അന്ധവിശ്വാസത്തിന് അടിമപ്പെട്ടുള്ള മലയാളികളുടെ മരണം; അന്വേഷണത്തിന് പ്രത്യേക സംഘം

അന്ധവിശ്വാസത്തിന് അടിമപ്പെട്ടുള്ള മലയാളികളുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു. തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് എ.സി.പിയുടെ നേതൃത്വത്തിലെ ആറംഗസംഘത്തിനാണ് അന്വേഷണ ചുമതല. അരുണാചൽ പ്രദേശിലെ സീറോ വാലിയിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ വട്ടിയൂർക്കാവ് സ്വദേശികളായ ദേവിയുടെയും ആര്യയുടെയും സംസ്കാരം ഇന്നലെ നടന്നു. നിവിന്‍റേത് ഇന്ന് കോട്ടയം മീനടത്തു നടക്കും

അന്യഗ്രഹജീവിതം സ്വപ്നം കണ്ട് മൂവരും രക്തം വാർന്നു മരിക്കാനായി കൈഞരമ്പ് മുറിച്ച ജീവനുടുക്കി എന്നാണ് പൊലീസ് നിഗമനം. ആര്യയുടെയും ദേവിയുടെയും കൈഞരമ്പ് അവരുടെ സമ്മതപ്രകാരം നിവിനാണ് മുറിച്ചതെന്നും കരുതുന്നു. മരണത്തിലേക്ക് നയിച്ചത് വിചിത്ര വിശ്വാസമാണ് എന്നതിന്‍റെ തെളിവുകൾ ലഭിച്ചതോടെയാണ് വിശദ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചത്. മൂവരും എങ്ങനെ ഈ വിചിത്ര വിശ്വാസത്തിലേക്ക് ആകൃഷ്ടരായി എന്നുള്ളതാണ് പ്രധാനമായും അന്വേഷിക്കുന്നത്. ഇത് കണ്ടെത്താനായി ഇവരുടെ ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും  വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കും. മൂവരുടെയും മാതാപിതാക്കളുടെ മൊഴിയും എടുക്കും. 

ആര്യയും ദേവിയും തിരുവനന്തപുരത്തെ ഒരു സ്വകാര്യ സ്കൂളിൽ വച്ചാണ് സുഹൃത്തുക്കളായതെന്നാണ് കരുതുന്നത്. ഇവിടുത്തെ സഹപ്രവർത്തകരായ അധ്യാപകരുടെ മൊഴിയെടുക്കാനും പൊലീസ് സാവകാശം തേടിയിട്ടുണ്ട്. രഹസ്യ ഭാഷയിലുള്ള ഇമെയിലുകൾ വഴിയാണ് മൂവരും വിശ്വാസത്തെ കുറിച്ചുള്ള കാര്യങ്ങൾ പരസ്പരം കൈമാറിയിരുന്നത്.  2021 ലെ ഇമെയിലുകൾ വീണ്ടെടുത്തിട്ടുണ്ട്. അരുണാചൽ പ്രദേശിലേക്കുള്ള യാത്രയ്ക്ക് പുറപ്പെട്ട ദിവസം വരെയുള്ള മെയിലുകൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങളും പോലീസ് തുടങ്ങി. അല്പം സമയം എടുത്താണെങ്കിലും മരണത്തിലേക്ക് നയിച്ച അന്ധവിശ്വാസത്തെ കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ കണ്ടെത്താൻ ആകുമെന്ന പ്രതീക്ഷയിലാണ് തിരുവനന്തപുരം സിറ്റി പൊലീസ്. 

Enter AMP Embedded Script