കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മില്‍ ചേര്‍ന്ന് വെള്ളനാട് ശശി

തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗവും കെ.പി.സി.സി മുന്‍ അംഗവുമായ വെള്ളനാട് ശശി കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നു. അടൂര്‍ പ്രകാശിന്‍റെ ബി.ജെ.പി ബന്ധത്തില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് വിട്ടതെന്നാണ് ശശിയുടെയും സി.പി.എമ്മിന്‍റെയും വാദം. ശശിയെ സഹകരണബാങ്ക് ക്രമക്കേടിന്‍റെ പേരില്‍ കോണ്‍ഗ്രസ് പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയെന്ന് ഡി.സി.സി അറിയിച്ചു. 

ത്രികോണപ്പോര് കടുക്കുന്ന ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തില്‍ അടൂര്‍ പ്രകാശിനെ ലക്ഷ്യമിട്ട് സി.പി.എം നടത്തിയ നീക്കമാണ് വെള്ളനാട് ശശിയുടെ രാജി. ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ വെള്ളനാട് ശശിയെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനാവൂര്‍ നാഗപ്പന്‍ ചുവന്ന ഷാള്‍ അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. 

കോണ്‍ഗ്രസില്‍ താന്‍ സഹിക്കാവുന്നതിന്‍റെ പരമാവധി സഹിച്ചെന്നും ഡി.സി.സി പ്രസിഡന്‍റ് പാലോട് രവി അഴിമതിക്കാരനാണെന്നും വെള്ളനാട് ശശി പറഞ്ഞു. ഇതേസമയം വെള്ളനാട് സഹകരണബാങ്ക് ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ വെള്ളനാട് ശശിയെ കോണ്‍ഗ്രസിന്‍റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയെന്ന് പാലോട് രവി തിരക്കിട്ട് വാര്‍ത്താക്കുറിപ്പിറക്കി. താന്‍ അഴിമതി നടത്തിയെങ്കില്‍ തെളിയിക്കാനാണ് ശശിയുടെ വെല്ലുവിളി. വെള്ളനാട് ഡിവിഷനില്‍ നിന്നാണ് ജില്ലാപഞ്ചായത്തിലേക്ക് ജയിച്ച ശശി പലതവണ വിവാദങ്ങളില്‍ പെട്ടിട്ടുണ്ട്. ആരോഗ്യകേന്ദ്രത്തിന്‍റെ ഉദ്ഘാടനത്തിന് തന്നെ ക്ഷണിക്കാത്തതിന് ശിലാഫലകം അടിച്ചു തകര്‍ത്തതിന് ശശിക്കെതിരെ കേസെടുത്തിരുന്നു. സഹോദരന്‍ വെള്ളനാട് ശ്രീകണ്ഠനുമായി പൊതുവേദിയില്‍ കയ്യാങ്കളി നടത്തിയും ശശി വിവാദത്തില്‍ പെട്ടിട്ടുണ്ട്.

Congress leader vellanadu sashi joins cpm

Enter AMP Embedded Script