'സ്പീക്കറേ, വോട്ട് എനിക്ക് ചെയ്യണം'; സ്പീക്കറെ കണ്ട് വോട്ട് ചോദിച്ച് ഷാഫി പറമ്പില്‍

സ്പീക്കര്‍ എ.എന്‍. ഷംസീറിനെ നേരില്‍ കണ്ട് വോട്ട് ചോദിച്ച് വടകര യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍. വടകര ലോക്സഭാ മണ്ഡലത്തിന്‍റെ ഭാഗമാണ് ഷംസീറിന്‍റെ നാടായ തലശേരിയും. ഷാഫി പറമ്പില്‍ അടുത്ത തവണ തോല്‍ക്കുമെന്ന സ്പീക്കറുടെ നിയമസഭയിലെ പ്രസ്താവന മുമ്പ് വിവാദമായിരുന്നു.  

കഴിഞ്ഞ വര്‍ഷത്തെ ഈ പ്രതികരണം അനുചിതമായിപ്പോയെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ അന്ന് തന്നെ പ്രസ്താവന പിന്‍വലിച്ചിരുന്നു. ഷംസീര്‍ അന്ന് ഉദ്ദേശിച്ചത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ആണെങ്കിലും തൊട്ടടുത്ത വര്‍ഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തന്നെ ഷാഫി സ്ഥാനാര്‍ഥിയായി എത്തി. അതും ഷംസീറിന്‍റെ തലശേരി ഉള്‍പ്പെടുന്ന വടകരയില്‍ തന്നെ. തലശേരി മാര്‍ക്കറ്റില്‍ പ്രചാരണം നടത്തുമ്പോഴാണ് സ്പീക്കര്‍ സ്ഥലത്തുള്ള കാര്യം ഷാഫി അറിഞ്ഞത്. പിന്നെ നേരെ ചെന്നു. നഗരസഭാധ്യക്ഷ കെ.എം. ജമുനാറാണിയുടെ ചേംബറിലായിരുന്നു എ.എന്‍. ഷംസീര്‍. സ്പീക്കറോടും നഗരസഭാധ്യക്ഷയോടും വോട്ടുചോദിച്ചു. അല്‍പ്പനേരം രസം പറഞ്ഞിരുന്നു. 

പ്രചാരണം എങ്ങനെയുണ്ടെന്ന ഷംസീറിന്‍റെ ചോദ്യത്തിന് റംസാന്‍ കാലത്ത് കനത്ത ചൂടിലെ പ്രചാരണം ഏറെ വലയ്ക്കുന്നുവെന്നായിരുന്നു ഷാഫിയുടെ മറുപടി. 

Enter AMP Embedded Script