അന്ന് 43 സീറ്റ്; ഇന്ന് 3; സിപിഎം ദേശീയ പാര്‍ട്ടി അല്ലാതാവുമോ?

CPM-845
SHARE

ഈ ലോക്സഭാ തിരഞ്ഞെടുപ്പ് സിപിഎമ്മിന്  ജീവന്‍മരണ പോരാട്ടമാണ്. മന്ത്രിയായ കെ. രാധാകൃഷ്ണനെയും ജനപ്രിയ എംഎല്‍എ കെ.കെ.ശൈലജയെയുമടക്കം കളത്തിലിറക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചതും ഈ വെല്ലുവിളിയാണ്. രാജ്യത്തെ എണ്ണം പറഞ്ഞ 6 ദേശീയ പാർട്ടികളിൽ ഒന്നായി നിലനില്‍ക്കാന്‍ വേണ്ടിയുള്ള, രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മതേതര ജനാധിപത്യ പാര്‍ട്ടികളില്‍ ഒന്നായ സിപിഎമ്മിന്റെ പോരാട്ടം.

ദേശീയ പാർട്ടിയായി നിലനില്‍ക്കാന്‍ എന്തൊക്കെ വേണം..? ദേശീയ പാര്‍ട്ടി പദവി കണക്കാക്കാനായി മൂന്നു മാനദണ്ഡങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ട് വച്ചത്.

ഒന്ന് കുറഞ്ഞത് നാലു സംസ്ഥാനങ്ങളിലെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിലോ ലോക്‌സഭാ തിരഞ്ഞെടുപ്പിലോ ആറുശതമാനം വോട്ടും നാല് എം.പിമാരും വേണം. രണ്ടാമത്തേത്, നാലു സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടി പദവി ഉണ്ടാകണം. നിലവിൽ കേരളം, തമിഴ്നാട്, ത്രിപുര എന്നിവിടങ്ങളിൽ മാത്രമാണ് സംസ്ഥാന പാര്‍ട്ടി പദവിയുള്ളത്. ഈ രണ്ട് ചട്ടവും പാർട്ടിക്ക് വലിയ വെല്ലുവിളിയാണ്.

ഇനി പറയാൻ പോകുന്ന മൂന്നാമത്തെ മാനദണ്ഡം പാലിച്ച് ദേശീയ പാർട്ടി പദവി നിലനിർത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ സിപിഎം. കുറഞ്ഞത് മൂന്നു സംസ്ഥാനങ്ങളില്‍ നിന്നായി ലോക്‌സഭയില്‍ രണ്ടു ശതമാനം സീറ്റ്, അതായത് ഇപ്പോഴത്തെ കണക്ക് പ്രകാരം 11 സീറ്റ് ലഭിക്കണം. ഇതാണ് സിപിഎമ്മിന് മുന്നിലെ വെല്ലുവിളി.

മൂന്നുസംസ്ഥാനങ്ങളിൽ നിന്നായി 11 എം.പി.മാരെ കിട്ടാൻ കേരളത്തിൽ നിന്ന് സി.പി.എമ്മിന് കുറഞ്ഞത് എട്ടുസീറ്റെങ്കിലും ലഭിക്കണം. തമിഴ്നാട്ടിൽ ഇത്തവണയും ഡിഎംകെ-കോൺഗ്രസ് സഖ്യത്തിൽ രണ്ടുസീറ്റിലാണ് സിപിഎം മത്സരിക്കുന്നത്. 2019-ൽ ഇതേ സഖ്യത്തിൽ മത്സരിച്ച രണ്ടുസീറ്റിലും സിപിഎം ജയിച്ചിരുന്നു. മധുരയും കോയമ്പത്തൂരും. ഇത്തവണ മണ്ഡലങ്ങളിലൊന്ന് മാറി. കോയമ്പത്തൂരിനു പകരം ഡിണ്ടിഗലിലാണ് സിപിഎം മത്സരിക്കുന്നത്. മൂന്നാമതൊരു സംസ്ഥാനത്തെ വിജയം ഇന്തൃാ സഖ്യത്തിന്റെ പരിഗണന അനുസരിച്ചിരിക്കും. രാജസ്ഥാനിൽ സിക്കാർ സീറ്റ് കോൺഗ്രസ് നൽകിയത് ഇതുകൂടി മുന്നില്‍ കണ്ടാണ്. ബിഹാറിലും ബി.ജെ.പി.വിരുദ്ധ സഖ്യത്തിൽ സി.പി.എമ്മിന് പരിഗണന ലഭിക്കാനിടയുണ്ട്.

കേരളത്തിൽ ഇത്തവണ 15 സീറ്റിലാണ് സിപിഎം മത്സരിക്കുന്നത്. ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജും പൊന്നാനിയില്‍ കെ.എസ്.ഹംസയും ഉൾപ്പടെ എല്ലാവരും മൽസരിക്കുന്നത് പാര്‍ട്ടി ചിഹ്നത്തിലാണ്. സ്വന്തം ചിഹ്നത്തില്‍ പരമാവധി വോട്ട് സമാഹരിച്ച് കൂടുതൽ പേരെ ലോക്‌സഭയിലേക്ക് ജയിപ്പിക്കാനാണ് നീക്കം.

നിലവിൽ, സിപിഎം ഉള്‍പ്പടെ ആകെ 6 പാർട്ടികൾക്കാണ് ദേശീയ പദവിയുള്ളത്. ബി.ജെ.പി, കോൺഗ്രസ്, നാഷണൽ പീപ്പിൾസ് പാർട്ടി, ബി.എസ്.പി. ആം ആദ്മി പാർട്ടി എന്നിവയാണ് മറ്റ് ദേശീയ പാര്‍ട്ടികള്‍. രാജ്യത്താകെ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനായി സ്വന്തമായി ഒരു സ്ഥിരം ചിഹ്നം ലഭിക്കും എന്നതാണ് ദേശീയ പാർട്ടികൾക്കുള്ള ഏറ്റവും വലിയ പ്രത്യേകത. ദേശീയ മാധ്യമങ്ങളില്‍ പ്രചാരണത്തിനുള്ള സമയവും ദേശീയ പാര്‍ട്ടികള്‍ക്ക് സൗജന്യമായി മാറ്റി വയ്ക്കാറുണ്ട്. 40 താര പ്രചാരകരെ വരെ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കാമെന്നും വ്യവസ്ഥയുണ്ട്.

2004ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ സിപിഎം നിര്‍ണായക ശക്തിയായിരുന്നു. 43 സീറ്റുകളാണ് അന്ന് സിപിഎം നേടിയത്. ബംഗാളിലെ 26, കേരളത്തിലെ 12, തമിഴ്‌നാട്ടിലെയും ത്രിപുരയിലെയും രണ്ട് വീതം, ആന്ധ്രാപ്രദേശില്‍ ഒന്ന്. സിപിഎമ്മിന്റെ ലോക്സഭയിലെ സുവര്‍ണകാലമായിരുന്നു അത്.  വോട്ടുവിഹിതം 5.66 ശതമാനം.

ഒന്നാം യുപിഎ ഭരണത്തിൽ നിർണായക സ്വാധീനം ചെലുത്തിയ ആ കാലത്തിനു ശേഷം 2009ൽ സീറ്റുകൾ 16 ആയി കുറഞ്ഞു. ബംഗാളില്‍ 9ഉം കേരളത്തില്‍ 4ഉം ത്രിപുരയില്‍ 2ഉം തമിഴ്‌നാട്ടില്‍ ഒരു സീറ്റും നേടി. എന്നാല്‍ 5.33 ശതമാനം ആളുകളുടെ പിന്തുണ നേടിയ സിപിഎമ്മിന്റെ വോട്ട് ഷെയറിൽ കാര്യമായ ഇടിവ് സംഭവിച്ചില്ല.

2014 എത്തിയപ്പോള്‍ കണക്ക് മാറി. രാജ്യത്താകെ സിപിഎമ്മിന്  ജയിക്കാനായത് 9 സീറ്റുകൾ മാത്രം. വോട്ട് 3.25 ശതമാനമായി. 2019നെ പറ്റി സിപിഎം ഓർക്കാൻ പോലും ആഗ്രഹിക്കുന്നുണ്ടാകില്ല. ആകെ ജയിച്ചത് മൂന്ന് സ്ഥാനാര്‍ഥികൾ. തമിഴ്നാട്ടില്‍ ഡിഎംകെ കോൺഗ്രസ് പിന്തുണയിൽ രണ്ട് പേര്‍ വിജയിച്ചപ്പോള്‍ ഭരണവും സ്വാധീനവും ഉള്ള കേരളത്തിന്റെ സംഭാവന ഒരു സീറ്റ് മാത്രം. ബംഗാളിലും ത്രിപുരയിലും നിന്ന് ലോക്‌സഭയിലേക്ക് സിപിഎം പ്രതിനിധികളില്ലാതായി. വോട്ടുവിഹിതം 1.75 ശതമാനത്തിലേക്ക് താഴ്ന്നു.

2004ല്‍ ലോക്‌സഭയില്‍ 43 സീറ്റുണ്ടായിരുന്ന സിപിഎം 2019ല്‍ വെറും മൂന്ന് സീറ്റിലേക്ക് ചുരുങ്ങി. ഇത്തവണ ശക്തമായി തിരിച്ചുവരാന്‍ സിപിഎമ്മിന് കഴിഞ്ഞില്ലെങ്കില്‍, അത് രാജ്യത്തെ മതേതര ചേരിക്ക് തന്നെ ആഘാതമാകും എന്നുറപ്പ്. എകെ ബാലന്‍ പറഞ്ഞ ഈനാംപേച്ചി പ്രയോഗം പോലെ അത്ര തമാശയല്ല അത്.  2024 കോണ്‍ഗ്രസിനും സിപിഎമ്മിനും ഇന്ത്യാ സഖ്യത്തിനും മാത്രമല്ല, ഇന്ത്യാരാജ്യത്തിന് തന്നെ നിര്‍ണായകമാണ്, പലതുകൊണ്ടും.  

MORE IN KERALA
SHOW MORE