അതിജീവിതയ്ക്കൊപ്പം നിന്നതിന് നാളുകളായി തുടരുന്ന ക്രൂശിക്കല്‍; ആരോഗ്യമന്ത്രീ, ഇതൊന്ന് കാണുക

ഐസിയു പീഡനക്കേസിലെ അതിജീവിതയ്ക്കൊപ്പം നിന്നതിന്‍റെ പേരില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ  സിനീയര്‍ നഴ്‌സിങ് ഓഫീസര്‍ പി.ബി.അനിത ക്രൂശിക്കപ്പെടാന്‍ തുടങ്ങിയിട്ട് നാളുകളേറെ. മൂന്നുമാസമായി ശമ്പളമില്ലാതെ ദുരിതം അനുഭവിക്കുകയാണ് ഇവര്‍. അര്‍ബുദബാധിതയായ അമ്മയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചപ്പോഴും കുത്തുവാക്കുകളാണ് കേള്‍ക്കേണ്ടി വന്നതെന്നും അനിത പറയുന്നു.  

തെറ്റ് ചെയ്തവരെ ചൂണ്ടിക്കാണിച്ചതാണ് ഈ നഴ്സിങ് ഓഫീസര്‍ ചെയ്ത തെറ്റ്. അതിന്‍റെ പേരില്‍ രണ്ട് തവണ സ്ഥലം മാറ്റി. കോടതികള്‍ കയറിയിറങ്ങി അനുകൂല വിധി വാങ്ങിയിട്ടും ആശുപത്രിയുടെ പുറത്ത് നില്‍ക്കാനാണ് ഇപ്പോഴും അനിതയുടെ വിധി. മൂന്നുമാസമായി ശമ്പളം കിട്ടിയിട്ടില്ല. 

രാഷ്ട്രീയ പകപോക്കലിന്‍റെ  ഇരയാണ് അനിത.  പീഡനത്തിനിരയായ അതിജീവിതയെ ആശുപത്രിയിലെ അഞ്ചു വനിത ജീവനക്കാര്‍ സ്വാധീനിച്ച് കേസില്ലാതാക്കാന്‍ ശ്രമിച്ചു. ഇക്കാര്യം ചൂണ്ടിക്കാണിച്ചതാണ് അനിതയ്ക്കെതിരായ കുറ്റം. ഇടതുപക്ഷ യൂണിയന്‍ അനുഭാവികളായ അഞ്ചുപേരും സസ്പെന്‍ഡ് ചെയ്യപ്പെട്ടു. ഇതോടെ യൂണിയന്‍ നേതാവിന്റ ഭീഷണിയായി. ജീവനക്കാര്‍ സ്വാധീനിക്കാന്‍ ശ്രമിച്ചത് പുറത്തറിഞ്ഞതും വിവാദമായതും നഴ്സിങ് ഓഫീസര്‍മാരുടെ നിരുത്തരവാദപരമായ സമീപനം കൊണ്ടാണെന്നായിരുന്നു മെഡിക്കല്‍ വിഭ്യാഭ്യാസ ഡയറക്ടര്‍ നിയോഗിച്ച അന്വേഷണസമിതിയുടെ വിചിത്ര കണ്ടെത്തല്‍. ‌അന്ന് മുതല്‍ തുടങ്ങിയതാണ് ഈ സ്ഥലമാറ്റ പീഡനം. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവില്ലെന്ന് പറഞ്ഞാണ് രണ്ടുദിവസമായി അനിതയെ വെയിലത്ത് നിര്‍ത്തുന്നത്.  ആരോഗ്യമന്ത്രി ഇതൊന്നും കണ്ടില്ലേയെന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.

Enter AMP Embedded Script