രാഘവേട്ടന് തടയിടാനാകുമോ? കോഴിക്കോട് ആര് നേടും

koxhikode
SHARE

കോഴിക്കോട്, കലയും സാഹിത്യവും സംസ്കാരവും നിറഞ്ഞുനില്‍ക്കുന്ന  കേരളത്തിന്‍റെ പൗരാണിക നഗരം. അച്യുതന്‍ ദാമോദരന്‍ മേനോന്‍, സി.എച്ച്.മുഹമ്മദ് കോയ, ഇമ്പിച്ചിബാവ, കെ.മുരളീധരന്‍, എം.കെ. രാഘവന്‍ തുടങ്ങിയ അതികായര്‍ വിജയിച്ചുകയറിയ മണ്ഡലം. 

 2024 ലോക്​സഭ തിരഞ്ഞെടുപ്പില്‍ രണ്ട് എംപിമാര്‍ ഏറ്റുമുട്ടുന്ന മണ്ഡലമാണ് കോഴിക്കോട്. സിറ്റിങ് എംപിയായ എം.കെ.രാഘവനെ നേരിടുന്നത് രാജ്യസഭ എംപിയായ എളമരം കരീം. ബിജെപിക്കായി എം.ടി.രമേശും കളത്തിലിറങ്ങുന്നു. പ്രധാനമൂന്ന് മുന്നണികളിലെയും കരുത്തര്‍ മത്സരിക്കുന്ന മണ്ഡലം. കഴിഞ്ഞ മൂന്ന് ലോക്​സഭ തിരഞ്ഞെടുപ്പിലും ഹാട്രിക് അടിച്ച്, നാലാം അംഗത്തിനിറങ്ങുന്ന എം.കെ.രാഘവന്‍ തന്നെയാണ് മറ്റു മുന്നണികള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇത്തവണ ആര്‍ക്കൊപ്പം നില്‍ക്കും കോഴിക്കോട്. 

മണ്ഡല ചിത്രം

ബാലുശ്ശേരി, എലന്തൂര്‍, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂര്‍, കുന്നമംഗലം, കൊടുവള്ളി എന്നീ നിയോജക മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് കോഴിക്കോട് ലോക്​സഭ മണ്ഡലം. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് ആധിപത്യമുള്ള ജില്ലയായി കഴിഞ്ഞു കോഴിക്കോട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ലോക്​സഭ മണ്ഡലത്തിലെ ഏഴില്‍ ആറു നിയോജക മണ്ഡലങ്ങളും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. യുഡിഎഫിനായി മുസ്ലിം ലീഗി സ്ഥാനാര്‍ഥി എം.കെ.മുനീര്‍ വിജയിച്ചത് കൊടുവള്ളിയില്‍ മാത്രം. എന്നാല്‍ ലോക്​സഭാ തിരഞ്ഞെടുപ്പ് ചരിത്രം നോക്കിയാല്‍ ചിത്രം മാറും.  സിപിഎം സ്ഥാനാര്‍ഥി വിജയിച്ചത് ഒരു തവണ മാത്രം. 1980ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ജയിച്ച ഇമ്പിച്ചി ബാവക്ക് ശേഷം ഒരു സിപിഎം സ്ഥാനാര്‍ഥിയും കോഴിക്കോട് നിന്നും വിജയിച്ചിട്ടില്ല. 1952 മുതല്‍ 2019 വരെ നടന്ന 17 തിരഞ്ഞെടുപ്പില്‍ പത്ത് തവണയും വിജയിച്ചത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. രണ്ട് തവണ ഹാട്രിക് വിജയവും നേടി. അതില്‍ രണ്ടാമത്തെ ഹാട്രിക് എം.കെ.രാഘവന് സ്വന്തം. പതിനഞ്ച് വര്‍ഷങ്ങളായി എം.കെ.രാഘവന്‍ കയ്യടക്കി വച്ചിരിക്കുന്ന കോഴിക്കോടിനെ സിപിഎമ്മിന്‍റെ ജനകീയനായ എ.പ്രദീപ്കുമാറും മുതിര്‍ന്ന നേതാവ് എ.വിജയരാഘവനും യുവനേതാവായ മുഹമ്മദ് റിയാസും വിചാരിച്ചിട്ട് പിടിച്ചെടുക്കാനായിട്ടില്ല. 

2019 ലോക്​സഭ തിരഞ്ഞെടുപ്പ്

2019ല്‍ വോട്ടര്‍മാരുടെ എണ്ണം 13,18,024 ആയിരുന്നു

അതില്‍ 10,76,193  പേര്‍ അതായത് 81.65 ശതമാനം വോട്ട് ചെയ്തു

85,225 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് രാഘവന്‍ വിജയിച്ചത്. നേടിയത് 4,93,444 വോട്ടുകള്‍.  രണ്ടാമതെത്തിയ സിപിഎം സ്ഥാനാര്‍ഥി എ.പ്രദീപ്​കുമാറിന് ലഭിച്ചത് 4,08,219 വോട്ട്. മൂന്നാം സ്ഥാനത്ത് എത്തിയ ബിജെപി സ്ഥാനാര്‍ഥി അഡ്വക്കേറ്റ് പ്രകാശ് ബാബു നേടിയത് 1,61,216 വോട്ടുകള്‍. ആകെ പോള്‍ ചെയ്​ത വോട്ടുകളില്‍ 45 ശതമാനവും രാഘവന്‍ നേടി. പ്രദീപ്കുമാര്‍ 37 ശതമാനം വോട്ടുകളും പ്രകാശ് ബാബു 15 ശതമാനം വോട്ടും നേടി. എല്‍ഡിഎഫ് അടക്കി ഭരിക്കുന്ന ആറ് നിയോജന മണ്ഡലങ്ങള്‍ ഉള്‍പ്പെടെ ഏഴിടത്തും രാഘവന്‍റെ സമ്പൂര്‍ണ ആധിപത്യം. ഏഴിടത്തും എല്‍ഡിഎഫ് രണ്ടാമതും എന്‍ഡിഎയും മൂന്നാമതുമായി. 

2024 ലോക്​സഭ തിരഞ്ഞെടുപ്പ്– ചിത്രം തെളിയുമ്പോള്‍

2009ല്‍ കണ്ണൂരില്‍ നിന്നും ആദ്യമായി കോഴിക്കോട് മല്‍സരിക്കാനെത്തിയ രാഘവന് അന്ന് ലഭിച്ചത് വെറും 838 വോട്ടിന്‍റെ ഭൂരിപക്ഷം മാത്രമായിരുന്നു. ആകെ ലഭിച്ചത് 3,42,309 വോട്ടും.  2014ല്‍ 50,000 ലധികം വോട്ടുകള്‍ വര്‍ധിച്ച് 3,97,615 ആയി. ഭൂരിപക്ഷമാകട്ടെ 16,000ലധികവും. 2019ല്‍ ഒരു ലക്ഷം വോട്ടിന്‍റെ വര്‍ധനയാണ് എം.കെ.രാഘവനുണ്ടായത്. ഒരോ തിരഞ്ഞെടുപ്പിലും ലഭിക്കുന്ന വോട്ടില്‍ വന്‍​വര്‍ധന. രാഘവനില്‍ നിന്നും മണ്ഡലം തിരികെ പിടിക്കുക എന്ന ഉദേശത്തോടുകൂടിയാണ് മുതിര്‍ന്ന നേതാവായ എളമരം കരീമിനെ തന്നെ എല്‍ഡിഎഫ് കളത്തിലിറക്കിയിരിക്കുന്നത്. രാഘവേട്ടന് ബദലായി കരീംക്ക ചുമരുകളിലും പോസ്​റ്ററുകളിലും നിറഞ്ഞിരിക്കുന്നു. മണ്ഡലത്തിലെ പരിചയവും രാജ്യസഭയിലെ പ്രകടനവും കരീമിന് അനുകൂല ഘടകമാകുമെന്ന് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നു. കരീമിനെ പോലെ ബിജെപി സ്ഥാനാര്‍ഥിയും കോഴിക്കോടുകാരനുമായ എം.ടി.രമേശിനുമുണ്ട് മണ്ഡല പരിചയം. 2004ല്‍ ബിജെപിക്കായി മല്‍സരിച്ചിട്ടുമുണ്ട്. എല്‍ഡിഎഫ് ആധിപത്യമുള്ള മണ്ഡലങ്ങളില്‍ പോലും ലീഗിന്‍റെ സ്വാധീനം നിര്‍ണായകമാവും.

Kozhikode loksabha election 2024

MORE IN KERALA
SHOW MORE