പൊതുസ്ഥലങ്ങളിലെ മൊബൈല്‍ ചാര്‍ജിങ് പോയിന്‍റുകള്‍; സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നേക്കാം; മുന്നറിയിപ്പ്

യാത്ര പോകുമ്പോഴും മറ്റ് അത്യാവശ്യ ഘട്ടങ്ങളിലും പൊതുസ്ഥലങ്ങളിലെ ചാര്‍ജിങ്ങ് പോയിൻറുകൾ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക. നിങ്ങളുടെ ഫോണിലെ വിവരങ്ങള്‍ ചോര്‍ന്നേക്കാം. ജ്യൂസ് ജാക്കിങ് എന്ന ഈ ഹാക്കിങ്ങ് രീതിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കേരള പൊലീസ്. 

വിമാനത്താവളങ്ങൾ, ബസ് സ്റ്റേഷനുകൾ, റെയിൽ‌വേ സ്റ്റേഷനുകൾ, പാർക്കുകൾ, മാളുകൾ എന്നിവിടങ്ങളിലെ സൗജന്യ ചാർജിംഗിനായുള്ള പോയിന്‍റുകളില്‍ നിന്ന് യുഎസ്ബി പോർട്ടുകളും പ്രീപ്രോഗ്രാം ചെയ്‌ത ഡാറ്റ കേബിളുകളും ഉപയോഗിച്ച് ഡാറ്റ ചോര്‍ത്താന്‍ സാധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കേരള പൊലീസ്. 

ഒരു യു എസ് ബി കണക്ഷന്‍  ഉപയോഗിച്ചാണ് ഇത്തരം പൊതുചാർജിംഗ് സ്റ്റേഷനിൽ മാൽവെയറുകൾ ലോഡുചെയ്യുന്നത്. അല്ലെങ്കിൽ,  മാൽവെയർ പ്രീലോഡ് ചെയ്ത കണക്ഷൻകേബിൾ മറ്റാരോ മറന്നുവെച്ച രീതിയിൽ ചാർജ്ജിംഗ് സ്റ്റേഷനിൽ  പ്ലഗ് ഇൻ ചെയ്തിരിക്കും. മറ്റുള്ളവർ ഇതുപയോഗിച്ച് ചാർജ്ജ് ചെയ്യുമ്പോൾ ജ്യൂസ് ജാക്കിംഗ് സംഭവിക്കുന്നു. ഇത്തരം കേബിളുകള്‍ തിരിച്ചറിയാന്‍ പ്രയാസമാണ്.  മൊബൈൽ ഫോണിന്റെ ചാർജിങ്ങിനും ഡാറ്റാ കൈമാറ്റത്തിനും ഒരേ തരം കേബിൾ ഉപയോഗിക്കാൻ തുടങ്ങിയതു മുതലാണ് പ്രധാനമായും ഇത്തരം തട്ടിപ്പുകള്‍ വര്‍ധിച്ചത്. 

ബാങ്കിംഗിനായി  ഉപയോഗിക്കുന്ന പാസ്‌വേഡുകൾ, സോഷ്യൽ മീഡിയ പ്രൊഫൈലുകൾ, വ്യക്തിഗത ഡാറ്റ എന്നിവ ഹാക്കർമാർ ചോർത്തുകയും വ്യക്തിഗത അക്കൗണ്ടുകളിലേക്ക് പ്രവേശനം നേടുകയും ചെയ്യുന്നു.  പാസ്‌വേഡുകൾ റീസെറ്റ് ചെയ്‌ത് ഉപകരണത്തിൽ നിന്ന് യഥാർത്ഥ ഉടമയെ ലോഗ് ഔട്ട് ചെയ്യിച്ച ശേഷം സ്വകാര്യ ഡാറ്റ ഉപയോഗിച്ച്  ബ്ലാക്ക് മെയിൽ ചെയ്യുകയാണ് ഹാക്കര്‍മാരുടെ പ്രവർത്തനരീതിയെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. 

യാത്രകളിൽ കഴിവതും സ്വന്തം പവർ ബാങ്ക് ഉപയോഗിച്ച് ചാർജ്ജ് ചെയ്യുകയെന്നതാണ് ജ്യൂസ് ജാക്കിങ് തടയാനുള്ള കാര്യക്ഷമമായ പ്രതിവിധി. പൊതു USB ചാർജ്ജിംഗ് യൂണിറ്റുകൾക്ക് പകരം AC പവർ ഔട്ട്ലെറ്റുകൾ ഉപയോഗിക്കുക. പൊതു സ്ഥലങ്ങളിലെ ചാർജ്ജിംഗ് പോയിന്റുകളിൽ നിന്ന് ചാർജ് ചെയ്യുകയാണെങ്കില്‍ ഫോൺ, ടാബ് മുതലായവ സ്വിച്ച് ഓഫ് ചെയ്ത ശേഷം മാത്രം ചാർജ് ചെയ്യുക. ഫോൺ ചാർജ്ജ് ചെയ്തുകൊണ്ടിരിക്കുമ്പോൾ പാറ്റേൺ ലോക്ക്, വിരലടയാളം, പാസ്സ് വേഡ് തുടങ്ങിയ സുരക്ഷാമാർഗ്ഗങ്ങൾ ഉപയോഗിക്കരുത്. യു എസ് ബി ഡാറ്റ ബ്ലോക്കർ ഉപയോഗിക്കുന്നതും കേബിൾ വഴി ഹാക്കിംഗ് നടക്കുന്നത് തടയും.

Enter AMP Embedded Script