മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍റെ മര്‍ദനം; അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി

gunman
SHARE

നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച ആലപ്പുഴയിലെ യൂത്ത്കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ അംഗരക്ഷകർ വളഞ്ഞിട്ട്  മർദിച്ചതിന്റെ കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. പരുക്കേറ്റവർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപിച്ചത്. കോടതി നിര്‍ദേശപ്രകാരം കേസ്  റജിസ്റ്റർ ചെയ്തത് അല്ലാതെ അംഗരക്ഷകരെ ചോദ്യം ചെയ്യാൻ പോലും പൊലീസ് ഇതുവരെ തയാറായിട്ടില്ല.  

കഴിഞ്ഞഡിസംബർ പതിനഞ്ചിനാണ് ആലപ്പുഴയിൽ നവകേരള ബസ് കടന്നുപോകുമ്പോൾ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാറും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് വളഞ്ഞിട്ട് അടിച്ചത്. പ്രതിഷേധിച്ച നേതാക്കളെ പൊലീസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലാക്കിയ ശേഷമായിരുന്നു അതിക്രമം. മുഖ്യമന്ത്രി സഞ്ചരിച്ച ബസ് കടന്നുപോകുമ്പോൾ മുദ്രാവാക്യം വിളിച്ച KSU ജില്ലാ പ്രസിഡൻ്റ് എ.ഡി.തോമസിനും യൂത്ത്കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജ്യുവൽ കുര്യക്കോസിനുമാണ് തലയ്ക്ക് ഉൾപ്പടെ അടിയേറ്റത്. ജില്ലാ പൊലീസ് മേധാവിക്ക് അടക്കം പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. ഗൺമാൻ അടിച്ചത് താൻ കണ്ടില്ലെന്നും അറിഞ്ഞില്ലെന്നും പറഞ്ഞ് മുഖ്യമന്ത്രിയും കൈയൊഴിഞ്ഞു. 

മർദനമേറ്റവർ ‌കോടതിയെ സമീപിച്ചതോടെയാണ് ഡിസംബര്‍ 23 ന് പൊലിസ് കേസ് റജിസ്റ്റർ ചെയ്തത്. ഗൺമാൻ അനിൽകുമാർ ഒന്നാം പ്രതിയും സുരക്ഷാ ഉദ്യോഗസ്ഥൻ എസ്.സന്ദീപ് രണ്ടാം പ്രതിയുമാണ്. കണ്ടാലറിയാവുന്ന ഉദ്യോഗസ്ഥരും പ്രതികളായുണ്ട്.. ചോദ്യം ചെയ്യലിന് ഹാജരാകൻ ആലപ്പുഴ സൗത്ത് പോലീസ് പ്രതികൾക്ക് നേരിട്ട് നോട്ടീസ് നൽകിയെങ്കിലും പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടവർ ഹാജരായില്ല. ഗൺമാൻ അനിൽ കുമാർ മാർച്ച് രണ്ടിന് മുഖ്യമന്ത്രിക്കൊപ്പം ആലപ്പുഴയിൽ എത്തിയിരുന്നു. അന്വേഷണ ഏജൻസിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മർദനമേറ്റവർ പരാതി നൽകി. അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി കഴിഞ്ഞ ദിവസമാണ് ഉത്തരവിറങ്ങിയത്. ഡിവൈഎസ്പിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ . അംഗരക്ഷകരെ പിന്തുണയ്ക്കുന്ന നിലപാടാണ് ആദ്യം മുതൽ മുഖ്യമന്ത്രിയും ചില മന്ത്രിമാരും സ്വീകരിച്ചത്. തിരഞ്ഞെടുപ്പിൽ ഈ വിഷയം കോൺഗ്രസ് ഉയർത്താനിരിക്കെയാണ് അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏൽപിച്ചത്. 

Investigation handed over to the district crime branch

MORE IN KERALA
SHOW MORE