കേന്ദ്രത്തിനെതിരെ ക്രൈസ്തവ സഭകള്‍; പ്രതിരോധിച്ച് ബി.ജെ.പി

കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ചുള്ള ക്രൈസ്തവ സഭാ നേതൃത്വങ്ങളുടെ പ്രസ്താവന ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി. മോദി ഭരണത്തില്‍ മതന്യൂനപക്ഷങ്ങള്‍ ഒരു തരത്തിലുള്ള ഭീഷണിയും നേരിടുന്നില്ലെന്ന് വ്യക്തമാക്കി പ്രതികരണത്തെ തണുപ്പിക്കാൻ ആറ്റിങ്ങലിലെ സ്ഥാനാർഥി കൂടിയായ വി.മുരളീധരൻ ശ്രമിച്ചു. അതേസമയം, മുസ്ലിം തീവ്രവാദികളാണ് പ്രശ്നമുണ്ടാക്കുന്നതെന്ന് വയനാട്ടിലെ സ്ഥാനാർഥിയായ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രതികരിച്ചു.  

ക്രൈസ്തവ സഭാ അധ്യക്ഷന്മാരുമായുള്ള മോദിയുടെ കൂടിക്കാഴ്ച ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടായി മാറുമെന്ന് ബി.ജെ.പിയുടെ അവകാശവാദങ്ങൾക്കിടെ ലത്തീൻഅതിരൂപത ആർച് ബിഷപ്പും ചങ്ങനാശേരി അതിരൂപത സഹായമെത്രാനും നടത്തിയ പ്രസ്താവനകൾ ബി.ജെ.പിയെ ഞെട്ടിച്ചു. തലസ്ഥാന ജില്ലയിൽ ഏറെ പ്രതീക്ഷയോടെയാണ് രണ്ടു കേന്ദ്രസഹമന്ത്രിമാർ മത്സരിക്കുന്നത്. ഈസ്റ്റർ പ്രവൃത്തിദിനമാക്കിയ മണിപ്പൂർ സർക്കാരിന്റെ നടപടിയെ രാജീവ് ചന്ദ്രശേഖർ കഴിഞ്ഞദിവസം അപലപിച്ചത് പോലും ആ നിലയ്ക്കാണ്. രണ്ടിടത്തും വൻ സ്വാധീനമുള്ള ലത്തീൻഅതിരൂപതയുടെ ഭാഗത്ത് നിന്നു ദുഖവെള്ളി ദിനത്തിലുണ്ടായ വിമർശനത്തോട് കരുതലോടെയാണ് വി.മുരളീധരൻ പ്രതികരിച്ചത്. 

കേന്ദ്രത്തെ വിമർശിച്ച ചങ്ങനാശേരി അതിരൂപത സഹായമെത്രാന്റെ വാക്കുകൾ കത്തോലിക്കാ സഭയ്ക്ക് സ്വാധീനമുള്ള തൃശൂരിൽ സുരേഷ് ഗോപിയുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുമെന്നും ബി.ജെ.പിക്ക് ആശങ്കയുണ്ട്. എന്നാൽ, വിമർശനങ്ങളെ കടുത്ത ഭാഷയിലാണ് കെ.സുരേന്ദ്രൻ നേരിട്ടത്. 

 വോട്ടെടുപ്പിന് കഷ്ടിച്ച് ഒരുമാസം മാത്രം ബാക്കി നിൽക്കെ ക്രൈസ്തവ സഭകളുടെ ഭാഗത്ത് നിന്ന് വിരുദ്ധ പ്രസ്താവനകൾ ഉണ്ടാകാതിരിക്കാനുള്ള അനുനയ നീക്കങ്ങളിലേക്ക് കടക്കാനാണ് ബി.ജെ.പിയുടെ പദ്ധതി. 

Enter AMP Embedded Script