മന്ത്രി റിയാസിന്‍റെ പ്രസംഗം റെക്കോര്‍ഡ് ചെയ്ത വീഡിയോഗ്രാഫറെ ജോലിയില്‍ നിന്ന് പുറത്താക്കി

മന്ത്രി മുഹമ്മദ് റിയാസ്  പെരുമാറ്റച്ചട്ടം ലംഘിച്ച് നടത്തിയ പ്രസംഗം റെക്കോര്‍ഡ് ചെയ്ത വീഡിയോഗ്രാഫറേയും അവിടെ ചുമതലയുണ്ടായിരുന്ന അസിസ്റ്റന്‍റ് ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫീസറേയും തിരഞ്ഞെടുപ്പ് നിരീക്ഷണ ജോലിയില്‍ നിന്ന് ഒഴിവാക്കി. പ്രസംഗം പകര്‍ത്തുന്നതിനിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എളമരം കരീം ഇവരെ സ്റ്റേജിന്‍റെ പിന്നിലേക്ക് കൊണ്ടുപോയതും ക്യാമറയില്‍ നിന്ന് ദൃശ്യങ്ങള്‍ നീക്കിയത് വിവാദമായിരുന്നു. എന്നാല്‍ ആരാണെന്ന് അന്വേഷിക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്നാണ് ഇവര്‍ കലക്ടര്‍ക്ക് നല്‍കിയ മൊഴി.

തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വീഡിയോ സര്‍വൈലന്‍സ് സംഘത്തില്‍പെട്ട ഉദ്യോഗസ്ഥരായിരുന്നു രണ്ടുപേരും. പെരുമാറ്റച്ചട്ട ലംഘന പരാതി ഉയര്‍ന്ന സംഭവം നടക്കുമ്പോള്‍ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നിരീക്ഷണച്ചുമതലയില്‍ ഉണ്ടായിരുന്നത് ഇവരാണ്. അപരിചിതനായ തന്നെ കണ്ടപ്പോള്‍ അത് അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു വീഡിയോഗ്രാഫര്‍ കലക്ടര്‍ക്ക് മൊഴി നല്‍കിയത്. എന്നാല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇരുവര്‍ക്കും വീഴ്ച സംഭവിച്ചെന്ന് മാത്രമല്ല, നേരത്തെയും ഇവര്‍ക്കെതിരെ പരാതികള്‍ ഉയര്‍ന്നതും കണക്കിലെടുത്താണ് നടപടി. ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വഴിവിട്ട് സഹായം ചെയ്തിരുന്നതായും കണ്ടെത്തിയിരുന്നു.  അതിനിടെ, വീഡിയോഗ്രാഫറെ ഭീഷണിപ്പെടുത്തി മന്ത്രിയുടെ പ്രസംഗം നീക്കം ചെയ്യിച്ചതായി പ്രതിപക്ഷ നേതാവും ആരോപിച്ചു.

എന്നാല്‍, വീഡിയോ നീക്കം ചെയ്തിട്ടില്ലെന്നും തന്‍റെ കൈവശമുണ്ടെന്നുമാണ് ജില്ലാ കലക്ടറുടെ വിശദീകരണം.  അതേസമയം, പെരുമാറ്റച്ചട്ട ലംഘന പരാതിയില്‍ മന്ത്രി മുഹമ്മദ് റിയാസ് കലക്ടര്‍ക്ക് ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല. ഒരാഴ്ചയാണ് മന്ത്രിക്ക് നല്‍കിയ സമയം. 

Enter AMP Embedded Script