മൂന്ന് വര്‍ഷത്തിനിടെ മുങ്ങിമരിച്ചത് 763 വിദ്യാര്‍ഥികള്‍; വേനല്‍കാലത്ത് വേണം ജാഗ്രത

സ്കൂളുകള്‍ അടച്ച് മധ്യവേനലവധിക്കാലം തുടങ്ങിയതോടെ മുങ്ങിമരണങ്ങള്‍ക്കെതിരെ ജാഗ്രതാ പുലര്‍ത്തേണ്ട കാലവുമായി. മൂന്ന് വര്‍ഷത്തിനിടെ സംസ്ഥാനത്ത് ആഴക്കയങ്ങളില്‍ പൊലിഞ്ഞത് മൂവായിരത്തിലേറെ ജീവനുകള്‍. മുങ്ങിമരണങ്ങളില്‍ മുപ്പത്തിയഞ്ച് ശതമാനവുമുണ്ടാകുന്നത് വേനല്‍ക്കാലത്തെന്നും കണക്കുകള്‍. പരിചിതമല്ലാത്ത വെള്ളക്കെട്ടുകളില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്ന നിര്‍ദേശവുമായി അഗ്നിസുരക്ഷാ സേന. മനോരമ ന്യൂസ് പരമ്പര തുടങ്ങുന്നു.

നെയ്യാറിലെ മാവിളക്കടവ് ജോസഫിന്റെ കണ്ണീര്‍പ്പുഴയാണ്. കഴിഞ്ഞ വര്‍ഷത്തെ വേനലവധിക്കാലത്തിന് തൊട്ടുമുന്‍പ്, കൂട്ടുകാരുമൊത്ത് ഇവിടെ കുളിക്കാനിറങ്ങിയതായിരുന്നു മകന്‍ ജോസ്വിന്‍. ജോസ്വിനും അശ്വിന്‍രാജും, രണ്ട് കുഞ്ഞുങ്ങളെയാണ് അന്ന് നഷ്ടമായത്. സംസ്ഥാനത്തെമ്പാടുമുണ്ട് മരണം പതുങ്ങിയിരിക്കുന്ന ആഴങ്ങള്‍. അവ തട്ടിയെടുക്കുന്ന ജീവനുകളും അതുവഴി ഇല്ലാതാകുന്ന കുടുംബങ്ങളുടെയുമെണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. 

റോഡ് അപകടം കഴിഞ്ഞാല്‍ കേരളത്തിലേറ്റവും കൂടുതല്‍ പേരുടെ ജീവനെടുക്കുന്നത് മുങ്ങിമരണങ്ങളാണ്.  മൂന്ന് വര്‍ഷംകൊണ്ട് പൊലിഞ്ഞത് 3052 ജീവനുകള്‍. ഇതില്‍ 763 പേരും വിദ്യാര്‍ഥികളാണ്. മരണങ്ങളില്‍ 35 ശതമാനവും നടന്നത് വേനല്‍ക്കാലത്തും. അതാണ് അവധിക്കാലത്തെ കൂടുതല്‍ പേടിപ്പിക്കുന്നത്. കുട്ടികളെ നീന്തല്‍ പഠിപ്പിക്കുകയെന്നതാണ് ആദ്യപാഠം. ബന്ധുവീടുകളിലോ വിനോദയാത്രകള്‍ക്കോ പോകുമ്പോള്‍ കുട്ടികളെ ഒറ്റക്ക് വെള്ളത്തിലിറങ്ങാന്‍ വിടരുത്. ആഴവും പരപ്പും അറിയാത്ത പരിചിതമില്ലാത്ത വെള്ളക്കെട്ടുകളില്‍ ഇറങ്ങരുത്. ഇങ്ങിനെ നാം പുലര്‍ത്തുന്ന ജാഗ്രതയാവും നമ്മുടെയും മക്കളുടെയും സുരക്ഷയിലേക്കുള്ള വഴി.

സംസ്ഥാനത്ത് മുങ്ങിമരണങ്ങള്‍ വര്‍ഷംതോറും കൂടുന്നതായാണ് കണക്ക്. മൂന്ന് വര്‍ഷത്തിനിടെ മരിച്ചത് 3052 പേര്‍. 

2021 ല്‍  1,102 പേരും 2022 ല്‍  910 പേരും 2023 ല്‍  1040 പേരുമാണ് മുങ്ങിമരിച്ചത്. മൂന്ന് വര്‍ഷത്തിനിടെ ജീവന്‍ നഷ്ടമായത് 763 വിദ്യാര്‍ഥികള്‍ക്കാണ്. ഈ ഘട്ടത്തില്‍ അഗ്നിശമനസേന നല്‍കുന്ന ഈ ജാഗ്രതാ നിര്‍ദേശത്തിലേക്ക് ശ്രദ്ധിക്കാം. കുട്ടികളെ നീന്തല്‍ പഠിപ്പിക്കുക്കാന്‍ അഗ്നിശമന സേന നിര്‍ദ്ദേശിക്കുന്നു. എന്നാലിത് പരിചയസമ്പന്നരുടെയൊപ്പം മാത്രമാകണം. ബന്ധുവീടുകളില്‍ പോകുമ്പോള്‍ പരിചയമില്ലാത്തവര്‍ക്കൊപ്പം വെള്ളത്തില്‍ ഇറക്കരുത്, പരിചയമില്ലാത്ത വെള്ളക്കെട്ടുകളിലും ഇറങ്ങരുത്

Enter AMP Embedded Script