കെ.എം.മാണിയുടെ പാലായും ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയും; കോട്ടയത്തെ ഇലക്ഷന്‍ ഫോര്‍മുല

കോട്ടയത്തിന്‍റെ സ്വന്തമായിരുന്ന സംസ്ഥാന രാഷ്ട്രീയത്തിലെ രണ്ട് സുപ്രധാന മുഖങ്ങളെയാണ് കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കുള്ളിൽ നഷ്ടമായത്. തിരഞ്ഞെടുപ്പ് കാലം എത്തിയപ്പോൾ എൽ.ഡി.എഫ്– യു.ഡി.എഫ് മുന്നണികളുടെ ഏറ്റവും ശക്തമായ പ്രചാരണ ആയുധവും ഈ മുഖങ്ങൾ തന്നെയാണ്. രാഷ്ട്രീയ പ്രസംഗങ്ങൾ മുതൽ തിരഞ്ഞെടുപ്പ് പോസ്റ്ററുകളിൽ വരെ നിറയുകയാണ് ഉമ്മൻചാണ്ടിയും കെ.എം.മാണിയും

എൽ.ഡി.എഫിന് കെ.എം. മാണി,  യുഡിഎഫിന് ഉമ്മൻചാണ്ടി അതാണ് കോട്ടയം ലോക്സഭാ മണ്ഡലത്തിലെ പ്രചാരണത്തിന്റെ ഫോർമുല. കെ.എം.മാണിയുടെ പാലായിലും ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളിയിലും മാത്രമല്ല മണ്ഡലത്തിൽ ഉടനീളം നിറയുകയാണ് രാഷ്ട്രീയത്തിന്റെ രണ്ടു മുഖങ്ങൾ. തോമസ് ചാഴികാടന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മകൻ ജോസ്.കെ.മാണി ഇറങ്ങുന്നുണ്ടെങ്കിലും ഫ്രാൻസിസ് ജോർജിനു വേണ്ടി ചാണ്ടി ഉമ്മൻ സജീവമാണെങ്കിലും പോസ്റ്ററുകളിൽ  സ്ഥാനാർത്ഥികളുടെ തൊട്ടുപിന്നിലായി ഉണ്ട് ഈ മുഖങ്ങൾ. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിലും ഇരുമുന്നണികളും ഈ നേതാക്കൾക്കെതിരെ ഒരു വാക്കുപോലും പറയാൻ ധൈര്യപ്പെടില്ല 

കെ.എം.മാണിയുടെയും ഉമ്മൻചാണ്ടിയുടെയും കല്ലറയിൽ പ്രാർത്ഥിച്ച് പ്രചാരണം തുടങ്ങിയ ഫ്രാൻസിസ് ജോർജ് കെട്ടിവെക്കാനുള്ള തുക വാങ്ങിയത് പോലും ഉമ്മൻചാണ്ടിയുടെ കല്ലറയ്ക്ക് മുന്നിലാണ്. പണം കൈമാറിയതാകട്ടെ ഉമ്മൻചാണ്ടിയുടെ സഹധർമ്മിണിയും. കോളിളക്കങ്ങൾ സൃഷ്ടിച്ച പല രാഷ്ട്രീയ തീരുമാനങ്ങൾക്കും വേദിയായ കോട്ടയം ശക്തരായ പഴയ നേതാക്കളുടെ അഭാവത്തിൽ പതിവിലും ശാന്തമാണ്.  ഈ നേതാക്കളുടെ അസാന്നിധ്യം പ്രവർത്തകരെയും ചെറുതായൊന്നുമല്ല ഉലച്ചത്. ശക്തരായ പുതിയ നേതാക്കൾ എത്തും വരെ  പോസ്റ്ററുകൾക്ക് പിന്നിലായി ഈ നേതാക്കൾ ഒക്കെ തന്നെ ഇനിയും ഇടം പിടിക്കും.

Enter AMP Embedded Script