ് റാലിയില്‍ അമിത് ഷാ പറഞ്ഞു. രണ്ട് ഘട്ടമായാണ് മണിപ്പുരിലെ രണ്ട് ലോക്സഭ മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുക. 

കാംപോക്പിയില്‍ രണ്ട് കുക്കി വിഭാഗക്കാരെ വെടിവച്ചുകൊന്ന്, രണ്ട് ദിവസത്തിനുള്ളിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മണിപ്പുരില്‍ പ്രചാരണത്തിനെത്തുന്നത്. ഇന്നര്‍ മണിപ്പുരിലെ ബിജെപി സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് റാലിക്കെത്തിയ നൂറുകണക്കിന് പേരെ സാക്ഷി നിര്‍ത്തി അമിത് ഷാ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചു. 

വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവിധ വിഭാഗങ്ങള്‍ തമ്മില്‍ തുടങ്ങിയ ശത്രുതയ്ക്ക് വഴിമരുന്നിട്ടതും സംസ്ഥാനത്തെ നിലവിലെ സ്ഥിതിക്കും കാരണം കോണ്‍ഗ്രസെന്ന് അമിത് ഷാ ആരോപിച്ചു. മ്യാന്‍മര്‍ അതിര്‍ത്തി അടച്ചുകെട്ടുമെന്ന് പറഞ്ഞ ആഭ്യന്ത്രമന്ത്രി മണിപ്പുരില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ പൂര്‍ണമായി സമാധാനം പുനഃസ്ഥാപിക്കുമെന്ന് ആവര്‍ത്തിച്ചു. 

രണ്ട് ഘട്ടമായാണ് മണിപ്പുരില്‍ പോളിങ്. ഈ വെള്ളിയാഴ്ച ഇന്നര്‍ മണിപ്പൂരില്‍ പൂര്‍ണമായും പ്രശ്നബാധിതമായ മേഖലകള്‍ കൂടുതലായി ഉള്‍പ്പെടുന്ന ഔട്ടര്‍ മണിപ്പുരിലെ ഏതാനും മേഖലകളിലും വോട്ടെടുപ്പ് നടക്കും. ഏപ്രില്‍ 26ന് ഔട്ടര്‍ മണിപ്പുരിലെ വോട്ടെടുപ്പ് പൂര്‍ത്തിയാകും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇന്നര്‍ മണിപ്പുരില്‍ ബിജെപിയും ഔട്ടര്‍ മണിപ്പുരില്‍ സഖ്യകക്ഷിയായ എന്‍പിഎഫുമാണ് വിജയിച്ചത്. രണ്ടിടത്തും കോണ്‍ഗ്രസാണ്  മുഖ്യ എതിരാളികള്‍. 

loksabha election campaign Amit Shah in Manipur 

MORE IN KERALA
SHOW MORE