വീ‌‌ട് വാടകയ്‌‌ക്കെടുത്തത് ജ്യൂസ് കടയിലെ ജീവനക്കാരെന്ന് പറഞ്ഞ്; പത്തംഗ സംഘം അറസ്റ്റില്‍

kochi-arrest-2
SHARE

വിവിധ ജില്ലകളില്‍ നിന്നെത്തി കൊച്ചിയില്‍ ലഹരിമരുന്നുമായി തമ്പടിച്ച പത്തംഗ ഗുണ്ടാസംഘം പൊലീസിന്‍റെ പിടിയില്‍. പനമ്പള്ളിനഗറിലെ വാടകവീട്ടില്‍ നിന്ന് എംഡിഎംഎയും ലഹരിമരുന്ന് വില്‍പനയ്ക്ക് സജ്ജമാക്കിയ ഉപകരണങ്ങളും പിടിച്ചെടുത്തു. ലഹരികടത്തിനോ ക്വട്ടേഷന്‍ ഏറ്റെടുത്തോ എത്തിയതെന്ന നിഗമനത്തില്‍ പൊലീസ്. 

കൊലപാതക കേസിലും ലഹരിക്കടത്ത് കേസിലും ഉള്‍പ്പെടെ പ്രതികളായവരാണ് സൗത്ത് പൊലീസിന്‍റെ പിടിയിലായത്. വിവിധ ജില്ലകളില്‍ നിന്നുള്ള ക്രിമിനലുകള്‍ കൊച്ചിയിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പനമ്പള്ളിനഗറിലെ വീടിന്‍റെ മുകള്‍നില ജ്യൂസ് കടയിലെ ജീവനകാരെന്ന് പറഞ്ഞാണ് വാടകയ്ക്കെടുത്തിരുന്നത്. രണ്ട് പേരാണ് താമസിക്കുന്നതെന്നായിരുന്നു വീട്ടുകാരുടെ വിചാരം. പൊലീസ് എത്തിയപ്പോള്‍ മുറിയില്‍ കണ്ടത് പത്തുപേരെ. തുടര്‍ന്നുള്ള പരിശോധനയില്‍ മൂന്നര ഗ്രാം എംഡിഎംഎ കണ്ടെത്തി. മുറിയില്‍ ചുമരില്‍ തൂക്കിയിരുന്ന ക്ലോക്കില്‍ ബാറ്ററി ഇടുന്ന ഭാഗത്ത് അതിവിദഗ്ധമായാണ് ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്.

മലപ്പുറം സ്വദേശികളായ മുഹമ്മദ് അജ്മല്‍, മുബാഷീര്‍, മുഹമ്മദ് ഷെഫീക്, സബീര്‍, ആകാശ്, ശ്യാം, നവനീത്, തൃശൂര്‍ സ്വദേശികളായ ശരത്, ജിതിന്‍, പാലക്കാട് സ്വദേശി മഹേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തൃശൂരില്‍ നിന്ന് കാപ്പചുമത്തി നാടുകടത്തിയതാണ് ശരത്തിനെ. ചങരംകുളം സ്്റ്റേഷനിലെ കൊലക്കേസ് പ്രതിയായ മഹേഷ് തൃശൂരില്‍ ഈസ്റ്റില്‍ ഒരു കിലോ ഹാഷിഷ് ഓയില്‍ പിടികൂടിയ കേസിലും പ്രതിയാണ്. മറ്റ് പ്രതികള്‍ക്കെതിരെയും വിവിധ സ്റ്റേഷനുകളിലായി വധശ്രമം ലഹരി കേസുകള്‍ നിലവിലുണ്ട്. പത്തംഗസംഘം കൊച്ചിയില്‍ ഒരുമിച്ച് തമ്പടിച്ചതിന് പിന്നിലെ ലക്ഷ്യം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. 

Kochi Police nab 10 criminals 

MORE IN KERALA
SHOW MORE