പലകാര്യങ്ങളും ഡോക്ടര്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയില്ല; ഐസിയു പീഡനക്കേസിലെ അതിജീവിത വീണ്ടും സമരത്തിന്

കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിത വീണ്ടും സമരത്തിന്. വൈദ്യപരിശോധന നടത്തിയ  ഡോക്ടര്‍ക്കെതിരായ അന്വേഷണ റിപ്പോര്‍ട്ടിന്റ പകര്‍പ്പ്  പൊലീസ് നല്‍കാത്തതിനെതിരെയാണ് സമരത്തിനൊരുങ്ങുന്നത്.  കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നെന്നും അതിജീവിത ആരോപിച്ചു. 

മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗത്തിലെ ഡോ കെ വി പ്രീതിയാണ് കേസിന്റ ഭാഗമായി അതിജീവിതയെ വൈദ്യ പരിശോധന നടത്തിയതും മൊഴിയെടുത്തതും. എന്നാല്‍ താന്‍ പറഞ്ഞ പലകാര്യങ്ങളും ഡോക്ടര്‍  റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയില്ലെന്നും  ശാസ്ത്രീയ തെളിവുകള്‍ശേഖരിച്ചില്ലെന്നുമാണ് അതിജീവിതയുടെ പരാതി. ഇതിന്റ അടിസ്ഥാനത്തില്‍ അന്നത്തെ മെഡിക്കല്‍ കോളജ് എ.സി പി കെ സുദര്‍ശന്‍ അന്വേഷിച്ചെങ്കിലും ഡോക്ടര്‍ക്ക് വീഴ്ചയില്ലെന്നായിരുന്നു കണ്ടെത്തല്‍. ഈ റിപ്പോര്‍ട്ട് അതിജീവിത ആവശ്യപ്പെട്ടെങ്കിലും നല്‍കിയിട്ടില്ല. ഇതിന് വേണ്ടിയാണ്  അതിജീവിത സിറ്റി പൊലീസ് കമ്മീഷണറെ ഇന്ന് വീണ്ടും കണ്ടത്. എന്നാല്‍ റിപ്പോര്‍ട്ട് നല്‍കാനാവില്ലെന്നും ആവശ്യമെങ്കില്‍ വിവരാവകാശ കമ്മീഷനില്‍ അപ്പീല്‍ നല്‍കാനമാണ് കമ്മീഷണര്‍ പറഞ്ഞതെന്ന്  അതിജീവിത പറയുന്നു. 

പൊലീസ് പൊതുജനങ്ങള്‍ക്കുമുന്നില്‍ തന്നെ കാഴ്ച്ചവസ്തുവാക്കിയെന്നും അതിജീവിത ആരോപിച്ചു. കമ്മീഷ്ണര്‍ ഓഫീസിനുമുന്നില്‍ പൊലീസ് തന്നെ തടഞ്ഞതില്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്നും നീതി ഉറപ്പാക്കുമെന്നുള്ള ആരോഗ്യമന്ത്രിയുടെ വാക്കുകളില്‍ വിശ്വാസമില്ലെന്നും അതിജീവിത വ്യക്തമാക്കി.  

Kozhikode medical college ICU torture case Strike again

Enter AMP Embedded Script